go

ലഹരിയിൽ കൂത്താട്ടം;വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിലും..

thiruvananthapuram news
കൊലപാതകത്തിനുമുൻപ് കാട്ടിനുള്ളിൽ പിറന്നാൾ ആഘോഷം നടത്തിയ കൊലയാളിസംഘത്തിലുള്ളവരുടെ ദൃശ്യങ്ങൾ. ആഘോഷത്തിനു തൊട്ടുപിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകലും കൊലപാതകവും
SHARE


തിരുവനന്തപുരം ∙ കരമന സ്വദേശിയായ അനന്തു ഗിരീഷിന്റെ അതിക്രൂരമായ കൊലപാതകം നടന്നതു കൊലയാളികളിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനു ശേഷം. ലഹരിയിൽ കൂത്താടി പിറന്നാൾ ആഘോഷിക്കുന്ന കൊലയാളി സംഘത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തു തന്നെയാണു പിറന്നാൾ ആഘോഷവും. ലഹരിയിൽ മുങ്ങിയ പിറന്നാൾ ആഘോഷത്തിനു ശേഷം അനന്തുവിനെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന.

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണിവ. കൊലയാളി സംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. ആളൊഴിഞ്ഞ തോട്ടത്തിൽ വൃക്ഷങ്ങൾക്കിടയിൽ എന്തു നടന്നാലും പുറത്താരും അറിയില്ല. ദേശീയ പാതയോരത്തായിട്ടും കൊലപാതകം ആരും അറിയാതിരുന്നതിന്റെ കാരണമിതാണ്.

ബൈക്കിൽ അനന്തുവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ

വിഡിയോ ദൃശ്യങ്ങളിൽ പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. ഈ യുവാവിനെ പൊലീസിനു പിടികിട്ടിയിട്ടുമില്ല. കാവി  മുണ്ടാണ് ഉടുത്തിരിക്കുന്നത്. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. തോട്ടത്തിനുള്ളിലെ തകർന്ന കെട്ടിടത്തിന്റെ ഭിത്തികൾക്കു മുകളിൽ കയറിയിരുന്നാണു മദ്യപാനവും മയക്കുമരുന്നുപയോഗവും. വിഡിയോയിൽ എട്ടോളം പേരെ കാണാം. ഹാപ്പി ബർത്ത്ഡേ ടു യൂ എന്ന ഗാനവും ഇതിനിടെ സംഘാംഗങ്ങളിലൊരാൾ പാടുന്നുണ്ട്.

കൃത്യമായ പദ്ധതി തയാറാക്കിയാണ് കരമനയിൽ അനന്തുഗീരീഷിനെ കൊലപ്പെടുത്തിയത്. ഇതിന് മുന്നോടിയായി കൊലപാതകം നടത്തിയ സ്ഥലത്ത് എട്ടംഗസംഘം ആഘോഷവും നടത്തി. ഇതിനു പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്നു പദ്ധതി തയ്യാറാക്കി.  വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഡാലോചനയുടെ ഭാഗമായി.ആഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ മദ്യവും മയക്ക് മരുന്നുമുണ്ടായിരുന്നു.

ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു  ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിന് വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടി നിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി സ്പാർക്ക് പ്ലഗിലേക്കുള്ള വയർ മുറിച്ചു കളഞ്ഞു.

അനന്തു ഗിരീഷിനെ തട്ടിക്കെ‍ാണ്ടു പോയി കെ‍ാലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രതികളെയുമായി പെ‍ാലീസ് കൈമനത്തെ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു. ചിത്രം: മനോരമ.

അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കി കൊണ്ടു പോയി. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പൊലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബല പ്രയോഗം നടത്തിയിരുന്നില്ല. കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം അനന്തുവിനെ കാട്ടിലെ ഒളി സംഘത്തിൽ കൊണ്ടു പോയി. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന ക്രൂരമായി മർദ്ദിച്ചു. വൈകീട്ട് ഏഴുമണിയോടെ മരണം ഉറപ്പിച്ച ശേഷമാണ് സംഘം പിരിഞ്ഞത്.

മാംസം അറുത്തെടുത്തു, തലയടിച്ചുപൊട്ടിച്ചു,ദൃശ്യങ്ങൾ മൊബൈലിലും..

അനന്തുഗിരീഷിന്റെ കൈകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തത‌് കൊലപാതക സംഘത്തിലെ വിഷ‌്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണ്  കത്തി ഉപയോഗിച്ച് മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌് മൊഴി നൽകി. വിഷ‌്ണു ഉൾപ്പെട്ട എട്ട‌ു പേരെയാണ‌് ഇനി  പിടികൂടാനുള്ളത‌്.ഇവർ സംസ്ഥാനം വിട്ടു കഴിഞ്ഞു. ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതിക്രൂര മർദനമാണ‌് അനന്തുവിന‌് ഏറ്റത‌്.

13 അംഗ സംഘം പന്നിക്കൂട്ടിലിട്ട‌് വളഞ്ഞിട്ട‌് മർദിച്ചു. കരിക്ക‌്, തടി എന്നിവ ഉപയോഗിച്ച‌് തലക്കടിച്ചു. കൈകളിലെ  ഞരമ്പ‌് ഉൾപ്പെടെയുള്ള ഭാഗം കത്തി കൊണ്ട‌് അറുത്തെടുത്തു. അനന്തു രക്തം വാർന്ന‌് പിടയുന്നത‌് കണ്ട‌് കൊലയാളികൾ രസിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌് സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama