go

കനലൊടുങ്ങാതെ ഒരു തീരം

trivandrum-moses-edison
അകടത്തിൽനിന്നു രക്ഷപ്പെട്ട മോസസ്, മൂന്നു വർഷം മുൻപ് അപകടത്തിൽപെട്ട് ഇപ്പോഴും ചികിത്സ തുടരുന്ന എഡിസൺ എന്നിവർ
SHARE

തിരുവനന്തപുരം ∙ ഏതാനും മണിക്കൂറുകൾ മുൻപ് ഒപ്പമുണ്ടായിരുന്ന സഹോദരന്റെ ആകസ്മിക വേർപാടിന്റെ നടുക്കത്തിലാണ് ചിറയിൻകീഴ് പൂത്തുറ തരിശുപറമ്പിൽ മോസസ് വെഞ്ചിനോസ്. ബോട്ട് മറിഞ്ഞ് ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠൻ റോക്കി വെഞ്ചിനോസിന്റെ മരണം താങ്ങാനാവാത്ത വേളയിലും ഫോൺകോളുകൾക്കു മറുപടി നൽകാൻ പ്രയാസപ്പെടുകയായിരുന്നു മോസസ്. 

മോസസും ജ്യേഷ്ഠൻ റോക്കിയും പൂത്തുറ സ്വദേശികളായ വിനോദ്, ടെറി മാർട്ടിൻ, അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ ലാസർ തോമസ് എന്നിവരും ഉൾപ്പെട്ട സംഘം ഇന്നലെ രാവിലെ 6 മണിയോടെ അഞ്ചുതെങ്ങിൽ നിന്നു 2 എൻജിനുള്ള ബോട്ടിൽ പുറപ്പെട്ടത് ഒരു വല നിറയെ പ്രതീക്ഷയുമായിട്ടായിരുന്നു. പക്ഷേ, മിനിറ്റുകൾക്കകം പെരുമാതുറ മുതലപ്പൊഴിയിൽ അവരുടെ പ്രതീക്ഷയും ബോട്ടും തകർന്നതിനു പുറമെ ഒപ്പമുണ്ടായിരുന്ന റോക്കിയും ലാസറും എന്നെന്നേക്കുമായി യാത്രയായി.

മോസസിനെയും വിനോദിനെയും ടെറിയെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയെങ്കിലും റോക്കിയും ലാസറും മരണത്തിന്റെ ആഴങ്ങളിലേക്കു പോയി. ലാസറിന്റെ മരുമകൻ ബിജോയിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ ഏറെക്കാലമായി ഇവരടക്കം 20 പേരോളം പേർ മത്സ്യബന്ധത്തിനു പോയി വരുന്നു. വായ്പയും കടങ്ങളും ഉള്ളതിനാലാണു കാലാവസ്ഥ അൽപം പ്രതികൂലമായിട്ടും ബോട്ടിറക്കാൻ സംഘം തീരുമാനിച്ചത്. 

2016ൽ ഇതേ പോലുള്ള അപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട റോക്കിയുടെ ഉറ്റബന്ധു എഡിസണും ഇന്നലെ അപകടം കണ്ടു വിറങ്ങലിച്ചു നിന്നു. 2016 ഓഗസ്റ്റ് 26ന് എഡിസൺ ഉൾപ്പെടെയുള്ളവർ പോയ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ശാന്തിപുരം സ്വദേശി ജോൺസൺ മരിച്ചിരുന്നു. അപകടത്തിൽ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നു ശസ്ത്രക്രിയ നടത്തിയ എഡിസണിന് ഇപ്പോൾ മത്സ്യബന്ധനത്തിനു പോകാനാവുന്നില്ല. ചികിത്സകൾ ഇപ്പോഴും തുടരുന്നുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama