go

രാത്രിയിൽ കാർ തടഞ്ഞു മോഷണം; പിന്നിൽ ‘പെൺകെണി’

trivandrum-robbery
തിരുവല്ലത്ത് കവർച്ചക്കേസിൽ പിടിയിലായ മുഹമ്മദ് ജിജാസ്, ഉഷ.
SHARE

തിരുവല്ലം∙ വണ്ടിത്തടത്ത്  അർധരാത്രിക്കു ശേഷം തമിഴ്നാട്ടുകാരുടെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു സ്വർണാഭരണം കവർന്ന കേസിൽ പിടിയിലായത് സ്ത്രീയെ കാട്ടി വശീകരിച്ചു പണവും മറ്റു പിടിച്ചുപറിക്കുന്ന സംഘാംഗങ്ങളെന്നു പൊലീസ്. കേസിൽ  2 ാമത്തെ പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസി(30)ന്റെ അറസ്റ്റ് ആണ് ഇന്നലെ രേഖപ്പെടുത്തിയത്. 

കടക്കാവൂർ പൊലീസ് സ്റ്റേഷനു സമീപം തീപൊള്ളാവ് വീട്ടിൽ നിന്നും പാലപ്പൂര് വാടകയ്ക്കു താമസിക്കുന്ന  ഉഷ(42)യുടെ    അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.  ഓട്ടോറിക്ഷയും  കസ്റ്റഡിയിലായി. കവർച്ചചെയ്ത മൊബൈൽ ഫോണും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ആകെ 4 പ്രതികളുള്ള കേസിൽ 2 അംഗ ബൈക്കു സംഘത്തിനായി  പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഇവരെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും തിരുവല്ലം പൊലീസ് അറിയിച്ചു. 

ശനി അർധ രാത്രിയ്ക്കു ശേഷം വണ്ടിത്തടം ജംക്‌ഷനു സമീപമായിരുന്നു സംഭവം. തമിഴ്നാട്  കുലശേഖരം  സ്വദേശികളും തലസ്ഥാനത്തു ജോലി ചെയ്യുന്നവരുമായ അനീഷ്കുമാർ, അഭിഷേക് എന്നിവരാണ് മോഷണത്തിനിരയായത്. വണ്ടിത്തടം കുരിശടിക്കു സമീപം വച്ച്  ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയുൾപ്പെടെയുള്ള സംഘവും  പിന്നാലെ ബൈക്കിലെത്തിയവരും ചേർന്നു കാറിനെ  തടഞ്ഞു ഇരുവരുടെയും മുഖത്ത്  മർദിച്ച് അനീഷിന്റെ കഴുത്തിൽ നിന്നു  രണ്ടേകാൽ  പവൻ സ്വർണാഭരണവും മൊബൈൽ ഫോണും കവരുകയായിരുന്നുവെന്ന്  പൊലീസ് പറഞ്ഞു. 

ആദ്യം വശീകരിക്കും.. പിന്നാലെ ‘സദാചാര’ക്കാരെത്തും 

പാതിരാക്ക് നഗരത്തിൽ ഒറ്റയ്ക്കു പരിചയമില്ലാത്ത നിലയിൽ കണ്ടെത്തുന്നവരാണ് സംഘത്തിന്റെ ഇരകൾ. പിടിയിലായ പ്രതിയും സ്ത്രീയുമുൾപ്പെട്ട സംഘം ഓട്ടോറിക്ഷയിൽ കറങ്ങിനടക്കും. ഇത്തരക്കാരെ  കണ്ടെത്തിയാൽ വശീകരിച്ചു മുറി സൗകര്യമുണ്ടെന്നു പറഞ്ഞു വാഹനത്തിൽ കയറ്റും. ‘സ്കീം’ എന്നാണത്രെ ഇവർ ഈ തട്ടിപ്പിനിട്ടിട്ടുള്ള പേർ എന്നു പൊലീസ് പറഞ്ഞു.

കരമന-ബാലരാമപുരം ദേശീയ പാത, കഴക്കൂട്ടം-കോവളം ബൈപാസ് തുടങ്ങി ആളൊഴിഞ്ഞ വീഥികളിലുടെ ഓട്ടോറിക്ഷ പോകുന്നതിനിടെ പിന്നാലെ ബൈക്കിൽ 2 അംഗ സംഘമെത്തി ഇവരെ  പിടികൂടും.തുടർന്ന് സദാചാരക്കാരെന്ന മട്ടിൽ ഇവരെയെല്ലാം ചോദ്യം ചെയ്യും. പിന്നീട് ഭീഷണിപ്പെടുത്തി ഇരയുടെ കയ്യിലുള്ള പണം, സ്വർണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൈക്കലാക്കി വാഹനത്തിൽ നിന്നും ഇറക്കിവിടുന്നതാണ് പതിവെന്നു പൊലീസറിയിച്ചു.

പിടിയിലായ സ്ത്രീയുൾപ്പെട്ട സംഘം ഇതു വരെ നഗരത്തിൽ ഇത്തരത്തിൽ എട്ടോളം തട്ടിപ്പ്  നടത്തിയിട്ടുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.  തട്ടിപ്പിനിരയായവർ പരാതിപ്പെടാത്തതാണ് ഇവർക്ക് സഹായകരമായതെന്നും പൊലീസ് പറഞ്ഞു. കവർച്ച ചെയ്ത മൊബൈൽ ഫോൺ കണ്ടെടുക്കാനായതാണ് അന്വേഷണത്തിനു വഴിത്തിരിവായതെന്നു പൊലീസ് പറഞ്ഞു. ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ നായർ, തിരുവല്ലം എസ്എച്ച്ഒ: ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ, എസ്ഐമാരായ: എസ്.വിമൽ, അയൂബ്ഖാൻ, സിപിഒ: സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama