വെള്ളറട∙ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണമെന്നും, ഖനനമാഫിയയ്ക്കു നൽകിയ അനുമതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മലനിര സംരക്ഷണ സംയുക്ത സമരസമിതി ഗ്രാമപഞ്ചായത്ത് ഓഫിസ് പടിക്കൽ ത്രിദിന സൂചനാ സത്യഗ്രഹം ആരംഭിച്ചു. സിപിഎം ഏരിയാകമ്മിറ്റി അംഗം ടി.എൽ.രാജിൻെറ നേതൃത്വത്തിലാണ് സമരം.
പുരോഗമന കലാ–സാഹിത്യസംഘം ജില്ലാ സെക്രട്ടറി അശോകൻ ഉദ്ഘാടനം ചെയ്തു. ഗോപൻ, സന്തോഷ്, ജെ.ഗീത, വി.റസിലയ്യൻ, രാജേന്ദ്രപ്രസാദ്, ലൈജു, എസ്.എൻ.സുധീർ എന്നിവർ പ്രസംഗിച്ചു. കാർട്ടൂണിസ്റ്റ് ഹരീഷ് ചാരുത മലനിരവര പരിപാടി നടത്തി. എട്ടാംക്ലാസ് വിദ്യാർഥി ആദിത്യൻ സമാപന സന്ദേശം നൽകിയതിനെ തുടർന്ന് ആദ്യദിന സത്യഗ്രഹം അവസാനിച്ചു. മുപ്പതോളം സ്കൂൾ കുട്ടികളും പഠിപ്പു മുടക്കി സമരത്തിൽ പങ്കെടുത്തു. സത്യഗ്രഹം 13 വരെ തുടരും.