നെയ്യാറ്റിൻകര∙ ഈരാറ്റിൻപുറം ടൂറിസ്റ്റ് വില്ലേജ് യാഥാർഥ്യത്തോട് അടുക്കുന്നു. രണ്ട് ദശകത്തിലേറെയായി ഉയർന്ന ആവശ്യം എൽഡിഎഫ് സർക്കാരിന്റെ ആയിരം ദിന കർമ്മ പരിപാടിയിൽ ഉൾപെടുത്തി തുടങ്ങാൻ തീരുമാനമായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നടപ്പാക്കുന്നത്. നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തിനും മാറനല്ലൂർ പഞ്ചായത്തിനും അതിരൊട്ടുഴുകുന്ന നെയ്യാറിന്റെ തീരവും നദിക്കുള്ളിലെ ഒന്നര ഏക്കറോളം വിസ്തൃതിയുള്ള തുരുത്തിലുമായിട്ടാണ് ടൂറിസ്റ്റ് വില്ലേജ്.
അഞ്ചുകോടി രൂപയിലേറെ ചെലവ് വരുന്ന പദ്ധതിയുടെ ഉദ്ഘാടനം ഉടനെ ഉണ്ടാകുമെന്ന് കെ.ആൻസലൻ എംഎൽഎ അറിയിച്ചു. ഈരാറ്റിൻപുറം വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതോടൊപ്പം വലിയൊരു അവികസിത മേഖലയുടെ ഉയർത്തെഴുൽപിന് കൂടി സാധ്യത ഒരുങ്ങും. നഗരസഭയോട് കൂട്ടിച്ചേർത്ത പെരുമ്പഴുതൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഇളവനിക്കര വാർഡിലെ ഈരാറ്റിൻപുറം.
ഇപ്പോൾ നഗരസഭയുടെ ഭാഗമാണെങ്കിലും ഇനിയും വികസനം കടന്നു ചെല്ലാൻ അറച്ച് നിൽക്കുന്ന വനഭൂമിയുടെ പ്രതീതി ജനിപ്പിക്കുന്ന ഈരാറ്റിൻപുറത്തിന്റെ മാറ്റം ഈ വിധത്തിലെ സാധ്യമാകു. പുറം ലോകത്തിന് അറിയപ്പെടാതിരുന്ന ഈരാറ്റിൻപുറത്തിന്റെ വശ്യഭംഗിയെക്കുറിച്ച് പഠിച്ച് റിപോർട് നൽകിയത് നഗരസഭാ സെക്രട്ടറിയായിരുന്ന ബിനു ഫ്രാൻസിസായിരുന്നു.
അന്ന് മുതൽ നഗരസഭാ ബജറ്റിലെ പ്രധാന ഇനങ്ങളിൽ ഒന്നായി ഈറാറ്റിൻപുറം ടൂറിസ്റ്റ് വില്ലേജ്. പക്ഷെ നഗരസഭക്ക് സ്വന്തം നിലയിൽ ഒന്നും ചെയ്യാനായില്ല. എങ്കിലും ബജറ്റുകളിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു. ടൂറിസ്റ്റ് വില്ലേജ് യാഥാർഥ്യമാകുന്നതോടെ ചുറ്റുമുള്ള വലിയൊരു പ്രദേശത്തിന്റെയും നെയ്യാറ്റിൻകര പട്ടണത്തിന്റെയും വളർച്ചക്കും വികസനത്തിനും നിർണായക സ്വാധീനം ചെലുത്തും.
അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും കേട്ടറിഞ്ഞവർ അവിടെ എത്തി സൗന്ദര്യം ആസ്വദിച്ച് മടങ്ങുന്നുണ്ട്. വേനൽക്കാലത്താണ് കൂടുതൽ പേർ എത്തുന്നത്. നീരൊഴുക്കിന് ഇടയിലെ പാറക്കെട്ടുകൾക്കിടയിലെ കുളിർമ പകരുന്ന നീർക്കുഴികളിൽ മുങ്ങി നിവാരനും മണിക്കൂറുകളോളം ആ സുഖം നുകരാനും.വേണ്ടി അകലങ്ങളിൽ നിന്ന് പോലും അനേകർ എത്തുന്നു.
അവകാശത്തർക്കം ഉണ്ടായിരുന്ന തുരുത്ത് നഗരസഭ വില നൽകി വാങ്ങിയതോടെ ടൂറിസ്റ്റ് വില്ലേജിനായുള്ള വഴി തുറന്നു .ഇപ്പോൾ ‘പന്ത്’ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കാലിലാണ്. സർക്കാർ ഫണ്ട് നൽകിക്കഴിഞ്ഞു എപ്പോൾ വേണമെങ്കിലും കിക് ഓഫ് ആകാം. നെയ്യാറ്റിൻകര നിന്നും കാട്ടാക്കട റോഡിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ച് പോങ്ങുംമൂട് ജംക്ഷനിൽ എത്തിയും, തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്നവർ പ്രാവച്ചമ്പലം കടന്ന് ഊരൂട്ടമ്പലത്തിലെത്തി പോങ്ങംമൂടിലേക്ക് കടന്നും ഈരാറ്റിൻപുറത്തെത്താം.