go

മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 പദ്ധതികളുടെ ഉദ്ഘാടനം നാളെ

Trivandrum-Medical-College
SHARE

തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ  10 പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ  11നു മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മെഡിക്കൽ കോളജ് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ആവിഷ്കരിച്ച 717 കോടി രൂപയുടെ മാസ്റ്റർ പ്ലാനിലെ പദ്ധതികൾ യാഥാർഥ്യമായി വരുന്നതായും ഇതിൽ ഇരുപത്തഞ്ചോളം പദ്ധതികളുടെ ഉദ്ഘാടനം ഉടൻ നടക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

പദ്ധതി വിശദാംശങ്ങൾ : 

1 ലിനാക് ബ്ലോക്ക് നിർമാണോദ്ഘാടനം 

trivandrum-linear-accelerator
ലീനിയർ ആക്‌സിലറേറ്റർ

കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടതും 25 കോടി രൂപയോളം വിലമതിക്കുന്നതുമായ ലീനിയർ ആക്‌സിലറേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്ന ബ്ലോക്ക്. ഒപി ബ്ലോക്കിനും പൊതുമരാമത്തിന്റെ കെട്ടിടത്തിനും ഇടയ്ക്കുള്ള സ്ഥലത്താണു കെട്ടിടം നിർമിക്കുക. അതിനൂതന ഉപകരണമായ ലീനിയർ ആക്‌സിലറേറ്ററിലൂടെ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കൂടാതെ സുഖപ്പെടുത്താം.

രോഗം ബാധിച്ച അവയവങ്ങൾക്കു മാത്രം റേഡിയേഷൻ നൽകാനും റേഡിയേഷന്റെ പാർശ്വഫലങ്ങൾ പരമാവധി കുറയ്ക്കാനും ഈ ഉപകരണത്തിനു സാധിക്കും. കാൻസർ പ്രതിരോധം, നിർണയം, ചികിത്സ എന്നിവ ലക്ഷ്യമിട്ട് നാഷനൽ സെന്റർ ഫോർ ഡിസീസ് ഇൻഫർമേറ്റീവ് ആൻഡ് റിസർച്ചിന്റെ നേതൃത്വത്തിൽ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്ന റജിസ്ട്രി സംവിധാനത്തിന്റെയും ഉദ്ഘാടനവും ഇതോടൊപ്പം നടത്തും.

2 ന്യൂറോ സർജറി ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്

trivandrum-neuro-microscope
ന്യൂറോ സർജറി ഓപ്പറേറ്റിങ് മൈക്രോ സ്കോപ്

അത്യാധുനിക ഉപകരണമാണിത്. ഇൻഫോസിസിസാണ് രണ്ടരക്കോടി രൂപ ചെലവിട്ട് ഈ ഉപകരണം മെഡിക്കൽ കോളജിന് വാങ്ങി നൽകിയത്. സെയ്‌സ് കമ്പനിയുടെ പെന്ററോ 900 മൈക്രോ സ്‌കോപ് ന്യൂറോ സർജറി വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. തലച്ചോറിലെ അന്യൂറിസം അഥവാ ധമനിവീക്കം കൃത്യമായി കണ്ടെത്താൻ ഇതിലൂടെ കഴിയും. മുഴകൾ ക്ലിപ് ചെയ്യുന്ന അവസരത്തിൽ രക്ത ധമനികളിലുണ്ടാകുന്ന തകരാർ കണ്ടെത്താനും സഹായിക്കും.

3  ത്രീഡി കളർ ഡോപ്ലർ എക്കോ മെഷീൻ

trivandrum-3-d-propper
ത്രി ഡി കളർ ഡോപ്ലർ എക്കോ മെഷീൻ

ഹൃദയ വാൽവിന്റ പ്രവർത്തനങ്ങൾ, പ്രവർത്തന ക്ഷമത, തകരാറുകൾ, ജന്മനായുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തുന്ന ഉപകരണം. വില 85 ലക്ഷം രൂപ . കാൻസർ രോഗികൾക്കു കീമോ തെറപ്പി നൽകുമ്പോൾ പാർശ്വഫലമായി ഹൃദയ മാംസ പേശികൾക്കുണ്ടാകുന്ന തകരാറുകൾ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു.

4 സമ്പൂർണ ഡിജിറ്റൽ എക്‌സ്‌റേ (2 സിആർ മെഷീൻ,  2  അൾട്രാസൗണ്ട് മെഷീൻ)

trivandrum-digital-xray
സമ്പൂർണ ഡിജിറ്റൽ എക്സ്റേ

40 ലക്ഷം രൂപ വിലയുള്ള രണ്ട്  ഉപകരണങ്ങൾ. നിലവിലുള്ള 5 കോടി രൂപ വിലയുള്ള 5 ഡിആർ എക്‌സ്‌റേ മെഷീനോടൊപ്പം ഇവ കൂടി പ്രവർത്തന സജ്ജമായതോടെയാണു  മെഡിക്കൽ കോളജ് പൂർണമായും ഡിജിറ്റൽ എക്‌സ്‌റേയിലേക്ക് മാറുന്നത്. 30 ലക്ഷം രൂപ വിലയുള്ള 2 അൾട്രാ സൗണ്ട് മെഷീനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച, അൾട്രാ സൗണ്ട് സ്‌കാനിങ്  ആവശ്യമുള്ള എല്ലാവർക്കും പ്രയോജനം ലഭിക്കും.

5 നവീകരിച്ച ഇരുപത്തിരണ്ടാം വാർഡ് 

trivandrum-ward-22
നവീകരിച്ച വാർഡ് 22

ഇഎൻടി മെഡിസിൻ വിഭാഗങ്ങളിലെ രോഗികളെ ചികിത്സിക്കുന്ന സ്ഥലമാണ് വാർഡ് 22. രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്ന തരത്തിലാണ് ഈ വാർഡ് നവീകരിച്ചിട്ടുള്ളത്. 60 കിടക്കകളുള്ള ഈ വാർഡിൽ 25 കിടക്കകൾ ഇഎൻടിക്കും 35 കിടക്കകൾ മെഡിസിൻ വിഭാഗത്തിനുമാണുള്ളത്.  പ്രത്യേക തീവ്ര പരിചരണ വിഭാഗവും  സജ്ജീകരിച്ചിട്ടുണ്ട്.

6 പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം

trivandrum-ambulance-counter
പ്രീ പെയ്ഡ് ആംബുലൻസ് കൗണ്ടർ

രോഗികൾക്കു ന്യായമായ തുകയ്ക്ക് ആംബുലൻസ് സൗകര്യം ലഭ്യമാക്കാൻ  നടപ്പാക്കുന്നതാണു പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം. മത്സരങ്ങളില്ലാതെ ആംബുലൻസുകൾക്ക്  ടേൺ അനുസരിച്ച് രോഗികളെ കയറ്റാനുള്ള അവസരം പുതിയ സംവിധാനത്തോടെ നിലവിൽ വരും.

ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ വിജയം കണ്ടതോടെയാണു വിപുലീകരിക്കുന്നത്. മെഡിക്കൽ കോളജിനു പുറമെ എസ്എടി, ശ്രീചിത്ര, ആർസിസി എന്നീ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണു പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം വിപുലീകരിച്ചത്.

7 ബയോഗ്യാസ് പ്ലാന്റ്

trivandrum-biogas-plant
ബയോഗ്യാസ് പ്ലാന്റ്

മാലിന്യ നിർമാർജനത്തിനായി 93 ലക്ഷം രൂപ ചെലവഴിച്ച് ക്യാംപസിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചു. പിഐപിഎംഎസ്, വിമൻസ് ഹോസ്റ്റൽ വളപ്പിലും എസ്എടി ആശുപത്രി പരിസരത്തും 600 കിലോഗ്രാമിന്റെ രണ്ടും ലേഡീസ് ഹോസ്റ്റൽ, മെൻസ് ഹോസ്റ്റൽ വളപ്പിൽ 200 കിലോഗ്രാമിന്റെ ഓരോന്നും സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്ക്, പുതിയ ഒപി ബ്ലോക്ക് എന്നിവിടങ്ങളിൽ 500 കിലോഗ്രാമിന്റെ ഓരോ ബയോഗ്യാസ് പ്ലാന്റുമാണ് സ്ഥാപിച്ചത്. 

8 രണ്ടാമത്തെ മെഡിസിൻ ഐസിയു 

trivandrum-medicine-icu
മെഡിസിൻ ഐസിയു

നിലവിലുള്ള മെഡിസിൻ തീവ്ര പരിചരണ വിഭാഗത്തിനു പുറമെ മറ്റൊരു എംഐസിയു കൂടി സജ്ജമാക്കുകയാണ്. നിലവിലുണ്ടായിരുന്ന കാർഡിയോളജി ഐസിയു. പുതിയ മൾട്ടി സ്‌പെഷ്യൽറ്റി ബ്ലോക്കിലേക്കു മാറ്റിയിരുന്നു. ഈ സ്ഥലത്താണ് 10 കിടക്കകളുള്ള രണ്ടാമത്തെ എംഐസിയു സജ്ജമാക്കുന്നത്.

9 പീഡിയാട്രിക് കാർഡിയോളജി സർജറി

pediatric-surgery-unit
പീഡിയാട്രിക് കാർഡിയോളജി സർജറി യൂണിറ്റ്

കുട്ടികളിൽ ഹൃദയ ശസ്ത്രക്രിയ നടത്തുക ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയിൽ 80 ലക്ഷം രൂപയുടെ ഹാർട്ട് ലങ് മെഷീൻ, വെന്റിലേറ്റർ, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം എത്തിക്കഴിഞ്ഞു. എസ്എടിയിൽ തിയറ്ററിന്റെ നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ രോഗികൾക്കു ചികിത്സ വൈകാതിരിക്കാൻ പീഡിയാട്രിക് കാർഡിയോളജി സർജറി താൽക്കാലികമായി മെഡിക്കൽ കോളജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലായിരിക്കും പ്രവർത്തിക്കുക.

10 പുതിയ വെബ് പോർട്ടൽ

trivandrum-web-portal
പുതിയ വെബ് പോർട്ടൽ

സംയോജിത അക്കാദമിക് മാനേജ്‌മെന്റ് സംവിധാനത്തോടു കൂടിയ പുതിയ വെബ് പോർട്ടലാണു നിലവിൽ വരിക. വിദ്യാർഥികളുടെ പ്രവേശന സമയത്തുതന്നെ വിവരങ്ങൾ ശേഖരിക്കാനും അതിലൂടെ അധ്യായന കാലത്തുടനീളം ഉപയോഗിക്കാവുന്ന ഇ-ഐഡന്റിറ്റി, വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ആശയ വിനിമയത്തിനു മെസേജ് ബോർഡ് സംവിധാനം, നേരിട്ടോ ഗ്രൂപ്പ് ആയോ സന്ദേശം അയയ്ക്കാനുള്ള സംവിധാനം, ന്യൂസ് പോർട്ടൽ എന്നിവ വെബ് പോർട്ടലിന്റെ പ്രത്യേകതയാണ്. അടുത്ത ഘട്ടത്തിൽ ഇ-ഹെൽത്തുമായി സഹകരിച്ച് തത്സമയ ഒപി ക്യൂ സ്റ്റാറ്റസ് സംവിധാനവും ഈ വെബ് പോർട്ടലിലൂടെ സാധ്യമാക്കും.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama