go

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള ഇന്നു കൊടിയിറങ്ങും..

trivandrum-steven-devasi
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി കുട്ടികൾക്കൊപ്പം.
SHARE

‘കുട്ടികൾ നിർമിക്കുന്ന സിനിമകളുടെ എണ്ണം കൂട്ടും’

തിരുവനന്തപുരം∙ അടുത്ത മേളയിൽ കുട്ടികൾ നിർമിക്കുന്ന സിനിമകളുടെ എണ്ണം കൂടുമെന്നു ചലച്ചിത്രമേളയുടെ മുഖ്യസംഘാടകനും ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയുമായ എസ്.പി. ദീപക്. 4 സിനിമകളാണ് ഇത്തവണ മേളയോടനുബന്ധിച്ചു കുട്ടികൾ നിർമിച്ചത്. കുട്ടികൾക്കായി സിനിമകളെടുക്കാൻ സാമ്പത്തിക –സാങ്കേതിക പിന്തുണ വർധിപ്പിക്കും. അടുത്ത വർഷം ആദ്യം സ്ക്രിപ്റ്റുകൾ ക്ഷണിക്കും. നേരത്തെ  ചിത്രീകരണം പൂർത്തിയാക്കി മേളയിൽ പ്രത്യേക പാക്കേജായി പ്രദർശിപ്പിക്കും. 

trivandrum-icffk

∙ പ്രേക്ഷക പങ്കാളിത്തത്തിൽ  ജില്ലയിൽ നിന്നുള്ള കുട്ടികളാണു കൂടുതൽ. അടുത്ത മേളയിൽ മറ്റുജില്ലകളുടെ പ്രാതിനിധ്യം കൂട്ടേണ്ടതല്ലേ? 

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 14 ജില്ലകളിലും സ്കൂളുകളുമായി ബന്ധപ്പെട്ട് റജിസ്ട്രേഷൻ നടപടികൾ ഡിസംബറിനകം പൂർത്തിയാക്കും. മുഖ്യധാരയിൽ നിന്നുമാറി ജീവിക്കുന്ന കുട്ടികളുടെകൂടി ചലച്ചിത്രോത്സവമാണിത്. അവരുടെ പങ്കാളിത്തവും വർധിപ്പിക്കും. 

∙ നല്ല സിനിമകളോടുള്ള കുട്ടികളുടെ താൽപര്യങ്ങൾ സജീവമാക്കി നിർത്താൻ ശിശുക്ഷേമസമിതി എന്തും ചെയ്യും ? 

മേള കണ്ടശേഷം ഒട്ടേറെ കുഞ്ഞുങ്ങൾ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണെന്നു ആഗ്രഹിക്കുന്നുണ്ട്. ശിശുക്ഷേമസമിതി ഉൾപ്പെടെയുള്ള അനാഥാലയങ്ങളിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവർക്കു പിന്തുണയും സാമ്പത്തികസഹായവും നൽകി മുന്നോട്ടുകൊണ്ടുവരും.

∙ കുട്ടികൾക്കിഷ്ടമുള്ള  താരങ്ങളുടെ സാന്നിധ്യം ഇത്തവണ പ്രത്യേകതയായിരുന്നു? 

ടൊവിനോ, ഷെയ്ൻ നിഗം, സുരാജ്, രജീഷ, ഒരുപാടു താരങ്ങൾ. മേളയെപ്പറ്റി അവരോടു അധികം പറയേണ്ടിവരുന്നില്ല. എപ്പോഴാണു വരേണ്ടതെന്നാണു ചോദിക്കുന്നത്. കുട്ടികളുടെ ഈ മേള നാട് ഏറ്റെടുത്തു എന്നതിനു വേറെ തെളിവുവേണ്ടല്ലോ. 

∙ മേളയുടെ ബജറ്റ്  ?

സർക്കാർ സഹായമില്ലാതെ ശിശുക്ഷേമ സമിതിയുടെ ഫണ്ടിൽ നിന്നാണ് മേള നടത്തുന്നത്.75 ലക്ഷം രൂപയാണു ബജറ്റ്. കുട്ടികളുടെ താമസ, ഭക്ഷണ സൗകര്യവും സമിതിയാണു വഹിക്കുന്നത്.

ക്ലാസ്മേറ്റിന്റെ മകളെ കണ്ട് വണ്ടറടിച്ചു സുരാജ് !

trivandrum-suraj
ചലച്ചിത്രമേളയിലെത്തിയ സുരാജ് വെഞ്ഞാറമൂട് കുട്ടികൾക്കൊപ്പം.

തിരുവനന്തപുരം∙ സ്വന്തം തട്ടകമായ തലസ്ഥാനത്തു നടക്കുന്ന ചലച്ചിത്രമേളയിൽ സുരാജ് ഗെസ്റ്റല്ല, വീട്ടുകാരനാണ്. ചലച്ചിത്രമേളയിലെത്തിയ സുരാജ് വെഞ്ഞാറമൂടിനെ കുട്ടികൾ വന്നുമൂടി. 

∙ അന്നു സിന്ധുവിനെ ഇഷ്ടം 

സിനിമ കണ്ടല്ല കേട്ടാണു ഞാൻ വളർന്നത്. കുടുംബ വീടിനടുത്താണു വെഞ്ഞാറമ്മൂട് സിന്ധുവെന്ന ഓലപ്പുര തിയറ്റർ. ടിക്കറ്റിനു 2 രൂപ വേണം. പോക്കറ്റുകാലി. തിയറ്ററിനോടു പറ്റി നിന്നു ശബ്ദരേഖ കേൾക്കും. എന്നിട്ട് കഥ വള്ളിപുള്ളി തെറ്റാതെ സ്‌കൂളിൽ പോയി അവതരിപ്പിക്കും.

ഇവൻ കൊള്ളാലോ, എല്ലാ സിനിമയും കാണുന്നവനാണല്ലോ– കൂട്ടുകാർ വണ്ടറടിക്കും. സ്‌കൂളിൽ നിന്നു വർഷത്തിലൊരിക്കൽ സിനിമ കാണിക്കാൻ കൊണ്ടുപോകും. കാണാൻ പോകുന്ന സിനിമയുടെ കഥയും ഞാൻ പറയും. ശ്ശെടാ... ഇവനെ കൊണ്ടു തോറ്റല്ലോ എന്നു കൂട്ടുകാരും. ശബ്ദരേഖ കേട്ടുമടുത്തു വെള്ളിത്തിരയിലെ സിനിമ കാണാൻ എനിക്കാവും അവരേക്കാൾ ഉത്സാഹം. 

∙ ആദ്യം ബന്ധുക്കളെ അനുകരിച്ചു

ശബ്ദരേഖ കേട്ടതു  കൊണ്ടാണു മിമിക്രി കലാകാരനായത്. ആദ്യം ബന്ധുക്കളെ അനുകരിച്ചു. ജഗതീശ്രീകുമാറിന്റെ ശബ്ദം ചെയ്തതോടെ ഈ പണി ചെയ്യാനാകുമെന്ന്  ആത്്മവിശ്വാസമായി. പിന്നീടു സിനിമയിൽ എത്തിയപ്പോൾ ആദ്യത്തെ ഷോട്ട് ജഗതി ചേട്ടനൊപ്പമായിരുന്നു. അതു ഭാഗ്യം. 

∙ സിനിമാക്കാരനായതോ ?  

അതു വലിയ ഭാഗ്യമായാണു കാണുന്നത്.  വെഞ്ഞാറമ്മൂടെന്ന ഗ്രാമത്തിൽ ജനിച്ച എനിക്കു സിനിമയിലെത്താൻ  പറ്റാത്ത സാഹചര്യങ്ങളാണ്  ഉണ്ടായിരുന്നത്. ആദ്യം മിമിക്രി.. പിന്നെ സീരിയൽ... അതു കഴിഞ്ഞ് സിനിമ.  ഒരുപാട് അധ്വാനിച്ചു.  പുതിയ കുട്ടികൾക്കു സിനിമയിൽ എത്താൻ സമൂഹമാധ്യമങ്ങളടക്കം ധാരാളം വഴികളുണ്ട്'

∙ ഫ്രണ്ട്്സ് 

കൊള്ളാം... ബാബു, രമേശ്...എത്രയെത്ര കൂട്ടുകാർ..

∙ ഗേൾ ഫ്രണ്ട്സ്..? 

ഉണ്ടെന്നേ.... ബീന, മഞ്ജുള.... 

∙ ചേട്ടനു ലിനയെ അറിയാമോ? ഗോപിനാഥൻ സാറിന്റെ മകൾ..? 

ഒന്നോർമിച്ച് താരം പറഞ്ഞു, ' ആ അറിയാം' ‘ ലിനയുടെ മോളാ ഞാൻ.....!!!!!!’സുരാജ് പൊട്ടിച്ചിരിച്ചു. 'മോൾടെ പേരെന്താ' ‘അദീന; ' ഇതു പറയാൻ ഇത്രയും വളച്ചു കെട്ടണമായിരുന്നോ മോളേ...? സുരാജ് ചോദിച്ചതും സദസ്സിൽ നിറഞ്ഞ കയ്യടിയുടെ പൂരം.

ഗവർണർ ഇന്നു കുട്ടികൾക്കൊപ്പം സിനിമ കാണും

കുട്ടികൾക്കൊപ്പമിരുന്നു  ഗവർണർ ജസ്റ്റിസ് പി.സദാശിവം ഇന്നു സിനിമ കാണും. രാവിലെ കലാഭവൻ തിയറ്ററിൽ  അക്വാമാൻ എ ത്രീഡി ചിത്രമാണു കാണുക. അദ്ദേഹത്തിന്റെ കുടുംബവും കൂടെയുണ്ടാകും.ചലച്ചിത്രോസവം അഭിനന്ദീയാർഹമാണെന്ന് അദ്ദേഹം ഭാരവാഹികളെ അറിയിച്ചു.

ചലച്ചിത്രമേളയിലെ കുട്ടികളുടെ പങ്കാളിത്തവും അത്ഭുതപ്പെടുത്തുന്നതാണെന്നും സമിതി ജനറൽ സെക്രട്ടറിയെ  അദ്ദേഹം അറിയിച്ചു. ഉദ്ഘാടന ചടങ്ങിലോ  സമാപന ചടങ്ങിലോ പങ്കെടുക്കണമെന്നു സംഘാടകർ ക്ഷണിച്ചിരുന്നെങ്കിലും തിരക്കു കാരണം എത്താനാവില്ലെന്നു ഗവർണർ അറിയിച്ചിരുന്നു.

സമാപനം 12 നു കൈരളി തിയറ്ററിൽ

രാജ്യാന്തര ബാലചലച്ചിത്രമേള ഇന്നു സമാപിക്കും. ഇന്നു  12നു കൈരളി തിയറ്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. മികച്ച ചിത്രം, നടൻ,നടി എന്നിവർക്കുള്ള പുരസ്കാരം അദ്ദേഹം സമ്മാനിക്കും. മേളയുടെ ഭാഗമായി കുട്ടികൾ കഥയെഴുതി സംവിധാനം ചെയ്ത 3 സിനിമകളുടെ സ്‌ക്രീനിങ് 2 മണിക്ക് കൈരളി തിയറ്ററിൽ നടക്കും. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama