go

സംസ്ഥാനത്തു പാറഖനനം പൂർണമായി നിരോധിച്ചു

SHARE

തിരുവനന്തപുരം∙ മിന്നൽ പ്രളയത്തെത്തുടർന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തു പാറഖനനം പൂർണമായി നിരോധിച്ചു. അനിശ്ചിതകാലത്തേക്കാണു നിരോധനം. സംസ്ഥാനത്തു സർക്കാർ അംഗീകാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 750 ക്വാറികളുടെ പ്രവർത്തനം ഇതോടെ നിലയ്ക്കും. മലയോരമേഖലയിലെ പാറഖനനം ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുമെന്നും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും സംസ്ഥാന പരിസ്ഥിതി ആഘാതനിർണയ അതോറിറ്റി സർക്കാരിനോടു ശുപാർശ ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനം. 

ചെങ്കൽ ഖനനവും നിരോധനപരിധിയിൽ ഉൾപ്പെടുമെന്ന് മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ കെ.ബിജു മനോരമയോടു പറഞ്ഞു. പശ്ചിമഘട്ടത്തിലെ അനിയന്ത്രിത പാറഖനനം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുന്നുവെന്നു പ്രഫ. മാധവ് ഗാഡ്ഗിൽ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.  

ഉപേക്ഷിച്ച ക്വാറികളും അപകടകരം

പ്രവർത്തിക്കുന്ന ക്വാറികൾക്കൊപ്പം ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച ക്വാറികളും അപകടകരമാണെന്നു വിദഗ്ധർ. ഉപയോഗം കഴിഞ്ഞ ക്വാറികൾ സംരക്ഷിക്കാൻ (മൈനിങ് ക്ലോഷർ പ്ലാൻ) കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ മാർഗരേഖയുണ്ട്. ഇത് അംഗീകരിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണു പാറഖനനത്തിനു പരിസ്ഥിതി അനുമതി നൽകുന്നത്.

എന്നാൽ, ഇതു മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ലെന്നു പരിസ്ഥിതി ആഘാതനിർണയ അതോറിറ്റി കണ്ടെത്തിയിയിട്ടുണ്ട്. പാറ പൊട്ടിക്കാനുള്ള മാർഗരേഖകളും പലയിടത്തും പാലിക്കുന്നില്ല. അനുവദനീയമായതിന്റെ പലമടങ്ങ് പാറ പൊട്ടിച്ചുകടത്തുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama