go

ആറ്റുകാൽ ഉത്സവം; ഇന്നു മംഗളാരംഭം

trivandrum-attukal
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിക്കുന്ന ഭക്തർ
SHARE

തിരുവനന്തപുരം∙ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തിന് ഇന്നു മംഗളാരംഭം. ഇനിയുള്ള പത്തു നാളുകൾ ആറ്റുകാൽ ഉത്സവ ലഹരിയിൽ. 20 നാണ് ഒരാണ്ടിന്റെ വ്രതനിർഭരമായ കാത്തിരിപ്പിനു സാഫല്യമായി ഭഗവതിക്കു പൊങ്കാലയർപ്പിക്കൽ. 20 ന് വൈകിട്ട് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കു പുറത്തെഴുന്നള്ളുന്ന ദേവിയെ പിറ്റേന്ന് അകത്തെഴുന്നെള്ളിച്ചു കാപ്പഴിക്കുന്നതോടെ ഉത്സവത്തിനു സമാപനമാകും. ഒരുക്കങ്ങളെല്ലാം പൂർ‍ത്തിയായതായി ക്ഷേത്രട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ഇന്നു പുലർച്ചെ നാലരയ്ക്കു ദേവിയെ പള്ളിയുണർത്തുന്നതോടെയാണു ചടങ്ങുകൾക്കു തുടക്കം. രാത്രി 9.15 ന് അത്താഴ ശ്രീബലി കഴിഞ്ഞ ശേഷം 10.20 നാണ് കാപ്പുകെട്ടു ചടങ്ങ്. നെടിയവിളാകം കുടുംബക്കാർ എത്തിക്കുന്ന പുറുത്തി നാരും കാപ്പും ദേവീസ്തുതികളോടെ ക്ഷേത്ര അധികൃതർ ഏറ്റുവാങ്ങും. തുടർന്നു മേൽശാന്തി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഒരു കാപ്പ് മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ കയ്യിലും മറ്റൊന്നു ദേവിയുടെ ഉടവാളിലും കെട്ടുന്നതാണു കാപ്പുകെട്ട് ചടങ്ങ്.

ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ടിനും ഇന്നാണു തുടക്കമിടുക. ക്ഷേത്രത്തിലെ പ്രധാന നേർച്ചയായ കുത്തിയോട്ടത്തിനുള്ള വ്രതമെടുക്കൽ വ്യാഴാഴ്ച രാവിലെ 8.45 ന് തുടങ്ങും. ഇക്കുറി 815 ബാലൻമാരാണു കുത്തിയോട്ടത്തിനു റജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തിനു ശേഷം അടുപ്പുവെട്ട് ചടങ്ങിനുള്ള തയാറെടുപ്പുകൾ ആരംഭിക്കും. 10.15 നാണ് പൊങ്കാല.

2.15 ന് ഉച്ചപൂജയ്ക്കു ശേഷം നൈവേദ്യം. രാത്രി 7.30 ന് കുത്തിയോട്ടക്കാർക്കുള്ള ചൂരൽകുത്ത് ആരംഭിക്കും. ശേഷം താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയെ പുറത്തെഴുന്നളളിക്കും. പിറ്റേന്നു രാവിലെ എട്ടിനു ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.15 നാണു കാപ്പഴിക്കൽ ചടങ്ങ്. 12.15 ന് കുരുതി തർപ്പണത്തോടെ ഉത്സവത്തിനു സമാപനമാകും. സുരക്ഷാ ക്രമീകരണ ഭാഗമായി പൊലീസിന്റെ ആദ്യഘട്ട വിന്യാസം പൂർത്തിയായി. കോർപറേഷന്റെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചു.

സുരക്ഷ യ്ക്ക് 25 ബൈക്ക് സംഘം കോബ്ര പട്രോൾ

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്് ശക്തമായ സുരക്ഷയൊരുക്കാൻ ഇത്തവണ ‘കോബ്ര പട്രോൾ’ എന്ന പേരിൽ  25 ബൈക്ക്് പട്രോൾ സംഘവും. സത്രീകളുടെ സുരക്ഷയ്്ക്കായി പകലും രാത്രിയും  പ്രധാന റോഡുകളിലും ചെറിയ ഇടവഴികളിലും മറ്റും കോബ്ര പട്രോൾ സംഘമുണ്ടാകുമെന്ന് സിറ്റി പൊലീസ്് കമ്മിഷണർ എസ്. സുരേന്ദ്രൻ പറഞ്ഞു.

ആറ്റുകാൽ ക്ഷേത്രവും പരിസരവും സിസിടിവി ഉപയോഗിച്ചും ഡ്രോൺ ക്യാമറ കൊണ്ടും നിരീക്ഷിക്കും. 5000 പൊലീസുകാരെ നിയോഗിക്കും. മാലപൊട്ടിക്കൽ സംഘങ്ങളെ നിരീക്ഷിക്കാൻ ഷാഡോ പൊലീസിനെയും നിയോഗിക്കും. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ സ്റ്റേജ് കെട്ടുന്നതും ആർച്ച് സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അനുവദനീയമായ തോതിൽ കൂടുതൽ ഉച്ചത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കും.

സംഘടനകൾനടത്തുന്ന നിർബന്ധ പിരിവ്് വിലക്കി.  ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള  വഴിയോര കച്ചവടവും പാർക്കിങ്ങും  അനുവദിക്കില്ല. അന്നദാനവും കുടിവെള്ള വിതരണവും നടത്താൻ ആറ്റുകാൽ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് അനുമതി വാങ്ങണം. ഉൽസവ ദിവസങ്ങളിൽ ക്ഷേത്ര പരിസരത്തെ റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ച്് 1500 വൊളന്റിയർമാരുടെ സേവനം ലഭ്യമാക്കുമെന്നും കമ്മിഷണർ അറിയിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama