തിരുവനന്തപുരം ∙ വർഷങ്ങളായി ആറ്റുകാൽ പൊങ്കാല ഇട്ടുവരുന്ന പേട്ട തോപ്പിൽ റോഡിൽ ഇക്കുറി പൊങ്കാല ഇടാനാകുമോ എന്ന ആശങ്കയിലാണു ഭക്തജനങ്ങൾ. ആറുമാസമായി റോഡരികിലെ ഡ്രെയിനേജ് പൈപ്പിൽ നിന്നും മലിനജലം പൊട്ടിയൊലിക്കാൻ തുടങ്ങിയതോടെയാണു ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുന്നത്. വിദ്യാർഥികളടക്കം ആയിരക്കണക്കിനാളുകൾ ദിനംപ്രതി ഉപയോഗിക്കുന്ന റോഡാണിത്.
മലിനജലം പൊട്ടിയൊഴുകാൻ തുടങ്ങിയതോടെ കാൽനടയാത്രയും അസാധ്യമായി. പഴക്കമുള്ള, വ്യാസം കുറഞ്ഞ മൺ പൈപ്പ് ലൈനാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സമീപ പ്രദേശങ്ങളിലൊക്കെ പുതിയ പൈപ്പ് ഇട്ടെങ്കിലും ഇവിടെ മാത്രം മാറ്റിയിട്ടില്ല.പുതിയ പൈപ്പുകൾ പുനസ്ഥാപിക്കണെന്നു പരിസരവാസികൾ അവശ്യപ്പെട്ടെങ്കിലും അധികൃതർ അക്കാര്യം പരിഗണിച്ചിട്ടേയില്ല. ആറുമാസമായി മലിനജലം പൊട്ടിയൊലിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.
അടിയന്തര അറ്റകുറ്റപ്പണികൾക്കായി ജല അതോറിറ്റി അധികൃതരെ ബന്ധപ്പെട്ടാലും അവരാരും ഫോൺ എടുക്കുന്നില്ലെന്ന പരാതിയുമുണ്ട്. പൊങ്കാലയ്ക്കു മുൻപ് താൽക്കാലികമായെങ്കിലും മലിനജലം ഒഴുകുന്നതു തടയണമെന്നാണു പരിസരവാസികളുടെ ആവശ്യം. അതേ സമയം റോഡ് ഫണ്ട് റോഡിന്റെ അനുമതിയുമായി ബന്ധപ്പെട്ടാണ് അറ്റകുറ്റപ്പണികൾ വൈകുന്നതെന്നു എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഇതിനുളള നടപടിക്രമങ്ങൾ പുരോഗതിയിലാണ്. പൊങ്കാലയ്ക്കുമുമ്പായി താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.