go

മുതലപ്പൊഴി: അടിക്കടി അപകടങ്ങൾ; ഭീതിയിൽ മത്സ്യത്തൊഴിലാളികൾ

 പുറമേ ശാന്തം........അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിർമാണ കേന്ദ്രത്തിനോടു ചേർന്നുള്ള അഞ്ചുതെങ്ങ് കായലും കടലുമായി കൂടിച്ചേരുന്ന പൊഴിമുഖത്തിന്റെ ദൃശ്യം.
പുറമേ ശാന്തം........അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിർമാണ കേന്ദ്രത്തിനോടു ചേർന്നുള്ള അഞ്ചുതെങ്ങ് കായലും കടലുമായി കൂടിച്ചേരുന്ന പൊഴിമുഖത്തിന്റെ ദൃശ്യം.
SHARE

ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിർമാണ കേന്ദ്രത്തോടു ചേർന്നുള്ള പൊഴിമുഖത്തു മത്സ്യബന്ധന ബോട്ടുകൾ അടിക്കടി അപകടത്തിൽപെടുന്നതു മത്സ്യത്തൊഴിലാളികൾക്കിടയിൽ വ്യാപക ഭീതിയുയർത്തുന്നു. കഴിഞ്ഞ ദിവസം  അഴിമുഖത്ത് മൽസ്യബന്ധനബോട്ട് കടൽച്ചുഴിയിൽപ്പെട്ടു മറിഞ്ഞു രണ്ടുപേർ തൽക്ഷണം മരണമടയുകയും മൂന്നു തൊഴിലാളികൾക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണിപ്പോഴും കടലോരഗ്രാമം. 

പൊഴിമുഖത്തു കഴിഞ്ഞ ദിവസം ബോട്ടപകടത്തിൽ മരണമടഞ്ഞ തൈക്കൂട്ടം കുരിശടിക്കു സമീപം കുന്നുംപുറത്തുവീട്ടിൽ ലാസർതോമസ്(55),  ചിറയിൻകീഴ് പൂത്തുറ തരിശുപറമ്പ് നീനകോട്ടേജിൽ റോക്കിവെഞ്ചിനോസ്(58) എന്നിവരുൾപ്പെടെ മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ ജീവൻപൊലിഞ്ഞവരുടെ എണ്ണം ഏറെയാണിവിടെ. അഞ്ചുതെങ്ങ് പള്ളിക്കൂടം മേക്കുംമുറി പുരയിടത്തിൽ ജോർജ്(66), അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടൈവിളാകം വീട്ടിൽ പസ്കാസ്(62), അഞ്ചുതെങ്ങ് ഞാറത്തുപറമ്പ് ആർക്ക് വീട്ടിൽ ആന്റണി(48), ഓട്ടോഡ്രൈവർ കൂടിയായ കല്ലമ്പലം മാർക്കറ്റിനു സമീപം എസ്എസ് മൻസിലിൽ റിനാസ്മോൻ(25) എന്നിവരും ജീവൻ നഷ്ടപ്പെടവരിൽപെടുന്നു

രണ്ടുവർഷത്തിനിടെ 65 ലേറെ യന്ത്രവൽകൃത ബോട്ടുകളടക്കം മുതലപ്പൊഴി പൊഴിമുഖത്തും മാമ്പള്ളി, താഴംപള്ളി കടൽതീരങ്ങൾ കേന്ദ്രീകരിച്ചും    തിരച്ചുഴിയിൽപെട്ടു മറിയുകയും  എൺപതോളം മത്സ്യത്തൊഴിലാളികൾക്കു  ഗുരുതര പരുക്കേൽക്കുകയുമുണ്ടായി. മത്സ്യബന്ധനോപാധികളും എൻജിൻ ഘടിപ്പിച്ച ബോട്ടുകളും നഷ്ടപ്പെട്ട ഇനത്തിൽ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇവയിൽ ഏറിയപങ്കും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുത്തു വാങ്ങിയിട്ടുള്ളവയുമാണ്. മേഖലയിലെ ബോട്ടുകൾ പുറംകടലിലേക്കു പുറപ്പെടുന്നതിലധികവും മുതലപ്പൊഴി പൊഴിമുഖം വഴിയാണ്. പൊഴിമുഖം അപകടവിമുക്തമാക്കാൻ തുറമുഖവകുപ്പും സർക്കാരും നടപടികൾ വൈകിക്കരുതെന്ന മുറവിളി ശക്തമാണെങ്ങും. 

യാത്ര ദുർഘടം, കാരണം പലത്

പെരുമാതുറ ഭാഗത്തു നിർമാണത്തിലുണ്ടായ വൈകല്യമാണു അപകടത്തിരമാലകൾ രൂപപ്പെടാൻ വഴിയൊരുക്കിയതെന്നു തുറമുഖവകുപ്പ് കണ്ടെത്തിയിരുന്നു.   തുടർന്ന്  തീരത്തു നിക്ഷേപിച്ചിരുന്ന പുലിമുട്ടുകളും വമ്പൻ കരിങ്കൽ ചീളുകളും ബാർജെത്തിച്ചു ഭാഗികമായി നീക്കുകയും അഞ്ചുതെങ്ങ് ഭാഗം കേന്ദ്രീകരിച്ചു അഴിമുഖ നിർമാണം കടലിനുള്ളിലേക്കു നീട്ടുകയും ചെയ്തതോടെ പൊഴിമുഖം വഴിയുള്ള യാത്ര തീർത്തും ദുർഘടം പിടിച്ചതായി. ഇതിനിടെ അപകടകരമായി മുതലപ്പൊഴി മുനമ്പിൽ നിക്ഷേപിച്ചിരുന്ന പുലിമുട്ടുകളും കരിങ്കൽചീളുകളും മാറ്റുന്ന പ്രക്രിയ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.  

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama