go

അണ്ടൂർക്കോണത്ത് ഇടിമിന്നൽ; ഉപകരണങ്ങൾ നശിച്ച് 9 വീടുകൾ; നടപടിയില്ല

trivandrum-ismael-and-wife
ഇസ്മായിൽപിള്ളയും ഭാര്യ ഷാഹിനയും വീടിനു മുന്നിലെ കത്തി നശിച്ച വൈദ്യുത മീറ്റർ ബോർഡിന് സമീപം.
SHARE

പോത്തൻകോട് ∙ അണ്ടൂർക്കോണം വിളയിൽ പുത്തൻവീട്ടിൽ ഇസ്മായിൽപിള്ള ( 62 ) യുടെ വീട്ടിൽ വൈദ്യുതി മീറ്റർബോർഡ് ഉൾപ്പെടെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ കഴിഞ്ഞ ദിവസം അർധരാത്രി ഉണ്ടായ മിന്നലിൽ കത്തി നശിച്ചു. വീടിനും കേടുപാടുകൾ ഉണ്ടായി. നാലു  ദിവസമായി വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ ഇൻസുലിൻ മരുന്നു പോലും സൂക്ഷിക്കാൻ കഴിയാതെ ഇസ്മായിൽപിള്ള ദുരിതത്തിലാണ്. സംഭവസമയം ഇസ്മയിൽപിള്ളയുടെ ഭാര്യ ഷാഹിനയും മരുമകൾ അസീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ചുവരിൽ സ്ഥാപിച്ചിരുന്ന മീറ്റർബോർഡും വയറിങ്ങും പൂർണമായും കത്തിപ്പോയി. സമീപത്തെ എട്ടോളം വീടുകളിൽ ഫ്രിജ്, ടിവി, വാഷിങ്മെഷീൻ, ഫാനുകൾ ഉൾപ്പെടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തി നശിച്ചതായും പറയുന്നു. കണിയാപുരം ഇലക്ട്രിക്കൽ സെക‌്ഷനിലും അണ്ടൂർക്കോണം വില്ലേജ് ഓഫിസിലും പരാതികൾ നൽകി. വൈദ്യൂതി ബോർഡാണോ പ്രകൃതി ദുരന്ത നിവാരണ വകുപ്പാണോ നഷ്ടപരിഹാരം പരിഹാരം നൽകേണ്ടതെന്നതിന് ഇപ്പോഴും ധാരണയായിട്ടില്ല.  

അതിനാൽ ഇസ്മയിൽപിള്ളയെപോലെയുള്ളവരുടെ പരാതികൾക്ക് പരിഹാരമില്ലാത്ത അവസ്ഥയാണ്. പരാതിയെ തുടർന്ന് കണിയാപുരം സെക‌്ഷനിൽ നിന്നും രണ്ടു ലൈൻമാൻമാർ എത്തി സ്വന്തമായി വയറിങ് നടത്തിയാൽ കണക്‌ഷൻ നൽകാമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഒട്ടേറെ വീടുകളിൽ നാശനഷ്ടങ്ങളുണ്ടായതറിയിച്ചിട്ടും ഉയർന്ന ഉദ്യോഗസ്ഥൻമാർ ആരും തന്നെ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.

അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ നിന്നും വീടിനു സമീപത്തുകൂടി ടെക്നോപാർക്കിലേക്ക് പോകുന്ന 110 കെവി ലൈനിൽ ടവറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന എർത്തിങിന്റെ പ്രശ്നമാണ് അമിത വൈദ്യുതി വരാൻ കാരണമെന്ന് പറയപ്പെ‌ടുന്നു. എർത്തിങ് സംവിധാനമുൾപ്പെടെ ജോലികൾ മറ്റൊരു ഗവ. അംഗീകൃത കമ്പനിക്കാണ് നൽകിയിട്ടുള്ളത്. അത് പൂർത്തിയാക്കിയിട്ടില്ല.  മിന്നൽ ഉണ്ടായ സമയത്ത് 110 കെവി ലൈനിൽ വലിയ തീഗോളം കണ്ടതായും പ്രദേശവാസികൾ പറയുന്നുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama