go

തപാൽ വോട്ട്: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ഡിജിപി

vote
SHARE

തിരുവനന്തപുരം∙ പൊലീസുകാരുടെ തപാൽ വോട്ടുകൾ പൊലീസ് അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന ആരോപണം അന്വേഷിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് ഇടക്കാല റിപ്പോർട്ട് നൽകി. കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി. അതേസമയം  വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. 

അപേക്ഷിച്ചിട്ടും തപാൽ ബാലറ്റ് ഇതുവരെ കിട്ടിയില്ലെന്നു ചില പൊലീസുകാർ ക്രൈംബ്രാഞ്ചിനു പരാതി നൽകിയിട്ടുണ്ട്. എന്നാൽ അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലറ്റ് കൈവശപ്പെടുത്തിയതായി ആരും ഇതുവരെ പരാതിപ്പെട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലംമാറ്റ ഭീഷണിയാണു പരാതിപ്പെടാൻ തടസം.

23നു രാവിലെ 8 വരെ തപാൽ വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ കലക്ടേറ്റിൽ എത്തിക്കാൻ  അവസരമുള്ളതിനാൽ അതിനു ശേഷമേ ക്രമക്കേടു നടന്നെങ്കിൽ കണ്ടെത്താൻ കഴിയുകയുള്ളൂ എന്നാണു അന്വേഷണ സംഘത്തിന്റെ നിലപാട്. തപാൽ വോട്ടിന് അപേക്ഷിച്ച മുപ്പത്തിയൊമ്പതിനായിരത്തിലേറെ പൊലീസുകാരിൽ മൂന്നിലൊന്നു പോലും ഇതുവരെ വോട്ടു രേഖപ്പെടുത്തി ബാലറ്റ് മടക്കിയിട്ടില്ല.

അതേസമയം പലർക്കും ഇതുവരെ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയുമുണ്ട്. ചില പൊലീസുകാർ കലക്ടറേറ്റിൽ അപേക്ഷിച്ചപ്പോൾ നിയമസഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു ബാലറ്റ് കൈമാറിയെന്നും അവിടെ നിന്നു  വിലാസത്തിൽ അയച്ചു തരുമെന്നുമായിരുന്നു മറുപടി. അവിടെ തിരക്കിയപ്പോൾ കലക്ടറേറ്റിൽ നിന്നു ബാലറ്റ് അയച്ചിട്ടില്ലെന്ന് മറുപടി ലഭിച്ചു.

കലക്ടറേറ്റിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നു ബാലറ്റ് കാണാതായോ എന്ന സംശയം ചില പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘവുമായി പങ്കു വച്ചിട്ടുണ്ട്. ഏതായാലും പ്രാഥമിക റിപ്പോർട്ടിൽ ക്രമക്കേടു നടന്നതായി കണ്ടെത്തൽ ഇല്ല. അതേസമയം ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസുകാരുടെ തപാൽ ബാലറ്റിൽ തിരിമറി നടന്നെന്നും വിശദ അന്വേഷണം വേണമെന്നും നിർദേശിച്ചിരുന്നു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama