go

യുവാവിനെ കൊലപ്പെടുത്തിയത് പീഡിപ്പിച്ച ശേഷം; 5 പേർ അറസ്റ്റിൽ

thiruvananthapuram news
അനന്തു ഗിരീഷിനെ കെ‍ാലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രതികൾ
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏറ്റവും ശക്തമായ പൊലീസ് സാന്നിധ്യമുള്ള തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതു 13 അംഗ സംഘം. അഞ്ചു പേർ അറസ്റ്റിലായെങ്കിലും മറ്റുള്ളവർ ഇപ്പോഴും പൊലീസിന്റെ വലയ്ക്കു പുറത്താണ്. നഗരഹൃദയത്തിൽ ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന ഒളിസങ്കേതത്തിൽ മൂന്നര മണിക്കൂർ മൃഗീയമായി മർദിച്ചും കൈകാൽ ഞരമ്പുകൾ മുറിച്ചും കരിക്കും തടിയും കൊണ്ടു തലയടിച്ചു തകർത്തുമാണു കരമന സ്വദേശി അനന്തു ഗിരീഷിനെ (21) കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട അനന്തു ഗിരീഷ്

തക്ക സമയത്തു പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ യുവാവിനെ കണ്ടെത്തി മരണം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന ആരോപണം ശക്തമാണ്. കൊലപാതകം ലഹരിസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഫലമാണെന്നാണു പൊലീസിന്റെ വിശദീകരണം. എന്നാൽ കൊല്ലപ്പെട്ട അനന്തു ഏതെങ്കിലും കേസിൽ പ്രതിയാണോ, അക്രമികളുമായി വ്യക്തിവിരോധമുണ്ടായിരുന്നോ എന്നതൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

കൈമനം സ്വദേശി കിരൺ കൃഷ്ണൻ (23), പൂജപ്പുര സ്വദേശി മുഹമ്മദ് റോഷൻ (23), തളിയിൽ സ്വദേശികളായ അഭിലാഷ് (29), അരുൺ ബാബു (22), റാം കാർത്തിക് (21) എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവർ കേരളം വിട്ടതായാണു സൂചന.ലഹരി ഉപയോഗിച്ച ശേഷമാണു സംഘം കൃത്യം നടത്തിയതെന്നതിനു തെളിവായി ചില വിഡിയോ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗിക്കാനും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി സംഘം സ്ഥിരം ഒത്തുകൂടാറുള്ള സ്ഥലത്താണ് അനന്തുവിന്റെ ജ‍ഡം കിടന്നിരുന്നത്.

ഇവിടെ ഇവർ ലഹരിയിൽ കൂത്താടി ഒരു സംഘാംഗത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. കൊഞ്ചിറവിള ക്ഷേത്രോൽസവത്തോടനുബന്ധിച്ചു രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് ആസൂത്രിത കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു. തർക്കമുണ്ടായതിനു പിറ്റേന്നു വൈകിട്ടാണു ബൈക്കുകളിലെത്തിയ എട്ടംഗ സംഘം അരശുമൂട്ടിലെ ബേക്കറിയിൽ നിന്നിരുന്ന അനന്തുവിനെ തട്ടിക്കൊണ്ടുപോയത്.

അന്നു രാത്രി തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പിറ്റേന്നു രാവിലെ സംഭവസ്ഥലത്തിനു സമീപം ദേശീയ പാതയോരത്തു അനന്തുവിന്റെ ബൈക്ക് സുഹൃത്തുക്കൾ കണ്ടെത്തിയതോടെയാണ് ഇവിടെ പൊലീസ് തിരച്ചിൽ നടത്തിയത്. ചാക്ക ഐടിഐ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട അനന്തു. കൊഞ്ചിറവിള ഓരിക്കാമ്പിൽ വീട്ടിൽ ഗിരീഷിന്റെയും മിനിയുടെയും മകനാണ്.

അനന്തുവും സുഹൃത്തുക്കളും കൊലപാതകം നടത്തിയവരും ലഹരിസംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.  അന്വേഷണത്തിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദീൻ അറിയിച്ചു. അനന്തു ഗിരീഷിന്റെ കൊലപാതകത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama