go

അനൊയാര എന്ന അവകാശപ്പോരാളി

  അനൊയാര ഖതൂൺ
അനൊയാര ഖതൂൺ
SHARE

2007ൽ ബാലവേലയിൽ നിന്നു മോചിപ്പിക്കപ്പെട്ട ദിവസം അനൊയാര ഖതൂൺ എന്ന പെൺകുട്ടി ഒരു തീരുമാനമെടുത്തു; ബംഗാളിൽ ഒരു കുട്ടിക്കും ഈ ഗതി വരരുത്. ബംഗാളിലെ സുന്ദർബന്നിനു സമീപമുള്ള സന്ദേഷ്ഖലി എന്ന ഗ്രാമത്തിൽ ജനിച്ച അനൊയാരയ്ക്ക് അതിനുള്ള ധൈര്യവും ഊർജവും നൽകിയത് അവളുടെ ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു. അഞ്ചാം വയസ്സിൽ അനൊയാരയുടെ കർഷകനായ പിതാവു മരിച്ചു. 

അഞ്ചു മക്കളുള്ള കുടുംബത്തിൽ ദരിദ്രമായ ചുറ്റുപാടിലായിരുന്നു ജീവിതം. അതേത്തുടർന്ന് 12–ാം വയസ്സിൽ അവൾക്കു നിർബന്ധിത ബാലവേലയ്ക്കായി ഡൽഹിയിലേക്കു പോകേണ്ടി വന്നു. ദുരിതങ്ങളുടെ പടുകുഴിയിൽ ആ പിഞ്ചുബാലിക വെന്തുരുകി. 6 മാസത്തിനു ശേഷം ഒരു സന്നദ്ധ സംഘത്തിന്റെ ശ്രമഫലമായി അവൾ ബാലവേലയിൽ നിന്നു മോചിപ്പിക്കപ്പെട്ടു. അതൊരു പുതിയ ഉദ്യമത്തിലേക്കുള്ള വാതിൽ തുറക്കലായിരുന്നു. 

തിരിച്ചു സ്വന്തം ഗ്രാമത്തിലെത്തിയ അവൾ സമാന പ്രായക്കാർ നേരിടുന്ന കൊടിയ പീഡനത്തെയും അടിച്ചമർത്തലിനെയും പറ്റി വിശദമായി പഠിച്ചു. ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് അവൾ അതോടെ തുടക്കമിട്ടു. സേവ് ദ് ചിൽഡ്രൻ എന്ന സംഘടനയ്ക്കു രൂപം നൽകുകയാണ് ആദ്യം ചെയ്തത്. 

തുടർന്ന് 15–20 കുട്ടികൾ വീതം അംഗങ്ങളായുള്ള 40 ഗ്രൂപ്പുകൾ വിവിധ ഗ്രാമങ്ങളിലായി സംഘടിപ്പിച്ചു. ശൈശവ വിവാഹങ്ങൾ തടയുക, കുട്ടിക്കടത്തു പ്രതിരോധിക്കുക, കുട്ടികൾക്കു ശരിയായ വിദ്യാഭ്യാസം നൽകുക എന്നിവയാണ് ഈ ഗ്രൂപ്പുകളുടെ പ്രവർത്തനം. രണ്ടു വർഷത്തിനു ശേഷം ഈ ഗ്രൂപ്പുകളുടെ എണ്ണം 80 ആയി ഉയർന്നു. ഒട്ടേറെ കുട്ടികളെ ബാലവേലയിൽ നിന്നു മോചിപ്പിക്കാനും ബാലവിവാഹങ്ങൾ തടയാനും ഈ സംഘങ്ങൾക്ക് ആയി. നൂറുകണക്കിനു കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കാനും അനൊയാരയുടെ കൂട്ടായ്മയ്ക്കു സാധിച്ചു. 

ലോകമാകെ അനൊയാരയുടെ പ്രവർത്തനം വലിയ വാർത്തയായി. യുഎന്നിൽ പ്രസംഗിക്കാനായി അവൾ രണ്ടു തവണ ക്ഷണിക്കപ്പെട്ടു. 2016ലെ കേന്ദ്രസർക്കാരിന്റെ നാരിശക്തി പുരസ്കാരവും നേടി. ബാലാവകാശ സംരക്ഷണത്തിനായി ലോകമാകെ കൂട്ടായ്മകൾ രൂപീകരിക്കാനുള്ള യഞ്ജത്തിലാണ് അനൊയാര ഇന്ന്. ഇതിനായി ബിൽ ഗേറ്റ്സിന്റെയും ഭാര്യ മെലിൻഡയുടെയും നേതൃത്വത്തിലുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി അനൊയാര കൈകോർത്തിട്ടുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama