go

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിന്റെ വേഗം കണ്ടെത്താൻ പൊലീസ് ശ്രമം

sriram-venkataraman
SHARE

തിരുവനന്തപുരം∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട  കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ  ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിന്റെ വേഗം കണ്ടെത്താൻ അതിലെ  ക്രാഷ് ഡേറ്റ റിക്കോർഡർ പൊലീസ് പരിശോധിക്കും.  ഇത്തരം വാഹനങ്ങളിൽ ഈ ഉപകരണം ഉണ്ടെന്നും ഇതു പരിശോധിച്ചാൽ അപകട സമയത്തെ കാറിന്റെ വേഗം , ദിശ എന്നിവ ശാസ്ത്രീയമായി തന്നെ അറിയാൻ കഴിയുമെന്നും അന്വേഷണ സംഘത്തിനു വിദഗ്ധ ഉപദേശം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ക്രാഷ് ഡേറ്റ റിക്കോർഡർ (വിമാനത്തിലെ ബ്ലാക്ക് ബോക്സ് പോലെ) പരിശോധിച്ചു വിശദ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: ഷീൻ തറയിൽ കാർ നിർമാതാക്കളുടെ പുണെ ഓഫിസിനു കത്തയച്ചു. കമ്പനി ഉദ്യോഗസ്ഥർ എത്തിയാൽ നാളെ പരിശോധന നടത്താനാണു പൊലീസ് ആലോചിക്കുന്നത്. 

അതിനിടെ, ശ്രീറാം അമിത വേഗത്തിൽ കാറോടിച്ചതാണ് അപകടമുണ്ടാക്കിയതെന്നു മറ്റൊരു ദൃക്സാക്ഷി കൂടി പൊലീസിനു മൊഴി നൽകി. ഊബർ ഈറ്റ്സ് വിതരണക്കാരനായ ബെൻസനാണു നിർണായക മൊഴി നൽകിയത്. അപകട സമയം ആ വഴി സ്കൂട്ടർ ഓടിച്ചുവരികയായിരുന്നു ബെൻസൺ. അമിത വേഗത്തിൽ വന്ന കാർ ബഷീറിന്റെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്നതു കണ്ടതായി ഇദ്ദേഹം മൊഴി നൽകി. കാർ ഓടിച്ചിരുന്നതു ശ്രീറാം തന്നെയാണെന്നും സ്ഥിരീകരിച്ചു. കൂടുതൽ സാക്ഷി മൊഴികൾ ഈ ദിവസങ്ങളിൽ രേഖപ്പെടുത്തും. 

കവടിയാർ മുതൽ എൽഎംഎസ് വരെ റോഡിന്റെ വശങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. പൊലീസ്, മോട്ടർ വാഹന വകുപ്പ്, സ്വകാര്യ സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ ക്യാമറ ദൃശ്യങ്ങളും  പരിശോധിക്കും. അതിനായി ഈ ഭാഗത്തു ക്യാമറ സ്ഥാപിച്ചിട്ടുള്ള എല്ലാവർക്കും ദൃശ്യങ്ങൾ കൈമാറാൻ പൊലീസ് നോട്ടിസ് നൽകി. നേരത്തെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ലഭിച്ചവ അവ്യക്തമാണെന്നും ആദ്യം കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് പറഞ്ഞിരുന്നു. ഇതു സത്യമാണോയെന്നു കണ്ടെത്താൻ കൂടിയാണ് ഈ നടപടി. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama