go

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ: ചെയർമാൻ സ്ഥാനം ശശി തരൂർ രാജിവയ്ക്കുന്നു

Shashi-Tharoor-08
SHARE

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചു പ്രസ്താവന നടത്തിയെന്ന പേരിൽ കോൺഗ്രസിലെ സംസ്ഥാന നേതാക്കളുടെ വിമർശനത്തിന് ഇരയായ ശശി തരൂർ എംപി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നു. സെല്ലിന്റെ സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുടെയും കോഓർഡിനേറ്റർമാരുടെയും യോഗത്തിൽ തരൂർ തന്നെ രാജി തീരുമാനം പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കി കെപിസിസി പ്രസിഡന്റിന് കത്ത് അയയ്ക്കുമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. 

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ ശേഷം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് ആശയപ്രചാരണത്തിനായി രൂപീകരിച്ചതാണു പ്രഫഷനൽ, രാഷ്ട്രീയ പ്രവർത്തകരുടെ കൂട്ടായ്മയായ ഡിജിറ്റൽ മീഡിയ സെൽ. ഇതിന്റെ ചെയർമാനായി ശശി തരൂരിനെയും കൺവീനറായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും നിയമിച്ചത് കെപിസിസി പ്രസിഡന്റിന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു. എംപിയെന്ന നിലയിൽ തന്നോടു വിശദീകരണം തേടേണ്ടിയിരുന്നത് എഐസിസിയാണെന്നും കെപിസിസി ഇതിനു മുതിർന്നതിലുള്ള മനോവ്യഥയാണു  രാജി തീരുമാനത്തിലേക്കു നയിച്ചതത്രേ. 

ഈ മാസം രണ്ടിനു  തരൂരിന്റെ നിർദേശപ്രകാരമാണു കെപിസിസി ഓഫിസിൽ ഡിജിറ്റൽ മീഡിയ സെല്ലിന്റെ യോഗം വിളിച്ചു ചേർത്തത്. അപകടത്തിൽ പരുക്കേറ്റതിനാൽ കൺവീനർ അനിൽ ആന്റണി പങ്കെടുത്തില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ കോർ കമ്മിറ്റി അംഗങ്ങളെയും കോഓർഡിനേർറ്റർമാരെയും അഭിനന്ദിച്ച ശേഷമാണു രാജിവയ്ക്കുന്ന കാര്യം തരൂർ അറിയിച്ചത്.

എംപിയെന്ന നിലയിലും മറ്റും ഒട്ടേറെ ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലാണു രാജിവയ്ക്കുന്നതെന്നും വിശദീകരിച്ചു. എന്നാൽ, ഭൂരിപക്ഷംപേരും രാജിവയ്ക്കരുതെന്നാണു പ്രതികരിച്ചത്. ആലോചിക്കാമെന്നു മാത്രമായിരുന്നു തരൂരിന്റെ മറുപടി. രാജി പ്രഖ്യാപനം ശശി തരൂർ യോഗത്തിൽ നടത്തിയെന്നതു ശരിയാണെങ്കിലും അദ്ദേഹം ഇപ്പോഴും ചെയർമാൻ തന്നെയാണെന്ന്  കൺവീനർ അനിൽ ആന്റണി പ്രതികരിച്ചു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama