go

വിൽചെയറിലിരുന്ന് നാടിനെ സാന്ത്വനിപ്പിച്ച ദിൽ യാത്രയായി

  കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായമെത്തിക്കുന്നതിനു ദില്ലിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക വീൽചെയറിൽ സഹപാഠികളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനു ഓഫിസിലെത്തി ദിൽ കൈമാറുന്നു(ഫയൽ ചിത്രം).
കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായമെത്തിക്കുന്നതിനു ദില്ലിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക വീൽചെയറിൽ സഹപാഠികളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനു ഓഫിസിലെത്തി ദിൽ കൈമാറുന്നു(ഫയൽ ചിത്രം).
SHARE

ചിറയിൻകീഴ്∙സ്വന്തം അവശത  കണക്കിലെടുക്കാതെ മറ്റുള്ളവർക്കു സാന്ത്വനമായി അവസാനനിമിഷം വരെ ജീവിച്ച അഴൂർ സ്വദേശി ദില്ലി(45)ന്റെ ആകസ്മിക വേർപാട് നാടിന് തീരാനൊമ്പരമായി. ഒരു ട്രെയിൻ അപകടത്തിൽ ശരീരം വിൽചെയറിലേക്കൊതുങ്ങിയെങ്കിലും ദില്ലിന്റെ ദയാവായ്പിന് അതിരുകളില്ലായിരുന്നു. 

പെരുങ്ങുഴി മേട ജംക‌്‌ഷനു സമീപം അക്ഷയ കംപ്യൂട്ടർ സെന്റർ ഉടമ കൂടിയായിരുന്ന ദില്ലിന്റെ ജീവിതം മാറ്റിമറിച്ചതു 1995ൽ മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനടുത്തുനടന്ന അപകടമാണ്. തലസ്ഥാനത്തെ കോളജിൽ എംഎസ്‌സിക്കു പഠിക്കുകയായിരുന്ന ദിൽ വൈകിട്ടുള്ള ട്രെയിനിൽ വീട്ടിലേക്കു വരുന്നതിനിടെ  കംപാർട്മെന്റിലെ വാതിൽ  അടയുകയും സ്റ്റേഷനിലിറങ്ങാൻ വാതിലിനു സമീപം നിൽക്കുകയായിരുന്ന ദിൽ തെറിച്ചു പുറത്തേക്കു വീഴുകയുമായിരുന്നു. അപകടത്തിൽ അരയ്ക്കു താഴെ തളർന്ന  ദില്ലിനു പിന്നിടേണ്ടിവന്നത് ദീർഘകാലത്തെ ആശുപത്രിവാസമാണ്.  

Trivandrum News

അധ്യാപകദമ്പതികളുടെ മകനും പഠനത്തിൽ മിടുക്കനുമായിരുന്ന ദില്ലിന്റെ ജീവിതം പിന്നീട് വീൽചെയറിലായെങ്കിലും നിശ്ചയദാർഢ്യം കൈവിട്ടില്ല.  റെയിൽവേ നൽകിയ നഷ്ടപരിഹാരം കൊണ്ടു കംപ്യൂട്ടർ സെന്റർ തുടങ്ങി. വിദ്യാർഥികൾക്കു സൗജന്യട്യൂഷൻ നൽകുകയും കംപ്യൂട്ടർ സെന്ററിൽ നിന്നു കിട്ടുന്ന തുകയിലൊരുഭാഗം നിർധനരായിട്ടുള്ള സ്കൂൾ കുട്ടികളുടെ പഠനത്തിനായി മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനിടെ അഴൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 1989ൽ തന്നോടൊപ്പം എസ്എസ്എൽസിയ്ക്കു പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മയുണ്ടാക്കി. കഴിഞ്ഞ പ്രളയക്കെടുതിയിൽ വീൽചെയറിലിരുന്ന് ഇതേ കൂട്ടായ്മയിലൂടെ ദിൽ പ്രളയത്തിൽപ്പെട്ടവർക്കു സഹപാഠികളിൽനിന്നും മറ്റും നല്ലൊരുതുക സ്വരൂപിച്ചു. തുടർന്നു കൂട്ടുകാരുടെ സഹായത്തോടെ വീൽചെയറിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി തുക പിണറായി വിജയനു നേരിട്ടു കൈമാറി.

കലശലായ ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്നു രണ്ടാഴ്ച മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായ ദിൽ മൂന്നു ദിവസം മുൻപ്  അടുത്ത സഹപാഠികളെ വിളിച്ചു പ്രളയത്തിൽ കഴിയുന്നവർക്കു ആശ്വാസമെത്തിക്കുന്ന കാര്യത്തെക്കുറിച്ചു സംസാരിച്ചിരുന്നു.ആദ്യഘട്ടമെന്ന നിലയിൽ തന്റെ കൈയ്യിലുള്ള തുക പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകാമെന്നു പറഞ്ഞുപിരിഞ്ഞ ദിൽ കഴിഞ്ഞ ദിവസം രാത്രി  ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.  പെരുങ്ങുഴി കോവിൽനടയ്ക്കു സമീപമുള്ള കുടുംബവീടായ കിണറ്റുവിളാകത്തു നടന്ന സംസ്കാര ചടങ്ങുകളിൽ വൻജനാവലി സാക്ഷ്യം വഹിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama