go

വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല; ആരോപണം അടിസ്ഥാനരഹിതം: മന്ത്രി ബാലൻ

SHARE

തിരുവനന്തപുരം∙ കിർത്താഡ്‌സിലെ നിയമനവുമായി ബന്ധപ്പെട്ടു യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉന്നയിച്ച ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രി എ.കെ. ബാലൻ. ഇപ്പോൾ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷണൻ 1993 ലാണ് കിർത്താഡ്‌സിൽ റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതനാകുന്നത്. ’95 ൽ ലക്ചറർ, റിസേർച്ച് ഓഫിസർ തസ്തികയിൽ കരാർപ്രകാരം നിയമിതനായി.

രണ്ടു നിയമനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. ചട്ടപ്രകാരം പ്രൊബേഷൻ ഡിക്ലയർ ചെയ്യുക മാത്രമാണ് ഇപ്പോൾ ചെയ്തത്. മണിഭൂഷണൻ അടക്കം നാലുപേരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് ഏഴുവർഷത്തെ താമസമുണ്ടായി. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഇതു ചെയ്തത്. നിയമവിരുദ്ധമായി ഒന്നുമില്ല.

1982 മുതൽ റിസർച്ച് ഓഫിസറായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വി.കെ. മോഹൻകുമാറിനു യുഡിഎഫ് സർക്കാർ ഡപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയ അതേ മാനദണ്ഡമാണു മണിഭൂഷണന്റെ കാര്യത്തിലും സ്വീകരിച്ചതെന്നു ബാലൻ പറഞ്ഞു. നിയമനം നടക്കുമ്പോൾ സ്‌പെഷൽ റൂൾ നിലവിലില്ലായിരുന്നു. ദീർഘകാല കരാറിൽ ജോലി ചെയ്തിരുന്ന മണിഭൂഷണൻ അടക്കം 10 പേരെ 2010 ൽ സ്ഥിരപ്പെടുത്തി.

2007 ൽ അംഗീകരിച്ച സ്‌പെഷൽ റൂളിലെ ചട്ടം 10 പ്രകാരമായിരുന്നു ഇത്. മണിഭൂഷണനു പ്രത്യേക സൗജന്യമൊന്നും നൽകിയിട്ടില്ല. ധന, നിയമ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷം മന്ത്രിസഭയാണ് ഇവരെ സ്ഥിരപ്പെടുത്തിയത്. 1993 മുതൽ സർവീസിലുള്ളയാളെ സ്ഥിരപ്പെടുത്തുന്നതിനു സുപ്രീം കോടതി വിധിപ്രകാരം നിയമതടസ്സമില്ല.

സ്ഥിരപ്പെടുത്തിയ ശേഷം കിർത്താഡ്‌സ് സർവീസിൽ തുടർന്ന മണിഭൂഷണനെ കഴിഞ്ഞ യുഡിഎഫ് സർക്കാർ പിന്നാക്കവിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡപ്യൂട്ടി ഡയറക്ടറാക്കി. 2010 ലെ സ്ഥിരപ്പെടുത്തലിൽ അപാകത ഉണ്ടായിരുന്നെങ്കിൽ ഈ നിയമനം നടക്കുമായിരുന്നോ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇതിൽ നിന്നു വ്യക്തമാണെന്നും ബാലൻ പറഞ്ഞു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama