go

വന്നല്ലോ, വസന്തോത്സവം...

trivandrum-flowers
SHARE

തിരുവനന്തപുരം ∙ തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ചു കനകക്കുന്നിൽ ഇന്നു വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവം ഉദ്ഘാടനം ചെയ്യും.  20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളും കനകക്കുന്നിൽ എത്തിക്കഴിഞ്ഞു. ഓർക്കിഡ്, ബോൺസായി, ആന്തൂറിയം ഇനങ്ങളുടെ  പവലിയൻ, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക് ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ച,  മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദർശനം, ടെറേറിയം, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബട്ടർഫ്‌ളൈ പാർക്ക് തുടങ്ങിയവ ഇത്തവണത്തെ  പ്രത്യേകതകളാകുമെന്നും മന്ത്രി പറഞ്ഞു. 

സ്റ്റാളുകൾ

വിഎസ്എസ് സി,  മ്യൂസിയം - മൃഗശാല, സെക്രട്ടേറിയറ്റ്,    വന ഗവേഷണ കേന്ദ്രം, നിയമസഭാ മന്ദിരം, കേരള കാർഷിക സർവകലാശാല, ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർവകലാശാല ബോട്ടണി വിഭാഗം, കിർത്താഡ്‌സ്, അഗ്രി - ഹോർട്ടി സൊസൈറ്റി എന്നിങ്ങനെ പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം വ്യക്തികളും നഴ്‌സറികളും സ്റ്റാളുകൾ ഒരുക്കും.

ഹരിതചട്ടം പാലിച്ചാണു നടത്തുന്നത്. സ്‌പോൺസർഷിപ്പ്, സ്റ്റാളുകൾ, ടിക്കറ്റ് എന്നിവ വഴിയാണു പണം കണ്ടെത്തുന്നത്. ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ 10% മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നും മന്ത്രി പറഞ്ഞു. ക്രാഫ്റ്റ് വില്ലേജിന്റെ  സ്റ്റാളും ഉണ്ടായിരിക്കും.

ഭക്ഷ്യമേളയും

ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്. ജ്യൂസുകൾ, മധുര പലഹാരങ്ങൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, സൗത്ത് ഇന്ത്യൻ വിഭവങ്ങൾ, മലബാർ-കുട്ടനാടൻ വിഭവങ്ങൾ, കെടിഡിസി ഒരുക്കുന്ന രാമശേരി ഇഡലി മേള എന്നിങ്ങനെയുള്ള വിഭവങ്ങൾ സൂര്യകാന്തിയിലെ  ഭക്ഷ്യമേളയിലുണ്ടാകും.

ടിക്കറ്റ് നിരക്ക്  

പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും. അഞ്ചുവയസ്സിനു താഴെ സൗജന്യമാണ്. 12 വയസ് വരെ ഒരാൾക്ക് 20 രൂപയും, 12 വയസ്സിനു മുകളിലുള്ളവർക്ക് 50 രൂപയുമാണ് നിരക്ക്. പരമാവധി 50 പേർ അടങ്ങുന്ന സ്‌കൂൾ കുട്ടികളുടെ സംഘത്തിന് 500 രൂപ നൽകിയാൽ മതി.

സംസ്ഥാന സഹകരണ ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകൾ വഴി ടിക്കറ്റ് ലഭിക്കും.  കനകക്കുന്ന് പ്രധാന കവാടത്തിന് അടുത്തായി പത്തോളം ടിക്കറ്റ് കൗണ്ടറുകൾ ബാങ്കിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ പ്രവർത്തിക്കും. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് മേളയിലേക്കു പ്രവേശനം.

ശക്തമായ സുരക്ഷ

സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറ ഉൾപ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ കനകക്കുന്നിലും സൂര്യകാന്തിയിലും ഒരുക്കും.വസന്തോത്സവത്തിന്റെ ക്രമീകരണങ്ങൾ ഇന്നലെ വൈകിട്ട്  ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. 

മീഡിയ സെന്റർ 

കനകക്കുന്നിൽ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ  മീഡിയ സെന്റർ പ്രവർത്തനം തുടങ്ങി.  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ഉദ്ഘാടനം ചെയ്തു. വകുപ്പ് തുടങ്ങിയ ഫെയ്സ്ബുക്ക് പേജും മന്ത്രി ഉദ്ഘാടനം ചെയ്തു. വസന്തോത്സവം പുഷ്പമേള 2019 എന്ന പേജിൽനിന്ന് വിവരങ്ങൾ ലഭിക്കും.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama