go

പ്രളയത്തിനു പിന്നാലെ പകർച്ചവ്യാധി ഭീഷണി; മരുന്നും ചികിത്സയും ഉറപ്പാക്കിയെന്ന് മന്ത്രി

K.K. Shylaja
SHARE

തിരുവനന്തപുരം ∙ പ്രളയത്തിനു പിന്നാലെ എലിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പടരാൻ സാധ്യത ഉള്ളതിനാൽ എല്ലാ സ്ഥലങ്ങളിലും മരുന്നും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയതായി മന്ത്രി കെ.കെ.ശൈലജ.എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ പ്രളയബാധിത പ്രദേശങ്ങളിൽ എത്തിച്ചിട്ടുണ്ട്. കിണറുകളും മറ്റു ജലസ്രോതസ്സുകളും മാലിന്യമുക്തമാക്കാൻ ക്ലോറിൻ വിതരണം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ബ്ലീച്ചിങ് പൗഡറും ലഭ്യമാക്കി. ഡോക്സി സൈക്ലിൻ, രക്താതിസമ്മർദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകൾ എന്നിവ കൂടുതൽ അനുവദിക്കണമെന്നു കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.

അതിർത്തി ജില്ലകളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടി വന്നാൽ അതിർത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പു വരുത്തും. ആയുർവേദ, ഹോമിയോ മരുന്നുകൾ പ്രധാന കേന്ദ്രങ്ങളിൽ ലഭ്യമാണ്.ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരും അവധി ഒഴിവാക്കി ജോലി ചെയ്യാൻ സന്നദ്ധരാണ്. വെള്ളമിറങ്ങുന്ന സമയത്തു പാമ്പുകടിയേൽക്കാൻ സാധ്യതയുണ്ട്. പാമ്പുകടിയേറ്റാൽ ഉടനടി ചികിത്സ ലഭ്യമാക്കാൻ താലൂക്ക് ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തി. വീട് ശുചീകരിക്കാൻ പോകുന്നവർ വൈദ്യുതാഘാതം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ദിശ കോൾ സെന്റർ തുറന്നു

∙ ആരോഗ്യപരമായ എല്ലാ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ കോൾ സെന്റർ ഉണ്ട്. നമ്പർ: 1056/ 0471 255 2056. വിദഗ്ധ ഡോക്ടർമാരുടെ സേവനം ഈ കോൾ സെന്ററിലൂടെ ലഭ്യമാക്കി.

∙പ്രളയബാധിത പ്രദേശങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൺട്രോൾ റൂമിലേക്കു (0471 2302160) വിളിക്കാം.

∙ അടിയന്തര സ്വഭാവമുള്ള വൈദ്യസഹായം, ക്യാംപുകളിലെ വൈദ്യസഹായം, കുടിവെള്ള സുരക്ഷിതത്വം, രോഗ നിരീക്ഷണം, ജലജന്യ, വായുജന്യ, പ്രാണിജന്യ രോഗ നിയന്ത്രണം എന്നീ മേഖലകളിലാണ് പ്രധാനമായും കൺട്രോൾ റൂമിന്റെ പ്രവർത്തനം .

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama