go

സ്വർണക്കടത്തിനു പിന്നിൽ അഭിഭാഷകനെന്ന് സൂചന

trivandrum-gold-news
SHARE

തിരുവനന്തപുരം∙ രാജ്യാന്തരവിമാനത്താവളത്തിലെ 8.5 കോടി രൂപയുടെ സ്വർണക്കടത്തിനു പിന്നിലെ സൂത്രധാരൻ നഗരത്തിലെ അഭിഭാഷകനെന്നു സൂചന. സ്വർണം എത്തിച്ചത് ഇയാളുടെ നിർദേശപ്രകാരമാണെന്ന് അറസ്റ്റിലായ സുനിൽകുമാറും സെറീനയും മൊഴി നൽകി. ഇതിനെത്തുടർന്ന് ഇയാളെ കണ്ടെത്താൻ റവന്യൂ ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. അഭിഭാഷകന്റെ ഭാര്യയെ ചോദ്യം ചെയ്യാനായി ഡിആർഐ (ഡയറക്ടറ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) കസ്റ്റഡിയിലെടുത്തു. 

trivandrum-sereena
അറസ്റ്റിലായ സെറീന

സ്വർണക്കടത്തിന് പിടിയിലായ തിരുമല സ്വദേശി സുനിലും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും നേരത്തെ 5 തവണ സ്വർണം കടത്തിയിട്ടുണ്ടെന്നും ഡിആർഐ കണ്ടെത്തി. മസ്കറ്റിൽ നിന്ന് 25 ബിസ്കറ്റുകളായി ബാഗിലൊളിപ്പിച്ചാണു സ്വർണം കടത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് സ്വർണക്കടത്തിനു പിന്നിലെന്ന സൂചനയാണു ലഭിച്ചത്.

2 മാസം മുൻപാണു ലക്ഷങ്ങളുടെ പ്രതിഫലം വാഗ്ദാനം ചെയ്ത് അഭിഭാഷകൻ സമീപിച്ചതെന്നും മൊഴിയിൽ പറയുന്നു. കാരിയർമാരെ പിടിച്ചതോടെ അപകടം മണത്ത അഭിഭാഷകൻ മുങ്ങി. ഇയാൾക്കു വേണ്ടി വഞ്ചിയൂർ കോടതി പരിസരത്തടക്കം തിരച്ചിൽ നടത്തി.  അഭിഭാഷകന്റെ സഹപ്രവർത്തകനും നിരീക്ഷണത്തിലുണ്ട്. കെഎസ്ആർടിസി കണ്ടക്ടറായിരുന്ന സുനിൽ ഇതിനു മുൻപ് ഒരുതവണ സ്വർണം കടത്തിയതായി സ്ഥിരീകരിച്ചു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെറീന 2 വർഷത്തിനിടെ 10 തവണ കേരളത്തിലെത്തിയിട്ടുണ്ട്.

ഇതു സ്വർണക്കടത്തിനു വേണ്ടിയായിരുന്നോയെന്നും ഡിആർഐ അന്വേഷിക്കുന്നുണ്ട്. സുനിലിനെയും സെറീനയെയും ഇന്നലെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കി. ഇവർക്കെതിരെ വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും നിയമം (കൊഫെപോസ) ചുമത്തും. ഇരുവരുടെയും വീടുകളിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. 

ഒരു ദിവസം  കടത്തുന്നത് 50 കിലോ സ്വർണം 

രാജ്യാന്തരവിമാനത്താവളം വഴി ഒരു ദിവസം ശരാശരി 50 കിലോ സ്വർണം കടത്തുന്നുവെന്ന് ഡിആർഐയുടെ നിഗമനം. പിടികൂടുന്നവരിൽനിന്നും കടത്തുസംഘങ്ങളിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.  33 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വിപണി വില. ഇതനുസരിച്ച് ഒരു ദിവസം 16.5 കോടി രൂപയുടെ സ്വർണവും ഒരുമാസം 495 കോടിരൂപയുടെ സ്വർണവുമാണു നികുതി അടയ്ക്കാതെ കടന്നുപോകുന്നത്. 

5 മാസം, പിടികൂടിയത് 33 കിലോ 

തിരുവനന്തപുരം വിമാനത്താവളം വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ പിന്നോട്ടാണെങ്കിലും സ്വർണക്കടത്തിൽ വൻ പുരോഗതിയാണ്. 3 വർഷത്തിനിടെ 88 കിലോ സ്വർണമാണ് ഇവിടെ നിന്നു മാത്രം പിടിച്ചത്. ഇതിൽ കൂടുതലും ഈ വർഷം ആദ്യത്തെ 5 മാസങ്ങളിലാണ്–33 കിലോ. പ്രൊട്ടീൻ കുഴമ്പിനൊപ്പം മെർക്കുറി ലായനിയിൽ ലയിപ്പിച്ചും കടലാസ് രൂപത്തിലും ഗുളിക രൂപത്തിലാക്കിയും ശരീരത്തിലൊളിപ്പിച്ചുമെല്ലാം സ്വർണം കടത്തുന്നുണ്ട്. 

സ്ത്രീകൾ വസ്ത്രത്തിനുള്ളിലൊളിപ്പിച്ചാണ് സ്വർണം കടത്തുന്നത്. 2018ൽ 30 കിലോയും 2017ൽ 25 കിലോയും പിടികൂടി. വിമാനത്താവളത്തിലെ ജീവനക്കാർക്ക് സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ശക്തമായി.  കഴിഞ്ഞയാഴ്ച 10 കിലോ സ്വർണവുമായി വിമാനത്താവള ജീവനക്കാരനെ പിടികൂടിയിരുന്നു. ഒരു കിലോ സ്വർണം പുറത്തെത്തിച്ചാൽ 50,000 രൂപവരെ പ്രതിഫലമായി ലഭിക്കും. 

സ്വർണക്കടത്ത് ഇങ്ങനെ : 

വിമാനങ്ങളിൽനിന്ന് യാത്രക്കാരെ ടെർമിനലിലെത്തിക്കുന്ന ബസുകളിലാണ് സ്വർണകൈമാറ്റം  പ്രധാനമായും നടക്കുന്നത് . യാത്രക്കാരൻ എയർപോർട്ട് ജീവനക്കാരനു സ്വർണം നൽ‌കും. സ്വർണം കൊണ്ടുവരുന്നവരുടെയും വാങ്ങുന്നവരുടെയും ഫോട്ടോകളും നിർദേശങ്ങളും ഫോൺ വഴി കൈമാറും. ജീവനക്കാരെ സംശയിക്കാത്തതിനാൽ അവർ സുരക്ഷിതമായി സ്വർണം വിമാനത്താവളത്തിനു വെളിയിലെത്തിക്കും.

ബസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടെന്നു സംശയം തോന്നിയാൽ എമിഗ്രേഷൻ ഹാളിൽ ജീവനക്കാർക്കു സ്വർണം കൈമാറും. ഇതിനും കഴിഞ്ഞില്ലെങ്കിൽ യാത്രക്കാരൻ സ്വർണം ശുചിമുറിയിൽ ഉപേക്ഷിക്കും. എയർപോർട്ട് ജീവനക്കാർ ശുചിമുറിയിലെത്തി സ്വർണ പാക്കറ്റ് ശേഖരിച്ച് സ്റ്റാഫ് ഗേറ്റിലൂടെ പുറത്തെത്തും. കസ്റ്റംസ് ഉദ്യോഗസ്ഥർ നിൽക്കുന്ന ഭാഗത്തേക്ക് യാത്രക്കാർ എത്തുന്നതിനു മുൻപ് 4 ശുചിമുറികളുണ്ട്.

ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുമ്പോഴേക്കും ജീവനക്കാർ സ്വർണം കൈമാറും. കടത്തിന്റെ ഈ രീതികൾ കസ്റ്റംസിന് അറിയാമെങ്കിലും ഒറ്റ് കുറവായതിനാൽ രഹസ്യവിവരങ്ങൾ അധികം ലഭിക്കാറില്ല. വളരെ കുറച്ച് ജീവനക്കാർ മാത്രമേ ഇത്തരം ഏജന്റുമാരായി മാറുന്നുള്ളൂവെങ്കിലും ജീവനക്കാരെ കൂട്ടത്തോടെ സംശയിക്കേണ്ടിവരുന്ന അവസ്ഥയിൽ മറ്റു ജീവനക്കാർ പ്രതിഷേധത്തിലാണ്.   

ഒരു കിലോയ്ക്ക് ലാഭം 4 ലക്ഷം

വിമാനത്താവളത്തിലൂടെ പുരുഷൻമാർക്കു നികുതിയില്ലാതെ കൊണ്ടുപോകാൻ കഴിയുന്നത് 50,000 രൂപയുടെ ആഭരണങ്ങളാണ്. സ്ത്രീക്ക് 1ലക്ഷം രൂപയുടെയും. 10% നികുതി അടച്ച് 1 കിലോ സ്വർണം കൊണ്ടുവരാം. അതിനു മുകളിൽ 36.5 % നികുതി നൽകണം. സ്വർണം കൊണ്ടുവരുന്നവർ കസ്റ്റംസിന്റെ ഹാളിനു മുന്നിലെത്തുമ്പോൾ അധികൃതർക്കു മുന്നിൽ ഇക്കാര്യം വെളിപ്പെടുത്തണമെന്നാണു നിയമം.

അല്ലെങ്കിൽ സ്വർണത്തിനു നികുതി അടയ്ക്കണം. നികുതി അടച്ചില്ലെങ്കിൽ അതേ മൂല്യത്തിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടും. ഏഴുവർഷംവരെ തടവ് ലഭിക്കാം. 1 കിലോ സ്വർണത്തിന് 33 ലക്ഷം രൂപയാണ് വിപണിവില. ഗൾഫ് രാജ്യങ്ങളിലെ വില 29 ലക്ഷമായിരിക്കും. നികുതിവെട്ടിപ്പിലൂടെ കടത്തുകാർക്ക് ഒറ്റക്കടത്തിൽ 4 ലക്ഷംരൂപയാണ് ശരാശരി ലാഭം.    

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama