go

കടക്കനലിൽ ജീവനൊടുക്കി അമ്മയും മകളും

trivandrum-vaishnavi-lekha
വൈഷ്ണവിയും അമ്മ ലേഖയും
SHARE

നെയ്യാറ്റിൻകര ∙ 16 വർഷം മുൻപെടുത്ത ഭവന വായ്പ മുടങ്ങിയതിന്റെ പേരിൽ വീട് ജപ്തി ചെയ്യുമെന്ന് ഉറപ്പായതോടെ അമ്മയും മകളും കിടപ്പുമുറിയിൽ സ്വയം തീകൊളുത്തി മരിച്ചു. മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനിൽ ചന്ദ്രൻ രുദ്രന്റെ ഭാര്യ ലേഖ (44), മകൾ വൈഷ്ണവി (19) എന്നിവരാണു മരിച്ചത്. കോളജ് വിദ്യാർഥിനിയായ വൈഷ്ണവി സംഭവസ്ഥലത്തു തന്നെ മരിച്ചു.

trivandrum-lekha-home
ലേഖയുടെ വീട്.

90% പൊള്ളലേറ്റ ലേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ബാങ്ക് നൽകിയ അവധി അവസാനിച്ച ഇന്നലെയും കിടപ്പാടം വിറ്റ് പണം കണ്ടെത്താൻ കഴിയാതെ വന്നതാണു മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. ജപ്തി നടപടികളുമായി ബാങ്ക് ദ്രുതഗതിയിൽ മുന്നോട്ടു പോയതു കുടുംബത്തെ സമ്മർദത്തിലാക്കിയെന്ന് കലക്ടറുടെ അഭാവത്തിൽ എഡിഎം മന്ത്രിക്കു  നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

കാനറ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽനിന്ന് 2003 ലാണു ചന്ദ്രൻ 5 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്തത്. 8 ലക്ഷത്തോളം രൂപ തിരിച്ചടച്ചു. 2010 ൽ അടവ് മുടങ്ങിയതോടെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. 6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക. സർഫാസി നിയമപ്രകാരം റിക്കവറി നടപടികൾക്കായി ബാങ്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനും ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും കഴിഞ്ഞ വെള്ളിയാഴ്ച ജപ്തി നടപടികൾക്കായി എത്തിയിരുന്നു. 

14 നു മുൻപ് വീട് വിറ്റ് പണം അടയ്ക്കാമെന്നു ചന്ദ്രനും കുടുംബവും ബാങ്കിന് എഴുതി ഒപ്പിട്ടു നൽകിയതിനെ തുടർന്ന് ഇവർ മടങ്ങി. 45 ലക്ഷത്തോളം രൂപ മതിപ്പുവിലയുള്ള 10.5 സെന്റ് സ്ഥലവും വീടും ആ വിലയ്ക്ക് വിൽക്കാൻ നാളുകളായി ശ്രമിക്കുകയായിരുന്നെങ്കിലും നടന്നില്ല. ഒടുവിൽ 24 ലക്ഷം രൂപയ്ക്കു വാങ്ങാമെന്നു ബാലരാമപുരം സ്വദേശി കഴിഞ്ഞ ദിവസം ഉറപ്പ് നൽകി. ഈ വിശ്വാസത്തിലാണ് ഇന്നലെ വരെ സാവകാശം ആവശ്യപ്പെട്ടത്. 

എന്നാൽ ഉച്ചയായിട്ടും കച്ചവടം നടക്കാതെ വന്നതോടെ കുടുംബം മാനസികമായി തകർന്നെന്നു പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മുൻപ് പണമടച്ചില്ലെങ്കിൽ ബാങ്കിനു തുടർനടപടികൾ സ്വീകരിക്കാമെന്നായിരുന്നു വ്യവസ്ഥ. ഇതിനിടെയാണ് കിടപ്പുമുറിയിൽ കയറി ഇരുവരും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. ചന്ദ്രനും അമ്മ കൃഷ്ണമ്മയും വീടിനു പുറത്തായിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് കതക് തകർത്താണ് നാട്ടുകാർ ഇരുവരെയും പുറത്തെത്തിച്ചത്. 

വർഷങ്ങളായി ഗൾഫിലായിരുന്ന ചന്ദ്രൻ തന്റെ സമ്പാദ്യത്തിനൊപ്പം വായ്പ കൂടിയെടുത്താണു വീട് പണിതത്. എന്നാൽ പിന്നീട് ഗൾഫിലെ ജോലിപ്രശ്നങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധിയിലായി. ഒരു വർഷം മുൻപു മടങ്ങിയെത്തി. ജപ്തി നടപടി ഒഴിവാക്കണമെന്നു സി.കെ. ഹരീന്ദ്രൻ എംഎൽഎ ബാങ്ക് അധികൃതരോട് ഒരു മാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

സമ്മർദം ചെലുത്തിയിട്ടില്ല: ബാങ്കിന്റെ വിശദീകരണം

കഴിഞ്ഞ വെള്ളിയാഴ്ച ജപ്തി നടപടികൾക്കായി പോയെങ്കിലും സാവകാശം വേണമെന്ന ആവശ്യം അംഗീകരിച്ചിരുന്നുവെന്നു കാനറ ബാങ്കിന്റെ വിശദീകരണം. സാവകാശം അവസാനിക്കുന്ന ദിവസവും തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കോടതി നിർദേശപ്രകാരമാണ് അഭിഭാഷക കമ്മിഷൻ വീട്ടിൽ പോയത്. നിയമം അനുസരിച്ച് ബാങ്ക് പ്രതിനിധിയും ഒപ്പമുണ്ടായിരുന്നു. ബാങ്കിന്റെ ഭാഗത്തു നിന്ന് സമ്മർദമുണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama