go

വിവാഹം മുതൽ വിവാദം വരെ; ആരോപണങ്ങൾക്കു പിന്നിൽ അധികമാരുമറിയാത്ത കുടുംബകഥയും

balabhaskar-violin
SHARE

സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിക്കും ഒളിവിലുള്ള വിഷ്ണു സോമസുന്ദരത്തിനും വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധമുണ്ടോ? അപകടം നടക്കുമ്പോൾ ബാലഭാസ്കറിന്റെ കാർ ഓടിച്ചതാര്? 2 ചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിനായാണ് അന്വേഷണസംഘം നീങ്ങുന്നതും കേരളം കാത്തിരിക്കുന്നതും. 

trivandrum-arjun-balabhaskar-prakash
അർജുൻ, ബാലഭാസ്കർ, പ്രകാശ് തമ്പി

ഏത് അപകടക്കേസിലെയും പോലെ മംഗലപുരം പൊലീസ് മുന്നോട്ടു നീങ്ങുമ്പോഴാണു ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് സി.കെ. ഉണ്ണി 2018 നവംബർ 23നു ഡിജിപിക്കു പരാതി നൽകിയത്. കേസ് അതോടെ ആറ്റിങ്ങൽ ഡിവൈഎസ്പിക്കു കൈമാറി. തന്റെയോ ഭാര്യയുടെയോ മൊഴിയെടുക്കുന്നില്ലെന്നും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും ഉണ്ണി വീണ്ടും പരാതി നൽകിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു.

പുതിയ സംഘം കേസ് ഏറ്റെടുത്തു മുന്നോട്ടു നീങ്ങുന്നതിനിടെയാണു സ്വർണക്കടത്തു കേസിൽ പ്രകാശ് തമ്പി അറസ്റ്റിലാകുന്നത്. വിഷ്ണുവിനെ പ്രതിയാക്കുകയും ചെയ്തു. ബാലഭാസ്കറിന്റെ സംഗീത പരിപാടികൾ പലതും ഏകോപിപ്പിച്ചിരുന്നതു പ്രകാശ് തമ്പിയും വിഷ്ണുവും ചേർന്നാണെന്ന വിവരം പുറത്തുവന്നതോടെ അപകടമരണത്തിൽ ദുരൂഹതയേറി.

അന്വേഷണ സംഘം ഉണർന്നു. ചോദ്യംചെയ്യൽ തകൃതിയായി. അപകടസ്ഥലത്തു സംശയകരമായ സാഹചര്യത്തിൽ 2 പേരെ കണ്ടെന്നു കലാഭവൻ സോബി മൊഴി ന‍ൽകി. കാർ ആരാണ് ഓടിച്ചതെന്നു കണ്ടെത്താനുള്ള 2 തെളിവുകളാണു കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങളും കാറിൽ നിന്നു ശേഖരിച്ച രക്തസാംപിളുകളും.

Balabhaskar-car-accident

ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനും ഡ്രൈവിങ് സീറ്റിലെ രക്തക്കറ ആരുടേതെന്നു തിരിച്ചറിയാനുമുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.  കാറോടിച്ചത് അർജുൻ തന്നെയാണെന്ന് നിഗമനത്തിലെത്തിയിട്ടുണ്ടെങ്കിലും കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി മറിച്ചാണ്. ഇയാൾ കേസിൽ നിർണായക സാക്ഷിയായതിനാൽ അവഗണിക്കാനുമാകില്ല. 

അതേസമയം, ഇപ്പോൾ‌ കേസിലെ ഏക പ്രതിയായ ഡ്രൈവർ അർജുനാകട്ടെ സ്ഥലംവിടുകയും ചെയ്തു. താനല്ല വാഹനമോടിച്ചതെന്ന് അർജുൻ മൊഴിമാറ്റിയതിനെ തുടർന്നു സത്യാവസ്ഥ കണ്ടെത്താൻ വേണ്ടിയാണു ജ്യൂസ് കടയിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതെന്നാണു പ്രകാശ് തമ്പിയുടെ മൊഴി. സ്വർണക്കടത്തുമായി കാർ അപകടത്തിനു ബന്ധമുണ്ടോയെന്നു കണ്ടെത്താനുള്ള അന്വേഷണം പൂർത്തിയാകണമെങ്കിൽ അർജുനെക്കൂടി ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം പറയുന്നു. 

വിവാഹം മുതൽ വിവാദം വരെ

ബാലഭാസ്കറിന്റെ മരണത്തെത്തുടർന്നുള്ള ആരോപണ–പ്രത്യാരോപണങ്ങൾക്കു പിന്നിൽ അധികമാരുമറിയാത്ത കുടുംബകഥ കൂടിയുണ്ട്. മകൻ വലിയ സംഗീതജ്ഞനായി, കുടുംബത്തിനു താങ്ങും തണലുമാകുമെന്നു പ്രതീക്ഷിച്ച പിതാവിനും മാതാവിനും ഒരുനാൾ കേൾക്കേണ്ടിവന്നതു മകന്റെ വിവാഹ വാർത്ത. രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചു ബാലഭാസ്കർ വിവാഹത്തിലേക്ക് എടുത്തുചാടിയെന്നു കേട്ടപ്പോൾ അവർക്കു താങ്ങാനായില്ല.

trivandrum-balabhaskar-with-family
ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി.

അതോടെ ബാലഭാസ്കർ മാതാപിതാക്കളുമായി അകന്നു. വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടുനിന്ന കൂട്ടൂകാർ മാത്രമായി പിന്നെ താങ്ങും തണലും. പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്കറിന് ഏറ്റവുമടുത്ത സൗഹൃദം. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള ആദ്യ യാത്ര. പിന്നെ അവർ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഇൗ കുടുംബത്തിൽ നിന്നാണ്.

അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്കർ അത്ര അടുത്തിരുന്നില്ല. എന്നാൽ, അപകടത്തിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപു ബാലഭാസ്കർ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ മടങ്ങിയെത്തി. ഇരുകുടുംബങ്ങളും തമ്മിൽ രമ്യതയിലായി. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ഒരു വശത്തും കുടുംബം മറുവശത്തും നിന്നു നടത്തുന്ന പോരാട്ടമാണോ ആരോപണങ്ങൾക്കു പിന്നിലെന്നു ചോദിക്കുന്നവരുമുണ്ട്. ഉത്തരം കിട്ടണമെങ്കിൽ അന്വേഷണം പൂർത്തിയാകണം. അതുവരെ ഇതെല്ലാം വേദനയോടെ കണ്ടുനിൽക്കാൻ വിധിക്കപ്പെട്ട മറ്റൊരാളുണ്ട്– ലക്ഷ്മി.

അച്ഛന്റെ ചോദ്യങ്ങൾ

ബാലഭാസ്കറിന്റെ പിതാവ് സി.കെ.ഉണ്ണിയുടെ ചോദ്യങ്ങൾ ഇവ:

trivandrum-balabhaskar-father
സി.കെ. ഉണ്ണി

1. കാർ ഓടിച്ചതു താനാണെന്ന് ആദ്യം അർജുൻ സമ്മതിച്ചിരുന്നു. കാർ ഓടിച്ചത് അയാൾ തന്നെയെന്ന് അർജുന്റെ പരുക്കിന്റെ സ്വഭാവം വിലയിരുത്തി ഡോക്ടറും പറഞ്ഞു. ആര് ഇടപെട്ടിട്ടാണു പിന്നീട് അർജുൻ മൊഴിമാറ്റിയത്?
2. സ്വർണം കള്ളക്കടത്തു കേസിൽ പ്രതിയായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ സഹായികളായിരുന്നു. ഇവർക്ക് അപകടത്തിൽ‌ പങ്കുണ്ടോ?
3. പാലക്കാട്ടെ ഡോ. രവീന്ദ്രനാഥിനും ഭാര്യയ്ക്കും പണം നൽകിയിട്ടുണ്ടെന്നു ബാലഭാസ്കർ എന്നോടു പറഞ്ഞിട്ടുണ്ട്. ഇതും അപകടവും തമ്മിൽ ബന്ധമുണ്ടോ? രേഖയിലുള്ളതിനെക്കാൾ പണമിടപാട് ഇവർ തമ്മിൽ നടന്നിട്ടുണ്ടോ?

4. വഴിപാടു കഴിഞ്ഞു തൃശൂരിൽ താമസിക്കാനായി മുറി ബുക്ക് ചെയ്ത ബാലഭാസ്കർ ആരെങ്കിലും നിർദേശിച്ചിട്ടാണോ രാത്രിതന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചത്?
5. ഞങ്ങളുമായി അൽപം അകൽച്ചയിലായിരുന്ന ബാലഭാസ്കർ അടുത്ത് ഇടപഴകിത്തുടങ്ങിയപ്പോഴാണ് അപകടം. ഇതിൽ ദുരൂഹതയുണ്ടോ?

പൊലീസ് പറയുന്നു: അപകടം തന്നെ; ഓടിച്ചത് അർജുൻ 

സംഭവം അപകടം മാത്രമാണെന്ന കാര്യത്തിൽ സംശയമില്ലെന്നു കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം. മറ്റൊരു ദുരൂഹതയും ഇല്ലെന്നാണു തെളിവുകളും മൊഴികളും ചൂണ്ടിക്കാട്ടുന്നത്. അപകടത്തിൽ മറ്റൊരു വാഹനവും ഉൾപ്പെട്ടിട്ടില്ലെന്ന് കാറിനു പിന്നിൽ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയാണു നിർണായകം.

വാഹനത്തിൽ സഞ്ചരിച്ചിരുന്നവർ ബോധപൂർവം അപകടം സൃഷ്ടിക്കുമോ? വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയാണെന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നന്ദു മൊഴി നൽകിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവരുന്ന സംഭവങ്ങൾ ഈ 2 വസ്തുതകളെയും മാറ്റിമറിക്കുമെന്നു വിശ്വസിക്കുന്നില്ല. 

ക്രൈംബ്രാഞ്ച് പറയുന്നു: എല്ലാം വൈകാതെ കണ്ടെത്തും

ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുകയാണു ലക്ഷ്യമെന്നു ക്രൈംബ്രാഞ്ച്. കാർ ഓടിച്ചതാരെന്നും അട്ടിമറിയുണ്ടോയെന്നും കണ്ടെത്തും. ബാലഭാസ്കർ യാത്ര ആരംഭിച്ച തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിലെ ഓരോ സംഭവങ്ങളും വിശദമായി പരിശോധിക്കും. 

പണം നൽകാനില്ല; മറ്റ് ഇടപാടില്ല

ബാലഭാസ്കർ 10 ലക്ഷം രൂപ കടമായി തന്നിരുന്നു. 2 മാസത്തിനു ശേഷം തുക മടക്കിനൽകി. മറ്റു സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. എന്റെ ആശുപത്രിയോടു ചേർന്ന് 50 സെന്റ് ഭൂമി ബാലഭാസ്കർ വാങ്ങിയിരുന്നു. വാഹനമോടിച്ചത് ആരാണെന്ന് അറിയില്ല. ഡ്രൈവർ അർജുൻ എന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ്. ബാലഭാസ്കർ തന്നെയാണു വാഹനമോടിക്കാനായി തൽക്കാലത്തേക്ക് അർജുനെ ഒപ്പംകൂട്ടിയത്.

trivandrum-raveendranath
ഡോ. പി.എം.എസ്.രവീന്ദ്രനാഥ്

തൃശൂരിൽ‌ നിന്ന് ബാലഭാസ്കർ യാത്ര തിരിച്ച ശേഷം എന്റെ ഭാര്യ ലത ഫോണിൽ‌ വിളിച്ചിരുന്നു. പൊലീസാണു ഫോണെടുത്ത് അപകടവിവരം പറഞ്ഞത്. 15 വർഷം മുൻപ് ചെർ‌പ്പുളശേരിയിൽ പരിപാടി അവതരിപ്പിക്കാൻ വന്നപ്പോഴാണു ബാലഭാസ്കറെ പരിചയപ്പെട്ടത്. പിന്നീട് ഇടയ്ക്കിടെ ഞങ്ങളുടെ ആശുപത്രിയിൽ വരുമായിരുന്നു. ഒരു മാസത്തോളം ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. - ഡോ. പി.എം.എസ്.രവീന്ദ്രനാഥ്, പാലക്കാട് പൂന്തോട്ടം ആയുർവേദാശ്രമം ഉടമ

കാർ ഓടിച്ചത് അർജുൻ

തൃശൂർ മുതൽ അപകടസ്ഥലം വരെ കാർ ഓടിച്ചത് അർജുനാണ്. ഇക്കാര്യം അപകടത്തിനു പിന്നാലെ അർജുൻ എന്റെ അമ്മ അടക്കമുള്ളവരോടു പറഞ്ഞിട്ടുണ്ട്. പ്രകാശ് തമ്പിയുമായി 7 വർഷത്തെ പരിചയം ബാലുവിനുണ്ട്. പ്രകാശ് തമ്പിയെ അറിയില്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. ബാലുവിന്റെ മാനേജർ അല്ലെന്നു മാത്രമാണു പറഞ്ഞത്. നാട്ടിലെ ചില പരിപാടികളുടെ ഏകോപനം നടത്തിയിരുന്നതു പ്രകാശ് തമ്പിയാണ്.

അപകടത്തിനു പിന്നാലെ പ്രകാശ് ആശുപത്രിയിലെത്തി സഹായങ്ങൾ ചെയ്തിരുന്നു. അയാൾക്കു സ്വർണക്കടത്ത് ഉള്ളതായി എനിക്കോ ബാലുവിനോ സംശയം പോലും ഇല്ലായിരുന്നു. പാലക്കാട്ടെ ഡോക്ടർക്കു പണം കടംകൊടുത്തു എന്നതു ശരിയാണ്. അതു തിരികെ വാങ്ങുകയും ചെയ്തു. ബാലുവിന്റെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ മാറണം. അതു തെളിയിക്കാൻ ഏതറ്റം വരെയും പോകും. - ലക്ഷ്മി, ബാലഭാസ്കറിന്റെ ഭാര്യ

കുഴപ്പിച്ച് ദൃക്സാക്ഷി മൊഴികൾ

‘ബാലഭാസ്കർ പിൻസീറ്റിൽ’

വിമാനത്താവളത്തിൽ നിന്നു ബന്ധുവിനെയും കൂട്ടി കാറിൽ മടങ്ങിവരുകയായിരുന്നു ഞാനും ജ്യേഷ്ഠൻ പ്രണവും. പള്ളിപ്പുറം ജംക്‌ഷനു തൊട്ടുമുന്നിലെത്തിയപ്പോൾ കാർ മരത്തിലിടിച്ചു നിൽക്കുന്നതു കണ്ടു. ഉടൻ ഇടതുവശത്തെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തെടുത്തു. ബർമുഡയും ടീഷർട്ടും ധരിച്ച തടിച്ച ഒരാളായിരുന്നു ഡ്രൈവിങ് സീറ്റിൽ. പിന്നിൽ ഇരുസീറ്റുകൾക്കുമിടയിൽ തലകുനിച്ചു കുഴഞ്ഞിരിക്കുകയായിരുന്നു കുർത്ത ധരിച്ച ഒരാൾ.

trivandrum-ashwin
അശ്വിൻ എം.ജയൻ

പ്രണവാണു കുട്ടിയുമായി പൊലീസിനൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയത്. അപകടത്തിൽ‌പ്പെട്ടതു ബാലഭാസ്കറും കുടുംബവുമാണെന്നു മെഡിക്കൽ കോളജിൽ നിന്നു പ്രണവ് മടങ്ങിയെത്തിയപ്പോഴാണു മനസ്സിലായത്. കുർത്ത ധരിച്ചു കാറിന്റെ പിൻസീറ്റിൽ കണ്ടയാളാണു ബാലഭാസ്കറെന്നു തിരിച്ചറിഞ്ഞു. - അശ്വിൻ എം.ജയൻ (നന്ദു), വർക്കല ചാവർകോട് സ്വദേശി

‘ബാലഭാസ്കർ ഡ്രൈവിങ് സീറ്റിൽ’

ആറ്റിങ്ങലിൽ നിന്നു ഞാനും കണ്ടക്ടറും ചായകുടിച്ച ശേഷം ബസ് എടുത്തു. കുറെ ദൂരം പിന്നിട്ടപ്പോൾ 2 വാഹനങ്ങൾ ഓവർടേക് ചെയ്തു. അതിലൊരു കാർ പള്ളിപ്പുറം സിഗ്നൽ പിന്നിട്ടപ്പോൾ വളവു കഴിഞ്ഞു റോഡ‍ിന്റെ വലതുവശത്തേക്കു വേഗത്തിൽ നീങ്ങി. പെട്ടെന്നു വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു. ബസ് വശത്ത് ഒതുക്കി ഞാൻ ചാടിയിറങ്ങി. ഗിയർ ലിവറിനു സമീപം കുട്ടിയും മുൻവശത്തെ ഇടതു സീറ്റിൽ ഒരു സ്ത്രീയും ബോധമറ്റു കിടക്കുകയായിരുന്നു.

trivandrum-aji
സി.അജി

അതുവഴിപോയ കാർ നിർത്തിച്ചു ജാക്കിലിവർ വാങ്ങി കാറിന്റെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തെടുത്തു; പിന്നാലെ സ്ത്രീയെയും. പിന്നിൽ കിടക്കുകയായിരുന്നയാളെ നാട്ടുകാർ ചേർന്നു വാതിൽ പൊളിച്ചു പുറത്തെടുത്തു. ഡ്രൈവിങ് സീറ്റിലായിരുന്നയാളെയും പിന്നാലെ പുറത്തെടുത്തു. ബാലഭാസ്കറായിരുന്നു ഡ്രൈവിങ് സീറ്റിൽ. - സി.അജി (കെഎസ്ആർടിസി ഡ്രൈവർ, വെള്ളറട സ്വദേശി)

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama