go

അവസാനമില്ലാതെ അപകട പരമ്പര: ദുരിതമൊഴിയാതെ അഞ്ചുതെങ്ങ്

trivandrum-rocky-body
മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽ മരിച്ച റോക്കിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കൾ പൊട്ടിക്കരയുന്നു.
SHARE

ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് മൽസ്യമേഖലയ്ക്കു ഭീതി പരത്തി മുതലപ്പൊഴി അഴിമുഖത്ത് അപകടങ്ങൾ ആവർത്തിക്കുന്നത് മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്കിടയിൽ വ്യാപക രോഷമുയർത്തുന്നു. ഹാർബർ നിർമാണം ആരംഭിച്ചതു മുതൽ ഇരുപതു വർഷങ്ങൾക്കിടെ മുതലപ്പൊഴി തീരത്തു ജീവൻ ബലിയർപ്പിക്കേണ്ടിവന്ന മൽസ്യത്തൊഴിലാളികളുടെ എണ്ണം 80 ൽ അധികമാണ്. കഴിഞ്ഞ അഞ്ചുമാസങ്ങൾക്കിടെ നാലുപേരുടെ ജീവനുകളും ഇവിടെ ഹോമിക്കപ്പെട്ടു.

trivandrum-lasar-body
മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽ മരിച്ച ലാസറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ.

അപകടങ്ങളിൽ ഗുരുതരമായി പരുക്കേറ്റു ജോലിക്കുപോകാനാവാതെ വീടുകളിൽ കഴിയുന്നവരുടെ സംഖ്യ നാലിരട്ടിയോളവും. ബോട്ടുകളു ഉൾപ്പെടെ മൽസ്യബന്ധനോപകരണങ്ങൾ നഷ്ടപ്പെട്ടു. കടക്കുരുക്കിൽ എല്ലാം നഷ്ടപ്പെട്ടു കഴിയുന്നവർ തീരത്തു വേറെയുമുണ്ട്.  ഇത്രയൊക്കെയായിട്ടും അപകടത്തിനു കാരണമാവുന്ന പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായി വിലയിരുത്താനോ പരിഹാരം നിർദേശിക്കാനോ ഹാർബർ എൻജിനീയറിങ് വിഭാഗം പോലും മിനക്കെടുന്നില്ലെന്നുള്ളതു തീരത്തെ മൽസ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. 

കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽ നിന്നും അനുവദിക്കുന്ന കോടിക്കണക്കിനു രൂപ യാതൊരു ആസൂത്രണവുമില്ലാതെ നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ചിലവഴിക്കുന്നതൊഴിച്ചാൽ മൽസ്യബന്ധനത്തിനനുയോജ്യമായ സാഹചര്യം ഒരുക്കാൻ ഇന്നുവരെ മുതലപ്പൊഴി തീരത്തു കഴിഞ്ഞിട്ടില്ലെന്നാണു മേഖലയിലെ വിദഗ്ധർ പോലും പറയുന്നത്.

അഴിമുഖം കേന്ദ്രീകരിച്ചു പുലിമുട്ടുകൾ നിക്ഷേപിക്കുന്ന കാര്യത്തിൽ പരമ്പരാഗത മൽസ്യത്തൊഴിലാളികൾ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ അവഗണിച്ചതാണു തീരം ഇന്നുനേരിടുന്ന ദുരിതങ്ങൾക്കു മുഖ്യകാരണമെന്ന ആക്ഷേപവും ശക്തമാണിവിടെ. തുറമുഖ നിർ‌മാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പെരുമാതുറ ഭാഗത്ത് കടൽ ഉൾവലിയുകയും ഒപ്പം തീരത്തോടു ചേർന്നു പുതിയതായി കര രൂപപ്പെടുന്ന പ്രക്രിയ ഉടലെടുക്കുകയും ചെയ്തു.ഇതോടൊപ്പം താഴംപള്ളി മുതൽ അഞ്ചുതെങ്ങ് നെടുങ്ങണ്ട വരെ നീളുന്ന കടലോരം വർഷം മുഴുവൻ കടലെടുക്കുന്ന സ്ഥിതിയുമുണ്ടായി. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama