go

മത്സ്യലഭ്യത വർധിക്കണമെങ്കിൽ കടലിളകി മറിയണം; പ്രതീക്ഷയോടെ വിഴിഞ്ഞം തുറമുഖം

Thiruvananthapuram News
വലയൊരുക്കം....മഴ പെയ്തതോടെ മീൻ ലഭിക്കുമെന്ന പ്രതീക്ഷയുയർന്ന വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ ഇന്നലെ വൈകിട്ടത്തെ കാഴ്ച.കടൽ പ്രക്ഷുബ്ദ്ധമായതിനാൽ വള്ളമിറക്കാനാകാത്ത വിഷമത്തിലുമാണ് തൊഴിലാളികൾ.
SHARE

വിഴിഞ്ഞം∙മഴ പെയ്തു തുടങ്ങിയതോടെ  മീൻപിടിത്ത സീസൺ എത്തിയെന്ന പ്രതീക്ഷയിൽ വിഴിഞ്ഞം മത്സ്യബന്ധന തീരം. സാധാരണ മേയ് പകുതിയോടെ തുടങ്ങേണ്ട സീസൺ ഇത്തവണ ജൂൺ ആദ്യവാരം കഴിഞ്ഞിട്ടും തുടങ്ങാത്തതിന്റെ ആകുലതയിലായിരുന്നു തൊഴിലാളികൾ. കഴിഞ്ഞ ദിവസം  മഴ പെയ്തു തുടങ്ങിയത് തീരത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ മനസും കുളിർപ്പിച്ചു.   മത്സ്യലഭ്യത വർധിക്കുന്നതിനു മഴ പെയ്തു കടലിളകി മറിയണം. കാലവർഷം വൈകിയതോടെ വിഴിഞ്ഞത്തെ സീസണും വൈകി.

കൊഞ്ചു മത്സ്യം പെടുന്നതോടെയാണ് സീസൺ തുടക്കം. ഈ മത്സ്യമൊഴികെ മറ്റു ചെറു മീനുകളെല്ലാം കുറേശ്ശെ ലഭിച്ചു തുടങ്ങിയതായി തൊഴിലാളികൾ പറഞ്ഞു. കയറ്റു മതി കമ്പോളത്തിൽ പൊന്നു വിലയുള്ള കൊഞ്ചു ലഭിച്ചാലേ തീരത്ത് ചാകരയുടെ  പ്രതീതിയുണരൂ. മഴ ശക്തമായാൽ വരും ദിവസങ്ങളിൽ കൊ‍ഞ്ചു വലയിൽപ്പെടുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. സീസൺ പ്രതീക്ഷയിൽ പൂവാർ മുതൽ അഞ്ചു തെങ്ങു വരെയുള്ള തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തെത്തിക്കഴിഞ്ഞു. 

ട്രോളിങ് നിരോധനമല്ല,  ഇവിടെ സീസൺ

വിഴിഞ്ഞം∙ വടക്കൻ ജില്ലകളിൽ ട്രോളിങ് നിരോധനത്തെത്തുടർന്ന് യാനങ്ങൾ കരയിൽ വിശ്രമിക്കുമ്പോൾ പരമ്പരാഗത മത്സ്യബന്ധനമുള്ള വിഴി‍ഞ്ഞം തീരത്ത്  മത്സ്യത്തൊളിലാളികൾ കടലിൽ വള്ളമിറക്കാനുള്ള തിരക്കിലാവും. കടൽ കനിഞ്ഞാൽ വരുന്ന 3 മാസക്കാലം വിഴിഞ്ഞത്തിനു മീൻപിടിത്ത സീസണാണ്.ട്രോളറുകളൊന്നുമില്ലാത്ത ഇവിടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും വള്ളങ്ങളുമാണുള്ളത്.

വള്ളമിറക്കാൻ സൗകര്യമുള്ളതിനാലാണ് തലസ്ഥാനത്തെ മറ്റു തീരങ്ങളിലുള്ളവർ ഇക്കാലത്ത് ഇവിടേക്ക് വരുന്നത്. വർഷം മുഴുവനുമുള്ള ചെലവുകളും മറ്റു ജീവിത സ്വപ്നങ്ങളുടെ പൂർത്തീകരണവും ഈ സീസൺ കാലത്തെ ആശ്രയിച്ചാണ്.  മോശം കാലാവസ്ഥയിൽ  കടലിൽ പോകുന്നതിനു നിരോധനമില്ലെങ്കിൽ വരും ദിവസങ്ങളിൽ  തൊഴിലാളികൾ നല്ല കോരു പ്രതീക്ഷയോടെ വള്ളമിറക്കും. 

കൂടുതൽ പൊലീസ്

വിഴിഞ്ഞം∙ മീൻപിടിത്ത സീസണോടനുബന്ധിച്ച് വിഴിഞ്ഞം തീരത്തേക്ക് 90പേർ അടങ്ങുന്ന പൊലീസ് സംഘമെത്തി.വരും ദിവസങ്ങളിൽ കൂടുതൽ പൊലീസ് എത്തും. ഇന്നലെ എത്തിയവരെ  വിഴിഞ്ഞത്തെയും പരിസരങ്ങളിലെയും പിക്കറ്റ് പോസ്റ്റുകളിൽ നിയോഗിച്ചു. പ്രധാന റോഡുകളിൽ നിശ്ചിത സ്ഥാനങ്ങളിലും പൊലീസ് പിക്കറ്റുണ്ടാവും.കൂടാതെ ബൈക്ക്, ജീപ്പ് പട്രോളിങും നടത്തും. രാത്രിയും പകലും വാഹന പരിശോധനയും ഉണ്ടാവുമെന്ന് വിഴിഞ്ഞം എസ്ഐ: സജി അറിയിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama