go

വീട്ടമ്മയുടെയും മകളുടെയും തീകൊളുത്തി മരണം: ഭർത്താവ് ഉൾപ്പെടെ 4 പേർ ​അറസ്റ്റിൽ

trivandrum-chandran-krishnamma-shantha-kashi
അറസ്റ്റിലായ ചന്ദ്രൻ, കൃഷ്ണമ്മ, ശാന്ത, കാശി .
SHARE

നെയ്യാറ്റിൻകര ∙ മഞ്ചവിളാകത്ത് വീട്ടമ്മയും മകളും കിടപ്പുമുറിയിൽ സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനവും ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിനു പകരം മന്ത്രവാദത്തിൽ അഭയം തേടിയതുമാണ് മരണകാരണമെന്നു  വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തതോടെ വീട്ടമ്മയുടെ ഭർത്താവും ഭർതൃമാതാവും ഉൾപ്പടെ 4 പേർ അറസ്റ്റിലായി.

trivandrum-suicide-notes
ലേഖ വീടിന്റെ ഭിത്തിയിൽ കരിക്കട്ട കൊണ്ട് എഴുതിയ ആത്മഹത്യാക്കുറിപ്പ്

നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ(44), മകൾ വൈഷ്ണവി (19)എന്നിവർ മരിച്ച സംഭവത്തിലാണ് ഭർത്താവ് ചന്ദ്രൻ (50), ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ സഹോദരി ശാന്ത (63), ഇവരുടെ ഭർത്താവ് കാശിനാഥൻ (67) എന്നിവർ പിടിയിലായത്. 4 പേരെയും റിമാൻഡ് ചെയ്തു. ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങൾ  ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

vaishnavi-lekha
വൈഷ്ണവി, ലേഖ

16 വർഷം മുൻപെടുത്ത ബാങ്ക് വായ്പയുടെ പേരിലുണ്ടായ ജപ്തിഭീഷണിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്നാണു ചന്ദ്രനും മറ്റു ബന്ധുക്കളും ചൊവ്വാഴ്ച പൊലീസിനു മൊഴി നൽകിയത്. ഇതാണ് മരണകാരണമെന്നു കൃഷ്ണമ്മയും ചന്ദ്രനും നാട്ടുകാരെ  വിശ്വസിപ്പിക്കുകയും ചെയ്തു. ബാങ്ക് നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ചന്ദ്രന്റെ വാദം. ഇന്നലെ കുറിപ്പു കണ്ടെടുത്തതോടെ ഇവരുടെ വാദങ്ങൾ പൊലീസ് തള്ളി. കുറിപ്പിൽ ബാങ്കിനെതിരെ പരാമർശമൊന്നുമില്ലായിരുന്നു.

കിടപ്പുമുറിയുടെ മുകളിൽ ഒട്ടിച്ച നിലയിലായിരുന്നു 4 പേജുള്ള കുറിപ്പ്. ഇതിനു പുറമേ കതകിനു പിറകിൽ ഭിത്തിയിൽ ആത്മഹത്യയ്ക്കു കാരണം 4 പേരാണെന്നും കരിക്കട്ട ഉപയോഗിച്ച് എഴുതിവച്ചിരുന്നു. ആദ്യ ദിവസം പൊലീസ് മുദ്രവച്ച വീട് ഇന്നലെയാണ് ഫൊറൻസിക് സംഘത്തിനു പരിശോധനയ്ക്കായി തുറന്നുകൊടുത്തത്.

കടം തീർക്കാൻ വീട് വിൽക്കാൻ കൃഷ്ണമ്മ അനുവദിച്ചില്ലെന്നും പകരം പുരയിടത്തിലെ ദൈവങ്ങൾ എല്ലാം നോക്കിക്കൊള്ളുമെന്നാണ് പറഞ്ഞിരുന്നതെന്നും ലേഖയെഴുതിയ കുറിപ്പിൽ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചു. മന്ത്രവാദിയുടെ വാക്കു കേട്ട്  സ്ഥിരമായി ശകാരിച്ചു. ജപ്തിനടപടികൾ ഒഴിവാക്കുന്നതിനായി ചന്ദ്രൻ ഒന്നും ചെയ്തില്ല. ജപ്‌തി നോട്ടിസ് ലഭിച്ചപ്പോൾ പൂജാസ്ഥലത്ത് കൊണ്ടുപോയി വയ്ക്കുകയാണ് ചെയ്തത്.

മറ്റൊരു വിവാഹം കഴിക്കാൻ ചന്ദ്രൻ ശ്രമിച്ചിരുന്നു. കല്യാണം കഴിഞ്ഞ നാൾ മുതൽ കൃഷ്ണമ്മ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ഒരു സ്വസ്ഥതയും തന്നിരുന്നില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ വിഷം തന്നു കൊല്ലാൻ നോക്കിയെന്നും കുറിപ്പിലുണ്ട്.പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ഒരുനോക്കു കാണാനായി ചന്ദ്രനെ പൊലീസ് സംരക്ഷണത്തോടെ എത്തിച്ചു. നാട്ടുകാർ ചെറിയ തോതിൽ പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയത്. ലേഖയുടെ സഹോദരി സിന്ധുവിന്റെ മകൻ ശ്യാമാണ് മരണാനന്തര ചടങ്ങ് നടത്തിയത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama