go

നിയമസഭയിൽ സാമാജികരെ അമ്പരപ്പിച്ച് അത്യപൂർവ അതിഥി; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

trivandrum-nitin-gadkari-1
കേരള നിയമസഭ സന്ദർശിച്ച ശേഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഭാര്യ കാഞ്ചൻ ഗഡ്കരി, പേരക്കുട്ടി എന്നിവർ പുറത്തേക്കിറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം.
SHARE

തിരുവനന്തപുരം ∙ നിയമസഭയിൽ സാമാജികരെ അമ്പരപ്പിച്ച് അത്യപൂർവ അതിഥിയെത്തി. ഒരാഴ്ചത്തെ കോവളം സന്ദർശനത്തിനായി കുടുംബാംഗങ്ങളോടൊപ്പം എത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഭാര്യയെയും കൂട്ടി മുഖ്യമന്ത്രിയെയും സ്പീക്കറെയും അംഗങ്ങളെയും കാണാൻ സഭയിലെത്തിയത്. നീല കുർത്തിയും വെള്ള പാന്റ്സുമണിഞ്ഞ് വിഐപി ഗാലറിയിലെത്തിയ അദ്ദേഹത്തെ അംഗങ്ങൾ ആദ്യം ശ്രദ്ധിച്ചില്ല. പിന്നാലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ‘‘ഒരു വിശിഷ്ടാതിഥി നിയമസഭയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’’

ഉടൻ അംഗങ്ങളുടെ മുഖം ഗാലറിയിലേക്കു തിരിഞ്ഞു. ഗഡ്കരിയും ഭാര്യ കാഞ്ചൻ ഗഡ്കരിയും കുടുംബാംഗങ്ങളും എഴുന്നേറ്റു നിന്ന് അംഗങ്ങളെ നോക്കി തൊഴുതു. എംഎൽഎമാർ ഡെസ്കിൽ തട്ടി  സ്വാഗതം ചെയ്തു. നിയമസഭാ നടപടികളും തേക്കിൻതടിയിൽ തീർത്ത അകത്തളവും കൗതുകപൂർവം അദ്ദേഹവും ഭാര്യയും നോക്കിയിരുന്നു. കാൽ മണിക്കൂറോളം ഗാലറിയിൽ ചെലവിട്ട ശേഷമാണ് മന്ത്രിയും പത്നിയും മടങ്ങിയത്. കേന്ദ്രമന്ത്രിമാർ സംസ്ഥാനങ്ങളിലെത്തുമ്പോൾ മുഖ്യമന്ത്രിയെ ഓഫിസിലെത്തി കാണാറുണ്ടെങ്കിലും നിയമസഭയിലെ ഗാലറിയിൽ കാഴ്ചക്കാരായി എത്തുന്നത് അത്യപൂർവമാണ്. 

സഭയിലേക്കു കടക്കുംമുൻപ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി നിതിൻ ഗഡ്കരി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി. സുധാകരൻ, ഒ. രാജഗോപാൽ എംഎൽഎ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പിന്നീട് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചാണു മടങ്ങിയത്.

 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama