go

മസാല ബോണ്ട്: ഐസക്കിന്റെ വിശദീകരണം പച്ചക്കള്ളമെന്ന്‌ രമേശ്

trivandrum-ramesh-chennithala
SHARE

തിരുവനന്തപുരം∙മസാലാബോണ്ട് ആദ്യം പബ്ലിക് ഇഷ്യൂ ആയിട്ടാണ് ഇറക്കിയതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ  വിശദീകരണം പച്ചക്കള്ളമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.സിഡിപിക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിൽ മാത്രമായി ഇതു പ്രൈവറ്റ് പ്ലേസ്മെന്റ് നടത്തി അവർക്കു വിറ്റശേഷം ഇതു രഹസ്യമാക്കി വച്ചു പബ്ലിക് ഇഷ്യൂ ആണെന്നു പെരുങ്കള്ളം പറ‍ഞ്ഞതിനു പിന്നിലെന്താണെന്നു ധനമന്ത്രി വ്യക്തമാക്കണം.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 18നു മസാലാ ബോണ്ടിനായി മുഖ്യമന്ത്രി മുഴക്കുന്ന മണി അഴിമതിയുടെ മണിനാദമാണെന്നു ചെന്നിത്തല പറഞ്ഞു. ഇതു കേരളത്തെ പണയപ്പെടുത്താനുള്ള മണിയാണ്. സാലാബോണ്ടുമായി ബന്ധപ്പെട്ടു കിട്ടിയ രേഖകൾ പ്രകാരം അവ മാർച്ച് 29നു മുമ്പു തന്നെ വിറ്റഴിച്ചു. അതിന്റെ പണവും കിഫ്ബിക്കു ലഭിച്ചു. കല്യാണം കഴി​ഞ്ഞു കുട്ടിയും പിറന്നശേഷം താലി കെട്ടുന്നതുപോലെയാണിത്. 

സിഡിപിക്യൂവുമായുള്ള കച്ചവടം പ്രൈവറ്റ് ഇഷ്യൂ വഴിയാണോയെന്നതിനു ധനമന്ത്രി ഉത്തരം ഇനിയെങ്കിലും പറയണം. കാനഡയിലെ ക്യൂബക്കിൽ ചെന്നു രഹസ്യമായി എന്തിനു പ്രൈവറ്റ് പ്ളേസ്മെന്റ് നടത്തിയെന്നു  വ്യക്തമാക്കണം. എസ്എൻസി ലാവ്‌ലിനുമായി ഗാഢ ബന്ധമാണു സിഡിപിക്യൂവിനുള്ളത്. അവർ രൂപീകരിച്ച കൺസോർഷ്യത്തെ നയിക്കുന്നതു ലാവ്‌ലിനാണ്.  ഇതു സംബന്ധിച്ച തന്റെ ഒരു ആരോപണത്തിനും മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. അയച്ച കത്തിനും മറുപടി ഇല്ല.

അതിന്റെ ആവശ്യമില്ലെന്നാണു മുഖ്യമന്ത്രി ചോദിക്കുന്നത്. അങ്ങനെ നിലപാടെടുക്കാൻ ഇത് അദ്ദേഹത്തിന്റെ വീട്ടുകാര്യമല്ലല്ലോ.  2150 കോടിയുടെ ബോണ്ടിന് അ‍ഞ്ചുവർഷം കൊണ്ട് പലിശ കൊടുക്കേണ്ടി വരുമ്പോൾ അത് മൊത്തം കടത്തിന്റെ പകുതിയാകും. ഇതിൽ ഭരണഘടനാലംഘനം കൂടിയുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. റിസർവ് ബാങ്കിന്റെ അനുമതി കിട്ടിയെന്നു പറയുന്ന മന്ത്രി ഐസക് സെബിയുടെ അനുവാദം കിട്ടിയോയെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama