go

15 ലോഡ് സ്നേഹം !

trivandrum-gandhi-park-collection
ഗാന്ധി പാർക്കിൽ അവശ്യവസ്തുക്കൾ ശേഖരിക്കുന്നു.
SHARE

തിരുവനന്തപുരം∙ ഗേറ്റ് മുതൽ മുറികൾ വരെ സാധനങ്ങൾ കൈമാറാൻ വിദ്യാർഥികളുടെ നീണ്ട നിര, വൊളന്റിയറായി റജിസ്റ്റർ ചെയ്യാനുള്ള കൗണ്ടറിന് ചുറ്റുമുള്ള ആൾക്കൂട്ടം, സാധനങ്ങൾ തരംതിരിച്ച് വേണ്ടതിന്റെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്ന ഹെൽപ് ഡസ്ക്ക്... എല്ലാറ്റിനും മേലേ പ്രളയത്തെപ്പോലും തോൽപ്പിക്കുന്ന ആവേശക്കടലായി ഒരു കൂട്ടം മനുഷ്യർ. തലസ്ഥാനത്തെ കലക്‌ഷൻ സെന്ററുകളിലെ കാഴ്ചയാണിത്.  9 മുതൽ ആരംഭിച്ച കേന്ദ്രങ്ങളിൽ 4 ദിവസങ്ങൾക്കിപ്പുറവും ആവേശം ചോർന്നിട്ടില്ല.

ആദ്യം അൽപം മടിച്ചു നിന്നെങ്കിലും രണ്ടാം ദിനം ഉണർവ് വീണ്ടെടുത്ത തലസ്ഥാനം ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇതുവരെ കൈമാറിയത് 15 ലോഡ് സ്നേഹമാണ് ! വിശപ്പും ദാഹവും ഗൗനിക്കാതെയാണു കേന്ദ്രങ്ങളിൽ വൊളന്റിയർമാർ പണിയെടുക്കുന്നത്.

trivandrum-smv-school-collection
എസ്എംവി സ്കൂളിൽ അവശ്യവസ്തുക്കൾ ശേഖരിക്കുന്നു.

ഫ്രഷ് ആകാൻ മാത്രം ഒന്നോടി വീട്ടിൽ പോയി വരുന്നു ചിലർ. സെന്ററുകളിൽ തന്നെ ഊഴമിട്ട് ഉറങ്ങുന്ന മറ്റു ചിലർ. ഭൂരിപക്ഷവും വിദ്യാർഥികളായ വൊളന്റിയർമാർക്ക് വിശപ്പും ദാഹവുമൊന്നും ഒരു വിഷയമേയല്ല. സന്നദ്ധ സംഘടനകൾ എത്തിച്ചു കൊടുക്കുന്ന ഭക്ഷണം പങ്കിട്ടു കഴിക്കാനെടുക്കുന്ന ഇത്തിരി നേരമൊഴിച്ചാൽ എത്രയും വേഗം സാധനങ്ങൾ എത്തിച്ചു കൊടുക്കാനുള്ള തിരക്കിലാണ് അവർ. 

എല്ലാ സെന്ററുകളിലും നന്മയുടെ നീണ്ട നിര 

9 മുതൽ ആരംഭിച്ച നഗരസഭയുടെ കലക്‌ഷൻ സെന്ററിൽ നിന്നു മാത്രം ഇതുവരെ പോയത് 9 ലോഡ് സാധനങ്ങൾ. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ക്യാംപുകളിലേക്കാണു സാധനങ്ങൾ എത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും പ്രസ് ക്ലബ്ബിന്റെയും സെന്ററുകളിൽ നിന്നും ലോഡുകൾ കയറ്റി അയച്ചു. ആദ്യത്തെ തണുപ്പു വിട്ട് കഴിഞ്ഞവർഷത്തെ ഒത്തൊരുമയുടെ ചരിത്രം എഴുതാൻ നഗരം വീണ്ടും കൈകോർത്തതോടെ നഗരത്തിലെ എല്ലാ സെന്ററുകളിലും ഇപ്പോൾ ഇരു കയ്യിലും സാധനങ്ങളുമായി എത്തുന്നവരുടെ നീണ്ട നിരയാണ്.

trivandrum-collection-centers
1- വനിതാ കോളജിൽ ശേഖരിച്ച അവശ്യവസ്തുക്കൾ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ലോറിയിൽ കയറ്റുന്നു. 2- കോർപറേഷനിലെ കലക്‌‍‌ഷൻ സെന്ററിൽ നിന്ന് ലോഡ് കയറ്റുന്നു

കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട് അക്കൂട്ടത്തിൽ. രണ്ടരലക്ഷത്തിലധികം ആളുകൾ ക്യാംപിൽ കഴിയുന്നതിന്റെ ഗൗരവം കണക്കിലെടുത്ത് സ്കൂളുകൾ ഉൾപ്പെടെയുള്ളവർ പുതിയ കലക്‌ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ചെറിയ കേന്ദ്രങ്ങൾ നഗരസഭയ്ക്കോ ജില്ലാ ഭരണകൂടത്തിനോ ആണു സാധനങ്ങൾ കൈമാറുക. അതതു ജില്ലകളിൽ നിന്നു ലഭിക്കുന്ന അഭ്യർഥനകള‍ക്കനുസരിച്ചാണു നിലവിൽ ലോഡ് അയയ്ക്കുന്നത്. 

∙ അത്യാവശ്യം വേണ്ടവ :

ധാന്യങ്ങൾ, ഉപ്പ്, പഞ്ചസാര, ബക്കറ്റ്, മഗ്, പായ, പുതപ്പ്,  മരുന്നുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, ഡയപ്പർ, സാനിറ്ററി പാഡ്, ശുചീകരണ വസ്തുക്കൾ, ബിസ്കറ്റ്, കയ്യുറ, ചെരുപ്പ് തുടങ്ങിയവ.

trivandrum-cet-collection-center
കോളജ് ഓഫ് എൻജിനിയറിങ്ങിൽ സിഇടി)ആരംഭിച്ച കലക്ഷൻ സെന്റർ

∙ പ്രധാന കലക്‌ഷൻ സെന്ററുകൾ

1. നഗരസഭാ ഓഫിസ് - ഫോൺ: 9946857197
2. എസ്എംവി സ്കൂൾ - ഫോൺ: 8547296918
3. തൈക്കാട് ഭാരത് ഭവൻ - ഫോൺ : 9539321711
4. ഗാന്ധി പാർക്ക്, ഈസ്റ്റ് ഫോർട്ട് - ഫോൺ: 8129868106

5. മാനവീയം വീഥി - ഫോൺ : 9497571803
6 ലോ കോളജ്, പിഎംജി.
7. പ്രസ് ക്ലബ് . ഫോൺ 0471 –2331642
8. ഗവ.മോഡൽ ജിഎച്ച്എസ്എസ് പട്ടം - ഫോൺ: 8921745499

9. യൂണിവേഴ്സിറ്റി കോളജ് . 9633153396
10. വഴുതക്കാട് വിമൻസ് കോളജ്
11. യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്റർ പിഎംജി. ഫോൺ: 9567302207
12. ചാല ഗവൺമെന്റ് സ്കൂൾ - ഫോൺ : 9656419555.
13.തിരുവല്ലം എയ്‌സ് കോളജ് ഓഫ് എൻജിനീയറിങ് - ഫോൺ: 9645326793

‘ബില്ലൊന്നും വേണ്ട, സാധനങ്ങൾ വാങ്ങിക്കൊടുത്താൽ മതി...’

‘‘ആദ്യമൊക്കെ ആളുകൾക്കു വിശ്വാസമില്ലായിരുന്നു. പിന്നെ, തരുന്ന പണത്തിനു സാധനം വാങ്ങിയതിന്റെ ബില്ലുകൾ ഞങ്ങൾ ഓരോ വീട്ടിലും എത്തിച്ചു കൊടുക്കാൻ തുടങ്ങി. ഇപ്പോൾ നിസ്സഹകരണം കുറഞ്ഞു. ബില്ലൊന്നും വേണ്ട, വാങ്ങിക്കൊടുത്താൽ മതിയെന്നാണ് പറയുന്നത്.’’ തികഞ്ഞ സന്തോഷത്തോടെയാണ് സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർഥിയും ആദ്യ ദിനം മുതലേ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവവുമായ ആരതിയുടെ വാക്കുകൾ. 

trivandrum-bharath-bhavan-collection
ഭാരത് ഭവനിൽ അവശ്യവസ്തുക്കൾ ശേഖരിക്കുന്നു.

കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ആളുകൾ മടിച്ചു നിന്ന ആദ്യത്തെ ദിനങ്ങൾ. അന്ന് വൊളന്റിയർമാരായി എത്തിയവർക്കു മുന്നിലെ പ്രധാന വെല്ലുവിളി ക്യാംപുകളിലേക്ക് അയയ്ക്കാൻ എങ്ങനെയും സാധനങ്ങൾ സമാഹരിക്കുക എന്നതായിരുന്നു. മടിച്ചു നിൽക്കാതെ കയ്യിൽ കിട്ടിയ കവറുകളുമായി അവർ വഴികളിലേക്കും വീടുകളിലേക്കും ഇറങ്ങി. മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടി. ചിലരൊക്കെ മുഖം തിരിച്ചു. ചിലർ എങ്ങനെ വിശ്വസിക്കുമെന്നായി.അപ്പോഴാണു സാധനങ്ങൾ വാങ്ങി മടങ്ങും വഴി അതത് വീടുകളിൽ ബില്ലുകൾ എത്തിക്കാൻ ആരംഭിച്ചത്.

അതു പ്രതീക്ഷിക്കാഞ്ഞ ചിലർ ആ സത്യസന്ധതയ്ക്കു മാത്രം വീണ്ടും സഹായം നൽകാനും മടിച്ചില്ല. വൊളന്റിയർമാർക്ക് ബാഡ്ജുകൾ ആയതോടെ വീടുകളിലും കടകളിലും പറഞ്ഞു വിശ്വസിപ്പിക്കേണ്ട ബുദ്ധിമുട്ട് കുറഞ്ഞുവെന്ന് വൊളന്റിയർമാർ പറയുന്നു. സാധനങ്ങളും പണവുമായി ആയിരക്കണക്കിന് രൂപയുടെ സഹായമാണ് ഇതുവഴി കണ്ടെത്താനായത്. മാറി മാറി വരുന്ന മഴയെ വകവയ്ക്കാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രാവിലെയും അവർ ഇറങ്ങി. ഓരോ കു‍ഞ്ഞു സഹായവും വളരെ വലുതാണല്ലോ.

സ്വന്തം വീട് വെള്ളത്തിൽ: അതുംമറന്ന് വൊളന്റിയറായി ജിഷ്ണു 

trivandrum-jishnu
പ്രളയത്തിൽ വീട് മുങ്ങിപ്പോയ കോഴിക്കോട് സ്വദേശി ജിഷ്ണു നഗരസഭയുടെ കലക്‌ഷൻ സെന്ററിൽ

ഒരു നിമിഷം പോലും വിശ്രമിക്കാതെ സെന്ററിൽ വൊളന്റിയറായി ഓടിനടക്കുന്ന ജിഷ്ണുവിന് മറ്റാരേക്കാളും കൂടുതൽ പ്രളയബാധിതരുടെ ദുരിതമറിയാം. കാരണം അങ്ങു ദൂരെ കോഴിക്കോട് ഫറോക്ക് പുറ്റേപ്പടിയിൽ ജിഷ്ണുവിന്റെ വീടു മുഴുവൻ പ്രളയജലം മൂടിക്കിടക്കുകയാണ്. വെള്ളം പൊങ്ങിത്തുടങ്ങിയപ്പോഴേ അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുവീട്ടിലേക്കു മാറിയതിനാൽ അപകടം ഒഴിവായി. രണ്ടു ദിവസം അവരോടു സംസാരിക്കാൻ പോലുമാകാതെ സങ്കടപ്പെട്ടതിന്റെ നിറ്റലൊളിപ്പിച്ചും ജിഷ്ണു ദുരിതശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു, തുടക്കം മുതൽ.

തിരുവനന്തപുരത്ത് താമസിക്കുന്ന ജിഷ്ണു കഴിഞ്ഞ വർഷവും ജില്ലയിലെ പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. ആ ഓർമയിൽത്തന്നെയാണ് ഇക്കുറിയും ആദ്യദിനം തന്നെ വൊളന്റിയറായി ഓടിയെത്തിയത്.സാധനങ്ങൾ എത്തിക്കാൻ മടി കാണിക്കുന്നവരോട് ‘‘ഇപ്പഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നമ്മളൊക്കെ മനുഷ്യരാവുക?’’ എന്നാണ് ജിഷ്ണുവിന്റെ ചോദ്യം. ക്യാംപുകളിൽ സാധനങ്ങൾക്കു വലിയ ദൗർലഭ്യമുണ്ട്. കഴിഞ്ഞ കൊല്ലം എന്റെ വീടിന്റെ മുറ്റം വരെപ്പോലും വെള്ളമെത്തിയില്ല. ഇക്കുറി വീടു മുങ്ങി. ആരാണു ദുരന്തബാധിതരാകുക നമുക്ക് പറയാനാവില്ലല്ലോ. അതുകൊണ്ടു ചെറുതെന്നോ വലുതെന്നോ ഒന്നും കരുതല്ലേ. കണ്ണുമടച്ച് കൂടെക്കൂടിയാൽ എല്ലാം ഉഷാറാക്കാം. ജിഷ്ണു പറയുന്നു.

ഏഴാം ക്ലാസിലെ ഗോപാൽ കൃഷ്ണന്റേത് ‘ഒന്നാം ക്ലാസ് ’ സേവനം !

trivandrum-gopal
നഗരസഭയുടെ കലക്‌ഷൻ സെന്ററിലെ വൊളന്റിയറായ ഏഴാം ക്ലാസുകാരൻ ഗോപാൽ

നഗരസഭയുടെ  കലക്‌ഷൻ സെന്ററിലെ ഏറ്റവും ചെറിയ വൊളന്റിയറാണ് ഉള്ളൂർ സെന്റ്.ജോസഫ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥി ഗോപാൽ കൃഷ്ണൻ. ചേച്ചിമാർക്കും ചേട്ടൻമാർക്കുമൊപ്പം ബാഡ്ജൊക്കെ കുത്തി വിശ്രമിക്കാൻ നേരമില്ലാതെ ഓടിനടക്കുകയാണു ഗോപാലും. നഗരസഭയുടെ മേൽനോട്ടത്തിൽ ഇങ്ങനെയൊരു കേന്ദ്രമുണ്ടെന്നു ഗോപാൽ അറിഞ്ഞതു കഴിഞ്ഞ ദിവസമാണ്. അമ്മയ്ക്കൊപ്പം മ്യൂസിയത്തിൽ വന്നപ്പോഴാണു കുറച്ചധികം ആളുകൾ ഓടിനടന്നു ചെയ്യുന്ന ജോലികളൊക്കെ ഗോപാലിന്റെ മനസ്സിലുടക്കിയത്.

അവധി ദിനം പിന്നെ വീട്ടിലിരിക്കാൻ മനസ്സു വന്നില്ല. ഇന്നലെ രാവിലെ അമ്മയ്ക്കൊപ്പമിറങ്ങി. ജോലിക്കു പോകുന്നതിനിടെ നഗരസഭയുടെ കലക്‌ഷൻ സെന്ററിൽ അമ്മ കൊണ്ടാക്കി. വൈകുന്നേരം അമ്മ വിളിക്കാൻ വരുന്നതു വരെ ഒപ്പം കൂടി. സാധനങ്ങൾ തരംതിരിക്കുന്നതായിരുന്നു ഗോപാലിനു കിട്ടിയ ദൗത്യം.‘‘കഴിഞ്ഞ കൊല്ലം എന്റെ പിറന്നാളിന്റെ സമയത്തായിരുന്നു പ്രളയം വന്നത്. പിന്നെ ആഘോഷിക്കാനൊന്നും മനസ്സു വന്നില്ല. ഇക്കൊല്ലവും അതേ അവസ്ഥ. ഇനിയിപ്പോ ആ പണമെല്ലാം സാധനം വാങ്ങാനെടുക്കും. കൂട്ടുകാരോടും പറഞ്ഞിട്ടുണ്ട്. പിറന്നാളൊക്കെ ഇനീം വരുമല്ലോ’’. ഗോപാലിന്റെ ഓരോ വാക്കിലും കരുതലിന്റെ കൂട്ട്.

പട്ടം സെന്റ് മേരീസ് സ്കൂളിലെ കൗണ്ടർ രണ്ടു ദിവസം കൂടി

trivandrum-pattom-school-collection
പട്ടം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രളയ ദുരിതാശ്വാസ കൗണ്ടറിൽ വിദ്യാർഥികൾ സാധനങ്ങൾ തരംതിരിക്കുന്നു.

പ്രളയ ദുരിതബാധിതരെ സഹായിക്കാൻ   പട്ടം  സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസം കൂടി  കൗണ്ടർ പ്രവർത്തിക്കുമെന്ന്  പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ അറിയിച്ചു. എൻസിസി , എസ്പിസി , സ്കൗട്ട്, സന്നദ്ധ സേന  തുടങ്ങിയ  സംഘടനകളുടെ നേതൃത്വത്തിലാണ്  പ്രവർത്തനം. വസ്ത്രം, ഭക്ഷണ സാധനങ്ങൾ , മരുന്ന്  , മറ്റ് അവശ്യ സാധനങ്ങൾ തുടങ്ങിയവ കൗണ്ടറിൽ നൽകാം.  ഫോൺ : 94954 04974

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama