go

തുമ്പായത് പ്രതികളിൽ ഒരാളുടെ വെളിപ്പെടുത്തൽ; വിദേശത്തേക്കു പറക്കാനിരിക്കെ ദാരുണാന്ത്യം

thiruvananthapuram news
അനന്തു ഗിരീഷിനെ തട്ടിക്കെ‍ാണ്ടു പോയി കെ‍ാലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രതികളെയുമായി പെ‍ാലീസ് കൈമനത്തെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിയപ്പോൾ തടിച്ചുകൂടിയ ജനം. ചിത്രം: മനോരമ.
SHARE


തിരുവനന്തപുരം∙ ഇപ്പോൾ അറസ്റ്റിലായ അഞ്ചു പ്രതികളിൽ ഒരാളിന്റെ വെളുപ്പെടുത്തലാണ്  കൊലപാതകകേസിൽ തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. പ്രതികളിലെ ഒരാൾ അച്ഛനോട് സംഭവത്തെ കുറിച്ച് പറഞ്ഞു. നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായ അച്ഛൻ അടുത്ത സുഹൃത്ത് വഴി പൊലീസിനെ വിവരമറിയിച്ചു. ഇതിനെ തുടർന്നു പൊലീസ് ചില സ്ഥലങ്ങളിൽ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ തെറ്റായ വിവരം നൽകിയതാണെന്നു പൊലീസ് കരുതി. എന്നാൽ കൃത്യമായ സ്ഥലം പറഞ്ഞു കൊടുത്തതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജോലിയ്ക്കായി വിദേശത്തേക്കു പറക്കാനിരിക്കെ ദാരുണാന്ത്യം

തിരുവനന്തപുരം∙ ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ കുടുംബത്തിന് കൈത്താങ്ങാകാൻ അനന്തു ജോലി തേടി വിദേശത്തേക്ക് പറന്നേനെ. വിദേശത്ത് ജോലി നോക്കുന്ന അടുത്ത ബന്ധുവിന്റെ സഹായത്താൽ അവിടെ ജോലി തരപ്പെടുത്തുന്നതിന് ബയോഡേറ്റ തയ്യാറാക്കുന്നതിന് കരമനയിൽ പോയി മടങ്ങും വഴിയാണ് ബൈക്കിലെത്തിയ സംഘം അനന്തുവിനെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. അനന്തുവിന്റെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കൊഞ്ചിറവിള പ്രദേശം.

ജംഗ്ഷനിൽ നിന്നു വീട്ടിലേക്കുള്ള ഇടവഴിയിൽ ചിരിക്കുന്ന മുഖത്തോടെയുള്ള അനന്തുവിന്റെ ചിത്രം പതിച്ചിട്ടുണ്ട്. അൽ‌പ ദൂരം അകലെയുള്ള അനന്തുവിന്റെ വീടിലുള്ളവർ കരഞ്ഞു കുഴഞ്ഞ അവസ്ഥയിലാണ്. ഓട്ടോഡ്രൈവറായ അച്ഛൻ ഗിരീശന്റെ വരുമാനത്തിലാണ് അനന്തുവിന്റെ കുടുംബം കഴിയുന്നത്. ഐടിഐയിൽ നിന്ന് പമ്പ് ഓപ്പറേറ്റർ കോഴ്സ് പാസായ അനന്തു വിദേശത്ത് ജോലി തേടി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതുവരെയുളള ഇടവേളയിൽ മിൽമയിൽ താൽക്കാലിക ജോലിക്ക് അപേക്ഷിക്കാനും കൂടി വേണ്ടിയാണ് ബയോഡേറ്റ തയ്യാറാക്കാൻ കരമനയിൽ പോയതെന്ന് ബന്ധുക്കൾ പറയുന്നു. പണി പൂർത്തിയാകാത്ത വീട് മോടി പിടിപ്പിക്കണം.

എട്ടാം ക്ളാസിൽ പഠിക്കുന്ന അനുജന് മികച്ച പഠന സൗകര്യമൊരുക്കണം– ഇതൊക്കെയായിരുന്നു അനന്തുവിന്റെ മോഹങ്ങൾ.  കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ഛൻ ഗിരീശൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്. ആശ്വസിപ്പിക്കാനെത്തുന്നവർ പറയുന്ന വാക്കുകൾ കാതുകളിലെത്തുന്നോയെന്ന് സംശയം. എല്ലാത്തിനും മൂളൽ മാത്രം മറുപടി. വീടിനകത്തെ സ്ഥിതി അതിനേക്കാൾ ഹൃദയ ഭേദകം.   തളർന്നു കിടക്കുകയാണ് അമ്മയും സഹോദരനും. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ തന്നെ അനന്തുവിന്റെ മൃതദേഹം സംസ്ക്കരിച്ചു. ഞായറാഴ്ച തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ മരണാനന്തര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പൊലീസിന്റെ വീഴ്ചയ്ക്കെതിരെ കുടുംബം

തട്ടിക്കൊണ്ടു പോയെന്ന് പരാതി ലഭിച്ചിട്ടും അനന്തുവിനെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ക്രിമിനൽ സംഘത്തിന്റെ കയ്യിൽ അനന്തു അകപ്പെട്ട ശേഷമുള്ള വിലപ്പെട്ട മണിക്കൂറുകൾ പൊലീസ് പാഴാക്കിയെന്നാണ് ആരോപണം. കരമനയിലെ ബേക്കറിക്കു സമീപത്തു നിന്ന് അനന്തുവിനെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുന്നത് സുഹൃത്തുക്കളിൽ ചിലർ കണ്ടിരുന്നു. ഇവർ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു.

എന്നാൽ പൊലീസ് പരാതി ഗൗരവത്തോടെ എടുത്തില്ല. കുട്ടികളുടെ പരാതിയെന്ന കണക്കിൽ എഴുതി തള്ളി. പിന്നേട് അസിസ്റ്റന്റ് കമ്മീഷണർ തലത്തിൽ ഇടപെടൽ നടത്തിയ ശേഷം വൈകിട്ടോടെയാണ് പൊലീസ് ഉണർന്നത്. അനന്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. അടുത്ത ദിവസം രാവിലെ അനന്തു കൊല ചെയ്യപ്പെട്ട സ്ഥലത്തിനു സമീപത്ത് ക്രിമനൽ സംഘത്തിന്റെ ബൈക്ക് കണ്ടെത്തിയതാണ് നിർണായകമായത്.

പൊലീസ് എത്തി പരിശോധന നടത്തുമ്പോഴേക്ക് അനന്തു മരണത്തിന് കീഴടങ്ങിയിരുന്നു. സ്റ്റേഷനി ലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥല പരിചയക്കുറവും അന്വേഷണത്തെ ബാധിച്ചതായി ബന്ധുക്കൾ പറ‍‍ഞ്ഞു. കരമനയ്ക്ക് സമീപത്ത് ഇങ്ങിനൊരു സ്ഥലം ഉള്ളതു പോലും പൊലീസിന് അറിയില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പന്നി വളർത്തൽ ഫാം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇപ്പോൾ ക്രിമനൽ സംഘത്തിന്റെ താവളമാണ്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama