go

നിലംതൊടുന്നില്ല, പട്ടം ആകാശപാത...

trivandrum-walk-bridge
SHARE

തിരുവനന്തപുരം ∙ പട്ടം സെന്റ്മേരീസ് സ്കൂളിലെ  കുട്ടികൾ ആകാശപാതയ്ക്കായി ഇനിയും കാത്തിരിക്കണം.  വഴുതക്കാട് കോട്ടൺഹിൽ സ്കൂളിനു മുന്നിലെ ആകാശപാതയ്ക്കു പിന്നാലെ പട്ടത്തും ഇതു നിർമിക്കാനുളള ശ്രമങ്ങൾക്ക് വകുപ്പുകളുടെ ഏകോപനമില്ലായ്മ  തിരിച്ചടിയായി . 20 ദിവസം ലഭിച്ചാൽ തലസ്ഥാനത്തെ രണ്ടാമത്തെ ആകാശപാത  പൂർത്തിയാക്കി നൽകാമെന്നാണ് നിർമാതാക്കളായ സൺഇൻഫ്രാടെക് അറിയിച്ചിട്ടുള്ളത്. എന്നാൽ ആവശ്യമായ രേഖകൾ  നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് ആകാശപാത നിർമാണത്തിനായുള്ള അനുമതി നൽകുന്നില്ല. 

മാസങ്ങളായി നിർമാണം മുടങ്ങികിടക്കുകയാണ്. കോർപറേഷൻ അധികൃതർ ശ്രമിച്ചിട്ടും അനുമതി നൽകാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ല. 25 ലക്ഷം മുടക്കി സൺഇൻഫ്രാടെക്ക് ഇറക്കിയിട്ടിരിക്കുന്ന സാധനങ്ങൾ വെറുതേ കിടക്കുന്നു. രൂപരേഖയിൽ ചെറിയ മാറ്റം വന്നതോടെ ഉണ്ടായ തടസ്സമാണ് നിർമാണം  നിർത്തിവയ്ക്കാൻ കാരണം. തൂണുകൾ സ്ഥാപിക്കാനായി പട്ടം സെന്റ്മേരീസ് സ്കൂ‍ൾ അധികൃതർ അവരുടെ മതിലിന്റെ ഒരു ഭാഗം പൊളിച്ചു നൽകി. 

ഇതിന് എതിർവശത്തായുള്ള സ്വകാര്യസ്ഥാപനം നിർമാണത്തെ എതിർത്തില്ലെങ്കിലും അവരുടെ വസ്തുവിനു കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ലെന്നു നിർദേശിച്ചു.ഇതോടെ റോഡിലേക്ക് ഒരൽപ്പം മാറ്റി പില്ലറുകളും സ്ലാബുകളും സ്ഥാപിക്കേണ്ടി വന്നു.  ഇതിനു ശേഷവും പണി തുടർന്നുവെങ്കിലും പൊതുമരാമത്ത് , റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി  പുതിയ സ്കെച്ചും പ്ലാനും നൽകണമെന്ന് ആവശ്യപ്പെട്ടു. 

ഇതു പരിശോധിച്ച് അനുമതി നൽകിയതിനു ശേഷം മാത്രമേ തുടർനിർമാണം നടത്താൻ പാടുള്ളുവെന്നും അറിയിച്ചതിനെ തുടർന്നാണു പാത നിർമാണം നിലച്ചതെന്നു കമ്പനി അധികൃതർ പറഞ്ഞു. ഇതൊക്കെ നൽകിയിട്ടും അനുമതി മാത്രം നൽകുന്നില്ല. വ്യക്തമായ കാരണം പറയാതെ പൊതുമരാമത്ത് വകുപ്പ് ഒളിച്ചു കളിക്കുകയാണെന്നു ആരോപണം ഉയർന്നിട്ടുണ്ട്. 

കുട്ടികളെ ഓർത്തെങ്കിലും... 

തൂണുകൾ സ്ഥാപിക്കുന്നതിനും മറ്റുമായി കുഴിച്ച കുഴികളും സ്ലാബുകളുമൊക്കെ റോഡിന് വശങ്ങളിലും കിടപ്പുണ്ട്.സ്കൂളിലേക്ക് ദിവസവും ആയിരക്കണക്കിനു കുട്ടികളാണ് ഇതുവഴി വരുന്നത്. കമ്പികളിലും സ്ലാബിലുമൊക്കെ തട്ടി കുട്ടികൾക്കു നിസ്സാര പരുക്കേൽക്കുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. രക്ഷിതാക്കൾക്കുമുണ്ട് ആശങ്ക. 

വലിയ അപകടങ്ങൾ ഉണ്ടാകാതിരിക്കാനായി കുഴികളിൽ പലതും കമ്പനി അധികൃതർ താൽക്കാലികമായി മൂടിയിട്ടുണ്ട്. വലിയ ഗതാഗതക്കുരുക്കുള്ള ഇവിടെ കുട്ടികൾക്ക് എളുപ്പത്തിൽ സ്കൂളിലേക്ക് എത്താനാണ് ആകാശപാത നിർമിക്കാൻ തീരുമാനിച്ചത്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama