go

അമ്മേ മഹാമായേ.... ; പൊങ്കാല ഉത്സവത്തിന് ഇന്നു തുടക്കം

trivandrum-attukal-temple
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉൽസവത്തിനു മുന്നോടിയായി ക്ഷേത്രം ദീപാലങ്കാര പ്രഭയിൽ. ഇന്നലെ വൈകിട്ടത്തെ കാഴ്ച.
SHARE

പൊങ്കാല ഉത്സവത്തിനൊപ്പം 

മൂന്നു വേദികളിലായി നടത്തുന്ന കലാപരിപാടികളും ഇന്ന് ആരംഭിക്കും. പ്രധാന വേദിയിൽ ഇന്ന് വൈകിട്ട് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്ക്കാരം പാലിയം ഇന്ത്യ സ്ഥപകൻ ഡോ: എം.ആർ.രാജഗോപാലിന് സമ്മാനിക്കും. അംബ, അംബിക, അംബാലിക വേദികളിലായാണ് കലാപരിപാടികൾ നടത്തുക. ഇതിൽ അംബിക, അംബാലിക വേദികളിൽ കലാപരിപാടികൾ പുലർച്ചെ 5 ന് ആരംഭിക്കും. പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ സംഗീതക്കച്ചേരിയോടെയാണ് പ്രധാന വേദി ഉണരുക. 

trivandrum-attukal-pilgrim
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിക്കുന്ന ഭക്തർ

ആദ്യ ഘട്ടത്തിൽ 800 പൊലീസുകാർ

പകുതിയോളം വനിതാ പൊലീസ് ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ 800 പൊലീസുകാരെയാണു ക്ഷേത്രത്തിലും പരിസരത്തുമായി വിന്യസിക്കുക.  20 എസ്ഐമാരുടെ നേതൃത്വത്തിലാണു സുരക്ഷയും ഗതാഗത നിയന്ത്രണവും. ഇതിനു പുറമേ വനിത ഷാഡോ ടീം, ബൈക്ക് പട്രോളിങ് എന്നിവയുമുണ്ടാകും. ഇതരസംസ്ഥാന മോഷ്ടാക്കളെ കണ്ടെത്തുന്നതിനു പ്രത്യേക ടീമിനെ സജ്ജമാക്കി. ദേവീ ഓഡിറ്റോറിയത്തിനു മുൻപിൽ  പ്രത്യേക കൺട്രോൾ റൂം ഇന്നു  പ്രവർത്തനമാരംഭിക്കും. സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രന്റെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പ്രത്യേക യോഗം ഇന്നലെ കൂടി. 

ഗതാഗതം വൺവേ

തിരക്കു വർധിക്കുകയാണെങ്കിലും മണക്കാട്– ആറ്റുകാൽ, കിള്ളിപ്പാലം ബണ്ട് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം വൺ വേ ആക്കും. കിഴക്കേകോട്ട സ്റ്റാൻഡിൽ നിന്ന് സർവീസ് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ ആറ്റുകാലിൽ ഭക്തരെ ഇറക്കിയ ശേഷം ബണ്ടു റോഡു വഴി തിരികെ കിഴക്കേകോട്ടയ്ക്ക് സർവീസ് നടത്തുന്ന വിധത്തിലുള്ള ക്രമീകരണമാകും ഏർപ്പെടുത്തുക. 20ന് പൊങ്കാലയ്ക്ക് മുന്നോടിയായി രണ്ടാം ഘട്ട പൊലീസിന്റെ വിന്യാസമുണ്ടാകും. നാലായിരത്തോളം പേരെ 19,20 ദിവസങ്ങളിൽ ആറ്റുകാലിൽ വിന്യസിക്കും. 

trivandrum-attukal-devi

കർശനം ഗ്രീൻ പ്രോട്ടോക്കോൾ 

പൊങ്കാല ഉത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടപ്പാക്കുകയാണ് കോർപറേഷനും ശുചിത്വ മിഷനും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ. ബോധവൽക്കരണം നടത്തുന്നതിനായി ശുചിത്വ മിഷന്റെ പ്രചാരണ വാഹനം  മേയർ വി.കെ.പ്രശാന്ത്് ഫ്ലാഗ് ഓഫ് ചെയ്തു. പൊങ്കാല വരെ എാ ദിവസവും ഈ വാഹനം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കും. പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർ  സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ ഗ്ലാസുകളും കരുതണം.

അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്നവർ ഭക്തജനങ്ങൾ കൊണ്ടുവരുന്ന പാത്രങ്ങളിലേക്കു പകർന്നുനൽകണം. പ്ലാസ്റ്റിക്, നോൺ വോവൻ പോളിപ്രൊപ്പലിൻ ക്യാരിബാഗുകൾ, ഡിസ്പോസിബിൾ പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ, ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 31 വാർഡുകളിൽ നിരോധിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ മാലിന്യ നീക്കം ഏകദേശം പൂർത്തിയായി. ഇനി ഉണ്ടാകുന്ന മാലിന്യം അപ്പപ്പോൾ നീക്കം ചെയ്യുന്നതിനു ശുചീകരണ തൊഴിലാളികളെ നിയോഗിച്ചു. പൊങ്കാല കഴിഞ്ഞ ശേഷമുള്ള ശുചീകരണത്തിന് രണ്ടായിരത്തോളം പേരെ നിയോഗിക്കും.  

കെഎസ്ആർ‌ടിസി പ്രത്യേക സർവീസ്

ഇന്നു മുതൽ വിവിധ ഡിപ്പോകളിൽ നിന്ന് ആറ്റുകാലിലേക്ക് കെഎസ്ആർ‌ടിസി പ്രത്യേക സർവീസ് നടത്തും. സിറ്റി, പാപ്പനംകോട്, വികാസ് ഭവൻ, വെള്ളനാട്, പേരൂർക്കട യൂണിറ്റുകളിൽ നിന്നാകും പ്രത്യേക സർവീസ്. 

കിള്ളിയാർ ശുചീകരണം മുടങ്ങി

എല്ലാ വർഷവും പതിവായി നടത്തുന്ന കിള്ളിയാർ ശുചീകരണം ഇക്കുറി മുടങ്ങി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് ആറു ശുചീകരിക്കേണ്ടത്. ചാക്കു കെട്ടുകളിലാക്കി ജനം തള്ളിയ മാലിന്യം ആറിൽ മുഴുവനും വ്യാപിച്ചു കിടക്കുകയാണ്. ബണ്ട് റോഡിലെ അനധികൃത പാർക്കിങ് ആണ് മറ്റൊരു പ്രശ്നം. കണ്ടംചെയ്യാറായ വാഹനങ്ങൾ ബണ്ട് റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ച നിലയിലാണ്. ഇവ നീക്കം ചെയ്യാനും നടപടി സ്വീകരിച്ചിട്ടില്ല. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama