go

ഇത് മാത്യൂസിന്റെ സ്വർഗരാജ്യം

thiruvananthapuram news
തിരുവനന്തപുരം വെമ്പായം പെരുംഗൂറിൽ പ്രവർത്തിക്കുന്ന മ്യൂസിയം ഒ‍ാഫ് ദി വേഡിന്റെ സ്ഥാപകനും പ്രസിഡന്റുമായ ബ്രദർ. ഡോ. മാത്യൂസ് വർഗീസ്.
SHARE

തിരുവനന്തപുരം∙ വെമ്പായത്തെ  3 ഏക്കർ വിശാലമായ പുരയിടത്തിൽ കയറിയാൽ ഏദൻതോട്ടം മുതൽ ക്രിസ്തുവിന്റെ സ്വർഗാരോഹണമല വരെ ഒറ്റയടിക്ക് കണ്ടുപോരാം. ബ്രദർ ഡോ.മാത്യൂസ് വർഗീസിന്റെ ഒരായുഷ്ക്കാലത്തെ സമ്പാദ്യമാണത്. ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിച്ചും കണ്ടും കേട്ടും വാങ്ങിക്കൂട്ടിയ ബൈബിളുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും പുനരാവിഷ്ക്കാരങ്ങളും കോർത്തിണക്കിയ ആ ശ്രമത്തിന് ‘മ്യൂസിയം ഓഫ് ദി വേഡ്’ എന്നാണ് മാത്യൂസ് നൽകിയിരിക്കുന്ന പേര്.

ഇപ്പോൾ കൂടുതൽ വിശാലമാക്കിക്കൊണ്ട് ബൈബിൾ തീം പാർക്ക് നിർമിക്കുന്നതിന്റെ തിരക്കിലാണ് മാത്യൂസും സംഘവും. ഒപ്പം  എല്ലാ സഭാവിഭാഗങ്ങൾക്കുമായി നിർമിച്ച ചാപ്പലിന്റെ അവസാന വട്ട മിനുക്കുപണികളും പുരോഗമിക്കുകയാണ്. ഇന്ന് ചാപ്പലിന്റെ സമർപ്പണം നടക്കും. മുന്നൂറിലധികം ബൈബിൾ വിവർത്തനങ്ങളുടെ ശേഖരണമുണ്ട് മ്യൂസിയത്തിൽ.

പല ഭാഷകളിൽ എഴുതപ്പെട്ട വിവർത്തനങ്ങളുടെ ചരിത്രം പറയുന്ന ബൈബിളുകൾ. മൃഗങ്ങളുടെ തോലിൽ, ആദ്യകാല പേപ്പറുകളിൽ കൈപ്പട കൊണ്ട് എഴുതിതീർത്തവ തുടങ്ങി ഗോൾഡ് കോയിനുകളിൽ ചിത്രവും വിവരണങ്ങളുമായി എഴുതിയ അക്കാലത്തെ ഇല്ലസ്ട്രേറ്റഡ് ബൈബിളുകൾ വരെയുണ്ട് കൗതുകങ്ങളുടെ കൂട്ടത്തിൽ. ചുരുളുകളായി മാത്രം നിവർത്താനാവുന്ന ‘തോറ’ പുസ്തകവും ഏറ്റവും ചെറിയ പോക്കറ്റ് ബൈബിളുകളുമെല്ലാം ശേഖരിച്ചിട്ടുണ്ട്.

ബൈബിൾ സംഭവങ്ങളുടെ അധികമാരും കണ്ടിട്ടില്ലാത്ത ചിത്രങ്ങളാണ് മ്യൂസിയത്തിന്റെ മറ്റൊരു ആകർഷണം. പല രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച കുരിശുകളുടെ വിവിധ മാതൃകകളും ഒരുക്കിയിട്ടുണ്ട്. യേശുവിന്റ മുൾക്കിരീടം, ശരീരത്ത് തറച്ച ആണികൾ, മുപ്പത് വെള്ളിക്കാശ് തുടങ്ങിയവയുടെയെല്ലാം ഒറിജിനൽ മാതൃകകളും ക്രൈസ്തവ പുരോഗതിയുടെ കൂടി ചരിത്രം പറയുന്ന നാണയങ്ങളും സ്റ്റാംപുകളുമെല്ലാമുണ്ട് മ്യൂസിയത്തിൽ.

വിശുദ്ധനാട് സന്ദർശിക്കാൻ പറ്റാത്തവർക്കായാണ് തീംപാർക്കിൽ ചില മാതൃകകൾ അതേപടി പുനരാവിഷ്ക്കരിച്ചതെന്ന് മാത്യൂസ് പറയുന്നു. ലിപിയില്ലാത്ത ഗോത്രഭാഷകൾ ഉൾപ്പെടെ മുപ്പതിൽ അധികം ഭാഷകളിലേക്ക് മാത്യൂസ് ഇതുവരെ ബൈബിൾ വിവർത്തനം ചെയ്തിട്ടുണ്ട്. നാനൂറിൽ അധികം ക്രിസ്തീയ ഗാനങ്ങളും രചിച്ചു.  ദുബായിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്തിരുന്ന മാത്യൂസ് അവിചാരിതമായാണ് ആത്മീയ മേഖലയിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രെയർ ഗ്രൂപ്പുകൾ സജീവം. ഭാര്യ രാജിയും മക്കൾ അജയ്, വിജി, റെജി എന്നിവരും എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama