go

വിഴിഞ്ഞം – പാരിപ്പള്ളി 80 കിലോമീറ്റർ ഔട്ടർ റിങ് റോഡ്, 4 വരിപ്പാത, ചെലവ് 4800 കോടി

Road
SHARE

തിരുവനന്തപുരം∙ തലസ്ഥാനജില്ലയുടെ വികസനക്കുതിപ്പിനു വേഗം കൂട്ടാൻ വിഴിഞ്ഞം മുതൽ പാരിപ്പള്ളി വരെയുള്ള ഔട്ടർ റിങ് റോഡ് യാഥാർഥ്യമാകുന്നു. 4800 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന 80 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ അലൈൻമെന്റ് അന്തിമമായി തീരുമാനിക്കാൻ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിലെ ഉന്നതതലസംഘം അടുത്തയാഴ്ച എത്തും.  

അലൈൻമെന്റ് തീരുമാനിച്ചാൽ ആറുമാസത്തിനകം രൂപരേഖ തയാറാക്കും. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കി അടുത്ത വർഷം നിർമാണം തുടങ്ങാനാകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. 3 വർഷം കൊണ്ട് പൂർത്തിയാക്കും. ആദ്യം നാലുവരിപ്പാതയാണ് നിർമിക്കുക. പിന്നീട് ഇത് ആറുവരിയാക്കും.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നിർമാണം പൂർത്തിയാകുമ്പോഴുണ്ടാകുന്ന കണ്ടെയ്നർ നീക്കം കൂടി മുന്നിൽക്കണ്ടുകൊണ്ടാണു പദ്ധതിക്കു സംസ്ഥാന സർക്കാർ മുൻകയ്യെടുത്തത്. വിഴിഞ്ഞം ബൈപാസിൽ നിന്നു തുടങ്ങി വെങ്ങാനൂർ, അതിയന്നൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, വേങ്കോട്, തീക്കട, തെമ്പാമൂട്, പുളിമാത്ത്, നാവായിക്കുളം വഴിയാണ് പാത കടന്നുപോകുന്നത്. വേങ്കോടു നിന്ന് മംഗലപുരം ദേശീയപാതയിലേയ്ക്ക് ലിങ്ക് റോഡും പദ്ധതിയുടെ ഭാഗമായി നിർമിക്കും. കരകുളം, വെമ്പായം, പോത്തൻകോട്, ആണ്ടൂർക്കോണം വില്ലേജുകൾ വഴിയാണു ലിങ്ക് റോഡ് കടന്നുപോകുക. 

പദ്ധതിക്ക് കഴിഞ്ഞ മാസം കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. സ്ഥലമേറ്റെടുപ്പിനുള്ള പകുതി തുക മാത്രം സംസ്ഥാന സർക്കാർ മുടക്കിയാൽ മതി. ബാക്കി തുക മുഴുവൻ കേന്ദ്രം വഹിക്കും. കേന്ദ്രസർക്കാരിന്റെ ക്യാപിറ്റൽ റീജിയൻ ഡവലപ്മെന്റ് പദ്ധതിയുടെ രണ്ടാംഘട്ടമായ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറിന്റെ ഭാഗമായാണു പദ്ധതിക്ക് അനുമതി ലഭിച്ചത്. 

സ്ഥലമേറ്റെടുക്കുക 70 മീറ്ററിൽ

70 മീറ്റർ വീതിയിലാണ് ഔട്ടർ റിങ് റോഡിനായി സ്ഥലമേറ്റെടുക്കുക. . റോഡിന്റെ ഇരുവശങ്ങളിലും 10 മീറ്റർ വീതിയുള്ള സർവീസ് റോഡും നിർമിക്കും. പാതനിർമാണത്തിനായി 505 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. 2829 കോടി രൂപയാണു ഭൂമി ഏറ്റെടുക്കാൻ മാത്രമുള്ള ചെലവായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ 1414 കോടി രൂപ മാത്രമേ കേരളം നൽകേണ്ടതുള്ളൂ. അതും അടുത്ത മൂന്നുവർഷം കൊണ്ട് നൽകിയാൽ മതി. പ്രതിദിനം 65000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും. ദേശീയപാത അതോറിറ്റിക്കായിരിക്കും നിർമാണച്ചുമതല. 

വെല്ലുവിളി

സാമ്പത്തികമായി സംസ്ഥാന സർക്കാരിനു വലിയ ബാധ്യതയില്ലെങ്കിലും സ്ഥലമേറ്റെടുപ്പ് സങ്കീർണമാകും. പാത നിർമാണത്തിനു മാത്രമായി 435 ഹെക്ടർ സ്ഥലമാണു വേണ്ടിവരിക. ഹെക്ടറിന് 5.92 കോടി രൂപ നിരക്കിൽ 2578 കോടി രൂപയാണു സ്ഥലമേറ്റെടുപ്പിനുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. കൃഷിഭൂമിയാണു കൂടുതലും ഏറ്റെടുക്കേണ്ടിവരിക.

നിലവിലുള്ളതു പ്രാഥമിക രൂപരേഖയാണ്. സർവേ പൂർത്തിയാക്കി അലൈൻമെന്റ് അന്തിമമായി നിശ്ചയിച്ചുകഴിഞ്ഞാൽ മാത്രമേ എത്ര പേരിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നു കൃത്യമായി അറിയാനാകൂ. ടോൾ പാതയോടുള്ള ചില സംഘടനകളുടെ എതിർപ്പിനെയും സർക്കാരിനു മറികടക്കേണ്ടിവരും. 

റിങ് റോഡ് വന്ന വഴി 

വിഴിഞ്ഞത്തു നിന്ന് പാരിപ്പള്ളി വരെ ബൈപാസ് നിർമിക്കുകയെന്ന നിർദേശം സിആർഡിപി പദ്ധതിയുടെ ഭാഗമായി നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ഫണ്ട് ലഭിക്കാനുള്ള സാധ്യതയില്ലാത്തതിനാൽ ഇതു ചുവപ്പുനാടയിൽ കുടുങ്ങി. മരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ജി. കമല വർധന റാവുവാണ് ഈ പദ്ധതി പൊടി തട്ടിയെടുത്ത് കേന്ദ്രസർക്കാരിന്റെ സാമ്പത്തികസഹായം ലഭ്യമാക്കാനുള്ള സാധ്യത മന്ത്രി ജി. സുധാകരനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബോധ്യപ്പെടുത്തിയത്.

സംസ്ഥാന സർക്കാർ അംഗീകാരം നൽകിയതോടെ പദ്ധതി ഡൽഹിയിൽ റോഡ് ഉപരിതല ഗതാഗതമന്ത്രാലയത്തിലെത്തി. കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത യോഗത്തിലാണ് പാത നിർമാണത്തിന്റെ ചെലവ് പൂർണമായി വഹിക്കാൻ കേന്ദ്രസർക്കാർ സമ്മതംമൂളിയത്. കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിരന്തരം സമ്മർദം ചെലുത്തിയതിന്റെ ഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.  

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama