go

‘സാവിത്രി’ നൽകിയത് കീർത്തി; മേനകയ്ക്കും മകൾക്കും !

trivandrum-keerthi
മഹാനടി സിനിമയിലെ ‘സാവിത്രി’യായി കീർത്തി സുരേഷ്
SHARE

തിരുവനന്തപുരം∙ സാവിത്രി– ഇൗ പേരിലുള്ള രണ്ടു കഥാപാത്രങ്ങൾ അമ്മയ്ക്കും മകൾക്കും നൽകിയത് വ്യത്യസ്തമായ അനുഭവങ്ങൾ. പറഞ്ഞു വരുന്നത് ഇൗ വർഷം മികച്ച നടിക്കുള്ള കേന്ദ്രസർക്കാർ പുരസ്കാരം ലഭിച്ച കീർത്തി സുരേഷിന്റെയും അമ്മയും നടിയുമായ മേനകയുടെയും കാര്യമാണ്. 1980 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ‘സാവിത്രി’. ഭരതൻ സംവിധാനം ചെയ്ത ഇൗ ചിത്രത്തിൽ നായിക ആയി വന്നത് മേനക. 

trivandrum-menaka
ഭരതൻ സംവിധാനം ചെയ്ത ‘ സാവിത്രി’ സിനിമയിൽ സാവിത്രിയായി നടി മേനക

പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത കന്നിചിത്രമായിരുന്നു മലയാളത്തിലിറങ്ങിയ ‘പ്രയാണം’ . മോഹൻ, ലക്ഷ്മി, കൊട്ടാരക്കര ശ്രീധരൻനായർ എന്നിവരായിരുന്നു അതിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രയാണത്തിന്റെ തമിഴ് റീമേക്കായിരുന്നു ‘സാവിത്രി’. മലയാളത്തിൽ ലക്ഷ്മി ചെയ്ത വേഷമായിരുന്നു തമിഴിൽ മേനക ചെയ്തത്. വാർധക്യത്തിലേക്കു കാലൂന്നിയ ഭർത്താവിനെ വിട്ട് സുമുഖനും ചെറുപ്പക്കാരനുമായ യുവാവിനൊപ്പം ഇറങ്ങിപ്പോകുന്ന ബ്രാഹ്മണ യുവതിയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രം. വിവാദമുണ്ടാകാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണോ ? 

ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളെ ആക്ഷേപിക്കുന്ന ചിത്രമാണെന്ന ആരോപണം  തമിഴ്നാട്ടിലെല്ലാം ​അലയടിച്ചു. ബ്രാഹ്മണർ പ്രതിഷേധത്തോടെ തെരുവിലിറങ്ങി. ചിത്രം നിരോധിക്കണമെന്നും പ്രദർശനം നിർത്തിവയ്പ്പിക്കണം എന്നുമുള്ള ആവശ്യങ്ങൾ ഉയർന്നെങ്കിലും ഒന്നും നടന്നില്ല. വിവാദം ചിത്രത്തിനു വലിയ പ്രചാരം നേടിക്കൊടുത്തു. മേനക സാവിത്രിയിലൂടെ വെറുതെ  ‘വിവാദനായിക’യുമായി.  എങ്കിലും പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ ഇൗ സിനിമയും വിവാദവും കാരണമായി.  

38 വർഷത്തിനു ശേഷം മേനകയുടെ മകൾ കീർത്തി സുരേഷ് തെലുങ്ക് ചിത്രമായ ‘മഹാനടി’യിൽ   അഭിനയിച്ച കഥാപാത്രത്തിന്റെയും പേര്  സാവിത്രി . ഇതേ പേരിൽ ദക്ഷിണേന്ത്യ ആകെ അറിയപ്പെട്ടിരുന്ന നടിയുടെ ജീവിതകഥയാണ് ചലച്ചിത്രത്തിന്റെ പ്രമേയം. അതിന്റെ ജീവസ്സുറ്റ അവതരണത്തിലൂടെ കീർത്തി സുരേഷ് നേടിയെടുത്തത് വിവാദമല്ല. അവാർഡാണ്. ഏതൊരു നടിയും ആഗ്രഹിക്കുന്ന ഇന്ത്യയിലെ മികച്ച നടിക്കുള്ള അംഗീകാരം. ‘സാവിത്രി’ എന്ന ത്രൈയക്ഷരി അങ്ങനെ അമ്മയ്ക്കും മകൾക്കും വ്യത്യസ്ത രീതിയിൽ അനുഗ്രഹമാകുന്ന  കാഴ്ചയ്ക്കാണ് ചലച്ചിത്രരംഗം സാക്ഷിയാകുന്നത്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama