go

പകരം ശാന്തിക്കാർ: പട്ടിക തയാറാക്കാൻ ദേവസ്വം ബോർഡ്

SHARE

തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിൽ പകരം ശാന്തിക്കാരായി എത്തുന്നവരിൽ സ്വഭാവദൂഷ്യം ഉള്ളവരുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത ശാന്തിമാരുടെ പാനൽ തയാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. പകരം ശാന്തിമാരെക്കുറിച്ച് ഒട്ടേറെ പരാതികളുള്ളതായി ദേവസ്വം കമ്മിഷണറാണ് കണ്ടെത്തിയത്.

പകരക്കാരായി നിയോഗിക്കപ്പെടുന്ന ശാന്തിമാർ ക്ഷേത്രങ്ങളുടെ പവിത്രതയും ആചാരങ്ങളും വേണ്ടവിധം കാത്തുസൂക്ഷിക്കുന്നില്ലെന്ന് പാനൽ തയാറാക്കാൻ നൽകിയ ഉത്തരവിൽ കമ്മിഷണർ എൻ. വാസു വെളിപ്പെടുത്തുന്നു. ശുദ്ധിയും വൃത്തിയും ആചാരാനുഷ്ഠാനങ്ങളും ശാന്തിമുറകളും പാലിക്കുന്ന ക്രിമിനൽ പശ്ചാത്തലമില്ലാത്ത ശാന്തിക്കാരുടെ പാനൽ തയാറാക്കാനാണ് നിർദേശം.

പകരക്കാരെ തിരഞ്ഞെടുക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം കൂടി ഭാവിയിൽ പരിഗണിക്കും. പകരക്കാരായി നിയോഗിക്കപ്പെടുന്ന ശാന്തിമാർ ജോലിയിൽ വീഴ്ച വരുത്തുകയോ ഗുരുതരമായ ക്രമക്കേടുകൾ നടത്തുകയോ ചെയ്താൽ ആരുടെ പകരക്കാരനായാണോ എത്തുന്നത് അയാൾ‍ക്കായിരിക്കും പൂർണ ഉത്തരവാദിത്തമെന്നും ഉത്തരവിൽ പറയുന്നു. ഇതു സംബന്ധിച്ച് ശാന്തിക്കാർ കക്ഷികളായി സബ് ഗ്രൂപ്പ് ഓഫിസറുമായി കരാറും ഒപ്പിടണം.

പെട്ടെന്നുള്ള വാലായ്മ, പുല, അസുഖങ്ങൾ എന്നിവ മൂലമാണ് പകരം ശാന്തിക്കാരെ ആവശ്യമായി വരുന്നത്. അതേസമയം, പകരക്കാരായി എത്താൻ കരാർ ഒപ്പിടണമെന്ന വ്യവസ്ഥയെ തുടർന്ന് പകരം ശാന്തിക്കാരായി വരാൻ പലരും വിസമ്മതം പ്രകടിപ്പിക്കുന്നുണ്ട്. സ്വഭാവദൂഷ്യം ആരോപിച്ചതിലും വ്യാപക പ്രതിഷേധമുണ്ട്. ശബരിമലയില്‍ ‍ശുദ്ധിക്രിയ ചെയ്തതിലും പതിനെട്ടാംപടിയിൽ പരികർമികൾ നാമജപം നടത്തിയതിലും ബോർഡ് പകപോക്കുകയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഒരു ശാന്തിക്കാരൻ മാത്രമുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും പകരം ശാന്തിയെ കിട്ടാതെ വന്നാൽ പൂജ മുടങ്ങാനിടയുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama