go

അവധിയുടെ മറവിൽ അനധികൃത നിർമാണം

ekm-building
SHARE

തിരുവനന്തപുരം∙ ഓണാവധിക്കാലത്ത് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരില്ലാത്തതിനാൽ നഗരത്തിൽ പലയിടത്തും അനധികൃത നിർമാണം.    പെർമിറ്റിന് പല തവണ അപേക്ഷിച്ചിട്ടും ലഭിക്കാത്തവരാണ് ഒരാഴ്ച നീണ്ട അവധിയുടെ മറവിൽ നിർമാണങ്ങൾ നടത്തുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ വരുമ്പോൾ അനധികൃത നിർമാണം കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകുന്നതിന് എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അവധിക്കാല പരിശോധനാ സ്ക്വാഡുകൾ രൂപീകരിക്കാറുണ്ട്. 

ഇക്കുറി ഇത്തരം സ്ക്വാഡുകൾ രൂപീകരിക്കാത്തതാണ് അനധികൃത നിർമാണങ്ങൾ പെരുകാൻ കാരണമെന്ന് ആരോപണമുണ്ട്. പുതിയ നിർമാണങ്ങൾ, നിലവിലുള്ള നിർമാണങ്ങളോടനുബന്ധിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവയാണു പലയിടത്തും നടക്കുന്നത്. ഇവ നടത്തണമെങ്കിൽ കോർപറേഷനിൽ നിന്ന് പെർമിറ്റ് നേടണമെന്നാണു ചട്ടം. എന്നാൽ പല തവണ അപേക്ഷിച്ചിട്ടും നിരസിക്കപ്പെട്ട അപേക്ഷകരാണ് അനധികൃത നിർമാണം നടത്തുന്നത്.

പെർമിറ്റിന് അപേക്ഷിച്ചാലും ലഭിക്കാൻ സാധ്യതയില്ലാത്തവരും നിർമാണത്തിന് ഈ സമയമാണു തിരഞ്ഞെടുക്കുക.  നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞാൽ ക്രമവൽക്കരിക്കുന്നതിനുള്ള പിഴ ഒടുക്കി അനധികൃത നിർമാണം സാധൂകരിക്കാം. അല്ലെങ്കിൽ നഗരാസൂത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തിൽ അപേക്ഷിക്കും. മനുഷ്യത്വത്തിന്റെ പേരിൽ കെട്ടിടം ക്രമവൽക്കരിച്ചു കിട്ടുകയും ചെയ്യും.

എക്സിക്യുട്ടീവ് എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് അവധി ദിവസങ്ങളിലെ അനധികൃത നിർമാണം തടയുന്നതിന് സ്ക്വാഡുകൾ രൂപീകരിക്കാറുള്ളത്. എന്നാൽ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെല്ലാം അവധിയിലാണ്. കോർപറേഷനിൽ നടത്തിയ ഓണാഘോഷത്തിനു പിന്നാലെ മിക്ക ഉദ്യോഗസ്ഥരും സ്ഥലം വിട്ടു. തുടർച്ചയായ 8 ദിവസം അവധിയായിട്ടും ഇക്കുറി സ്ക്വാഡുകൾ രൂപീകരിക്കാത്തത് അനധികൃത നിർമാണം നടത്തുന്നവരെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama