go

മിത്ര, ഉത്രാടം..വേളിയിൽ 2 പുതിയ ബോട്ടുകൾ നീറ്റിലിറക്കി

thiruvananthapuram-tourism
സംസ്ഥാന ടൂറിസം വകുപ്പ് വേളി ടൂറിസ്റ്റ് വില്ലേജിൽ ഒരുക്കിയ സ്പീഡ് ബോട്ട്, പെഡൽ ബോട്ട് സവാരിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യാത്ര ചെയ്തു നിർവഹിക്കുന്നു. ചിത്രം∙മനോരമ
SHARE

തിരുവനന്തപുരം ∙ വേളിയിലെ വാട്ടർ സ്പോർട്സിൽ വാങ്ങിയ പുതിയ ബോട്ടുകൾ നീറ്റിലിറക്കുന്ന ചടങ്ങ്  കാണാൻ എത്തിയ മിത്രയെന്ന കൊച്ചു മിടുക്കിയെയും കൂട്ടി ഉദ്ഘാടകനായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബോട്ട് യാത്ര. യാത്രക്കിടയിൽ ടൂറിസം ഡയറക്ടർ ബാലകിരൺ ബോട്ടുകൾക്ക് പേരിടുന്ന കാര്യം സൂചിപ്പിച്ചു. കൂടുതൽ ആലോചിക്കാതെ പുതുതായി വാങ്ങിയ രണ്ടു സ്പീഡ് ബോട്ടുകളിൽ ഒന്നിനു മിത്രയെന്ന പേര് നൽകാൻ മന്ത്രി നിർദേശിച്ചു.

രണ്ടാമത്തെ ബോട്ടിന് ഉത്രാടമെന്ന പേരും നൽകി. പുതിയ ബോട്ടുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചതിനു ശേഷമായിരുന്നു മിത്രയെയും കൂട്ടിയുള്ള മന്ത്രിയുടെ കായൽ സവാരി. വേളിയുടെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ആകെ 3 സ്പീഡ് ബോട്ടുകളും 5 പെഡൽ ബോട്ടുകളും ഒരു സൗരോർജ സഫാരി ബോട്ടും  100 ലൈഫ് ജാക്കറ്റുകളുമാണ് വാങ്ങുന്നത്.

1.46 കോടി രൂപയാണ് ഇതിനായി വിനോദ സഞ്ചാര വകുപ്പ് അനുവദിച്ചത്. ഇപ്പോൾ 5 പെഡൽ ബോട്ടുകളും 2 സ്പീഡ് ബോട്ടുകളാണ് എത്തിയത്. ഇതിൽ പെഡൽ ബോട്ടുകൾ ഇവിടെയുള്ള കുളത്തിലാണ് യാത്ര നടത്തുന്നത്. ലൈഫ് ജാക്കറ്റുകളും എത്തിയിട്ടുണ്ട്.  കെടിഡിസിയുടെ ഫണ്ടിൽ നിന്നും 50 ലൈഫ് ബോയും വാങ്ങി. സൗരോർജ ബോട്ടിന്റെ രൂപ കൽപനയും മറ്റും നിർവഹിക്കുന്നത് കൊച്ചിൻ യൂണിവേഴ്സിറ്റിയാണ്. ഇതിന്റെ നിർമാണം ഏതാനും മാസങ്ങൾക്കകം പൂർത്തിയാക്കി നീറ്റിലിറക്കും. 

44 കോടി രൂപയുടെ ഭരണാനുമതി

വേളി ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇതിനകം വിവിധ പദ്ധതികൾക്കായി 44 കോടി രൂപയുടെ ഭരണാനുമതി നൽകി .സംസ്ഥാനത്ത്  ആദ്യമായി വേളിയിൽ ട്രെയിൻ സർവീസ് നടത്തുന്നതിനുള്ള പണി പുരോഗമിക്കുകയാണ്. 2020 ജനുവരി മാസം അവസാനത്തോടുകൂടി കുട്ടികളുടെ ട്രെയിൻ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കൺവൻഷൻ സെന്റർ,ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടെ നിർമാണ പ്രവർത്തനം തുടങ്ങി. കൂടാതെ ഇക്കോപാർക്ക്, അർബൻ പാർക്ക്, എന്നിവയും  നിർമാണം ആരംഭിച്ചു.  കൂടാതെ മറ്റു ചില വികസന പ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതിയും ഉടൻ നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama