go

വിജയത്തിൽ കുറഞ്ഞൊന്നും ഈ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നില്ല: കുമ്മനം

trivandrum-kummanam-rajashekaran-welcoming
വെള്ളയമ്പലം ആൽത്തറ ക്ഷേത്രത്തിനു സമീപം എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനെ താമരപ്പൂവ് നൽകി സ്വീകരിക്കുന്ന പ്രവർത്തകർ.
SHARE

കഴിക്കുന്നതിനു മുൻപ്, ആഹാരത്തിനു മുന്നിലിരുന്നു സന്യാസിമാരും ഗൃഹസ്ഥരുമൊക്കെ ഒരു മന്ത്രം ജപിക്കാറുണ്ട്. സമസ്തലോകത്തിനും ജീവജാലങ്ങൾക്കും സുഖം പകരണേ എന്ന ശാന്തിമന്ത്രം. കുമ്മനം രാജശേഖരൻ സന്യാസിയോ ഗൃഹസ്ഥനോ അല്ല, രാഷ്ട്രീയക്കാരനാണ്. എന്നിട്ടും ഭക്ഷണത്തിനു മുന്നിലിരുന്നു കണ്ണുകൾ പൂട്ടി ഒരു നിമിഷം നിശബ്ദമായി പ്രാർഥിച്ചു. ജഗതി ബണ്ടുറോഡ് കോളനിയിലെ വീട്ടിലാണു പ്രഭാതഭക്ഷണം. കുടുസുമുറിയിൽ നിലത്തുവിരിച്ച പായയിൽ ചമ്രം പടിഞ്ഞുള്ള ഇരിപ്പ്. 

ഇഡലിയും സാമ്പാറും വടയും സമൂസയും ഞാലിപ്പൂവൻ പഴവും . കൂടെ മധുരമില്ലാത്ത ചായ. ചമ്രം പടിഞ്ഞിരിക്കാൻ കുമ്മനത്തിനു ബുദ്ധിമുട്ടില്ല. വർഷങ്ങൾക്കു മുൻപേ തുടങ്ങിയ ശീലമാണ്. ഒപ്പം യോഗയും. ശീലവും യോഗയും സമാസമം ചേർന്നപ്പോൾ ആരോഗ്യ കാര്യത്തിൽ വിധിപ്രകാരം കുമ്മനത്തിനിപ്പോൾ  രാജയോഗമാണ്. നിലത്തിരിപ്പിനെപ്പറ്റി ചോദിച്ചു. ‘കഴിവതും നിലത്താണ് ഇരിക്കുന്നത്. പ്രചാരകനായിരുന്ന കാലംമുതൽ അങ്ങനെയാണ്. കല്യാണങ്ങൾക്കോ ചടങ്ങുകൾക്കോ ഒക്കെ പോകുമ്പോൾ പതിവു തെറ്റും.’

മിസോറാം ഗവർണറായപ്പോൾ കൂടെക്കൂടെ പതിവു തെറ്റി. ഗവർണർ നിലത്തിരുന്നു കഴിക്കുന്നതു ശരിയല്ലല്ലോ. അങ്ങനെ കുറക്കാലം രാജ്ഭവനിലെ ഡൈനിങ് ടേബിളിലിരുന്നായി കഴിപ്പ്. വിഭവങ്ങളിൽ അപ്പോഴും ആർഭാടമില്ല. അക്കാലത്തു കേരളത്തിൽ നിന്നും കുമ്മനത്തെ കാണാൻ മിസോറാമിൽ ചെന്നവർ പറഞ്ഞ കഥകളുണ്ട്. ‘അവിടെയും അദ്ദേഹത്തിനു കഞ്ഞിയും പയറുതോരനും പപ്പടവും തന്നെ’  

trivandrum-kummanam-rajashekaran-eating
ജഗതി ബണ്ടു റോഡ് കോളനിയിലെ വീട്ടിലെത്തിയ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന് പ്രഭാതഭക്ഷണം വിളമ്പിക്കെ‍ാടുക്കുന്ന വീട്ടമ്മ ഷിജി. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

കഴിക്കുന്നതിനു മുൻപുള്ള ഈ പ്രാർഥന എന്താണ്? 

‘മനസ്സിനകത്തു സാഹോദര്യത്തിന്റെ ഒരു പങ്കിടലാണ്. ഈ വീട്ടിൽ വന്നു നമ്മൾ ആഹാരം കഴിക്കുകയാണ്. ഈ ഭക്ഷണം അവരുടെ അധ്വാനഫലമാണ്. അതു പങ്കിടുന്ന അവർക്കു നന്മയുണ്ടാകണം. ഉപജീവനത്തിനായി അവർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ അഭിവൃദ്ധിപ്പെടണം. അത്തരം തൊഴിലിടങ്ങൾ‍ വഴി നാടു വളരണം. എല്ലാം ഒന്നിനൊന്നു ബന്ധപ്പെട്ടിരിക്കുകയാണ്.’ 

രാഷ്ട്രീയം പഠിച്ചതു സോഷ്യലിസ്റ്റിൽ നിന്ന് !

കോട്ടയം ജില്ലയിൽ ആർഎസ്എസ് സജീവമാകുമ്പോൾ കുമ്മനം നേതൃനിരയിലുണ്ട്. പന്ത്രണ്ടുകാരനും വിദ്യാർഥിയുമായ രാജശേഖരൻ മുഖ്യശിക്ഷകൻ. 70–ൽ മന്നത്തു പത്മനാഭൻ മരിച്ച ദിവസം കുമ്മനം നാട്ടിലൊരു പൊതുയോഗം സംഘടിപ്പിച്ചു. ‘കുമ്മനത്തേയ്ക്ക് അന്നു റോഡില്ല. മീനച്ചിലാറിന്റെ കൈവഴിയായ അഞ്ചുണ്ണിയാറിലൂടെ വള്ളത്തിൽ മൈക്കു വച്ചുകെട്ടി അനൗൺസ്മെന്റ് നടത്തി.’ യോഗത്തിന് ആളുകൂടി. അതോടെ നാട്ടുകാർക്കിടയിൽ നല്ല പേരായി.   

ആർഎസ്എസ് ആണെങ്കിലും രാഷ്ട്രീയം പഠിപ്പിച്ചത് അച്ഛന്റെ സുഹൃത്തായിരുന്ന സോഷ്യലിസ്റ്റ് പി.ബി.ആർ പിള്ളയായിരുന്നു. അദ്ദേഹം മൂന്നുതവണ ജനതാപാർട്ടി അംഗമായി നിയമസഭയിലെത്തി. 70–ൽ ഏറ്റുമാനൂരിൽ മത്സരിച്ചപ്പോൾ അദ്ദേഹം കുമ്മനത്തിന്റെ അച്ഛനും എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹിയുമായ വി.കെ. രാമകൃഷ്ണപിള്ളയെ കാണാനെത്തി. അന്ന് അച്ഛൻ സ്ഥാനാർഥിക്കു കൊടുത്ത വാഗ്ദാനം കേട്ടു കുമ്മനം തല കറങ്ങി വീണില്ലെന്നേയുള്ളൂ. 

‘പി.ബി.ആറിനെ സഹായിക്കാൻ രാജൻ വരും.’അച്ഛനെ ധിക്കരിച്ചില്ല, പി.ബി.ആറിന്റെ കൂടെ പോയി.  ആദ്യത്തെ തിരഞ്ഞെടുപ്പു കളരി. പിൽക്കാലത്തു പത്രപ്രവർത്തനം പഠിപ്പിക്കാൻ പിള്ള കുമ്മനത്തെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. എംഎൽഎ ഹോസ്റ്റലിൽ പാർപ്പ്. അന്നത്തെ ക്ലാസ് മേറ്റ് ലീലാ മേനോൻ പിന്നീടു ജന്മഭൂമിയുടെ എഡിറ്ററായി.

കായ്ച്ചു, മധുരം പകർന്നു.. 

ഇഡലിയെ വേദനിപ്പിക്കാതെയാണു സാമ്പാറൊഴിച്ച് ഉടയ്ക്കുന്നത്. അതിനിടെ വീട്ടിലെ  കുട്ടികളെ പരിചയപ്പെട്ടു. സംഗീതയും സിദ്ധാർഥും. യാത്രകളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സവിശേഷ സമ്മാനം കരുതാറുണ്ട് : പ്ലാവിൻ തൈകൾ!  സ്വയം പാകി മുളപ്പിച്ചെടുക്കുന്നതാണ്. കേരളമാകെ സഞ്ചരിച്ച് അങ്ങനെ കുറെ തൈകൾ നൽകി. ചക്കയുടെ പ്രചാരണത്തിലും കുമ്മനം സജീവമായിരുന്നു. ‘10 വർഷം മുമ്പായിരുന്നു അത്. ആ ക്യാംപയിൻ പിന്നീടു വ്യക്തികളും സംഘടനകളുമൊക്കെ ചേർന്നു വിജയമാക്കി. സർക്കാർ ചക്കയെ വിശിഷ്ട ഫലമായി പ്രഖ്യാപിച്ചു.’  കല്യാണത്തിനു ക്ഷണിക്കുന്നവരോടു കുമ്മനം പറയാറുണ്ട്. ‘സദ്യയിൽ ചക്ക കൊണ്ട് എന്തെങ്കിലുമുണ്ടെങ്കിലേ പങ്കെടുക്കൂ..’ ഏത്തവാഴക്കൃഷിയിലും ഒരു കൈ നോക്കിയിട്ടുണ്ട്. .  

സോദ്ദേശ്യകവിയും പത്രപ്രവർത്തകനും

പ്രചാരണം കൊണ്ടുപിടിച്ചിട്ടുണ്ട്. അതിനിടയിൽ പത്രവായന മുടങ്ങുന്നതാണ് സങ്കടം. ‘ഒരു മനസുഖം തോന്നില്ല!’‘ദീപിക’യിലൂടെയാണു മാധ്യമ പ്രവർത്തനത്തിനു തുടക്കം. പിന്നീടു 4 പത്രങ്ങളിൽ ജോലി  ചെയ്തു. 10 വർഷം ജന്മഭൂമിയുടെ ചുമതലക്കാരനായപ്പോൾ എഴുത്തു മാത്രമല്ല പത്രക്കെട്ടു വണ്ടിയിൽ കയറ്റാൻവരെ  ജീവനക്കാർക്കൊപ്പം നിന്നു. 

കുമ്മനം എഴുത്തുകാരനുമാണ്. കവിതയാണു തട്ടകം. രണ്ടുവരി കവിത മനസ്സിൽ വന്നാൽ അപ്പോളതു  കുറിച്ചു വയ്ക്കും.  ആലപ്പി രംഗനാഥും എൽ.പി.ആർ വർമയും പട്ടണക്കാടു പുരുഷോത്തമനും കുമ്മനത്തിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്. ‘ശക്തിരഥയാത്ര’യിൽ മുഴങ്ങിക്കേട്ട പാട്ട് കുമ്മനത്തിന്റേതായിരുന്നു.  ‘എഴുത്തെല്ലാം സോദ്ദേശ്യ രചനകളാണ്. ആരെയും ഉപദ്രവിക്കാനല്ല’ (ചിരി)

‘വിജയത്തിൽ കുറഞ്ഞൊന്നും ഈ തിരഞ്ഞെടുപ്പിൽനിന്നു  പ്രതീക്ഷിക്കുന്നില്ല. ജനങ്ങൾക്കു വേണ്ടിയാണു സ്ഥാനാർഥിയായത്. എന്റെ കാര്യം ജനങ്ങൾ നോക്കുമെന്നു വിശ്വാസമുണ്ട്.’ അൽപ്പനേരം രാഷ്ട്രീയം പറഞ്ഞു. ‘60 വർഷംകൊണ്ടു പറ്റാത്തതു 5 കൊല്ലം കൊണ്ടു മോദി നേടിയില്ലേ? കേരളത്തിൽ വിശ്വാസികൾക്കു രക്ഷയില്ല. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ ഭരിക്കുന്നതു വിശ്വാസികളാണോ? മാറ്റം ആവശ്യമാണ്.’ മുറ്റത്തേക്കിറങ്ങി കല്ലിൻമുകളിൽ വച്ച മടക്കുവീണ അലുമിനിയം ബക്കറ്റിൽ നിന്നും വെള്ളമെടുത്തു കൈ കഴുകി ആതിഥേയയായ ഷിജിയോടു  കുമ്മനം പറ‍ഞ്ഞു, ‘ഇഡലി നന്നായിട്ടുണ്ട്. സാമ്പാറും മോശമല്ല കേട്ടോ.’

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama