go

മുഖ്യമന്ത്രിയുടേത് വിനോദയാത്ര മാത്രം: മുല്ലപ്പള്ളി

ramachandran mullaplly
SHARE

തിരുവനന്തപുരം∙മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര വിനോദയാത്ര മാത്രമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുവരെയുള്ള അദ്ദേഹത്തിന്റെ വിദേശയാത്രകളിൽ നിന്ന് എന്തെങ്കിലും പ്രയോജനമുള്ളതായി തോന്നാത്ത സാഹചര്യത്തിൽ ഇതിനെയും അങ്ങനെ കരുതാനെ കഴിയൂ. അദ്ദേഹത്തിന്റെ പുതിയ യാത്രയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കെപിസിസി നേതൃയോഗത്തിനുശേഷം മുല്ലപ്പള്ളി പറഞ്ഞു. 

പ്രളയസെസ് ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൂർണമായും പരാജയപ്പെട്ട സർക്കാർ അതിനു പിന്നാലെ അധികഭാരം കൂടി ചുമത്താൻ നോക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസിൽ നിന്നും മന്ത്രി എം.എം.മണിയെ രക്ഷിക്കുന്നതിനു വേണ്ടി നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ കേസ് അട്ടിമറിക്കാനുള്ള  സിപിഎം ശ്രമങ്ങൾ കൂടുതൽ വ്യക്തമായി.

സർക്കാർ സ്ഥാപനമായ സിഡിറ്റിനെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ ടെലിവിഷൻ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ നിർമാണ അവകാശം സിപിഎമ്മിന്റെ കൈരളി ചാനലിനു നൽകിയ നടപടി അന്വേഷിക്കണം. സ്വതന്ത്രവും നീതിപൂർവവുമായി തിരഞ്ഞെടുപ്പ് നടത്തുന്നത് അട്ടിമറിക്കാൻ സർക്കാർ ഭരണ സംവിധാനം ദുരുപയോഗം ചെയ്തു. ബിഎൽഒമാരെയും സർക്കാർ ഉദ്യോഗസ്ഥരേയും ഉപയോഗിച്ചു വലിയ അട്ടിമറിക്കാണു സർക്കാർ ശ്രമിച്ചത്.

ഈ അട്ടിമറി പൊതുജനമധ്യത്തിൽ ചർച്ചയാക്കിയ മാധ്യമപ്രവർത്തകരെ അഭിനന്ദിക്കുന്നു. കരട് വോട്ടർ പട്ടികയിലുണ്ടായവരെ ഒരു നോട്ടിസ് പോലും നൽകാതെ അന്തിമ പട്ടികയിൽ നിന്നും വെട്ടിനിരത്തിയതു സംബന്ധിച്ച് അന്വേഷിക്കണം. പെരിയ ഇരട്ടക്കൊലപാതക കേസിൽ ഏതെങ്കിലും സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതുകൊണ്ടു മാത്രം തൃപ്തരാകില്ല. മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി  ആവശ്യപ്പെട്ടു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama