go

കുഴിത്തറികളിൽ നിലയ്ക്കുന്നില്ല മഞ്ഞനെയ്ത്തിന്റെ താളം

thiruvananthapuram news
ഓണനാളുകളിൽ ഏറെ വിറ്റഴിക്കപ്പെടുന്ന മഞ്ഞക്കോടി ബാലരാമപുരത്തെ കുഴിത്തറികളിൽ നെയ്യുന്നു.
SHARE

ബാലരാമപുരം∙ ഓണനാളുകൾ അടുത്തിട്ടും ഐശ്വര്യത്തിന്റെ ചിഹ്നമായ മഞ്ഞക്കോടിക്ക് ആവശ്യക്കാരുടെ തിരക്കേറിയതോടെ ബാലരാമപുരത്തെയും പരിസരത്തെയും കുഴിത്തറികളിൽ മഞ്ഞ നെയ്ത്തിന്റെ താളവും ലയവും നിലയ്ക്കുന്നില്ല. മഞ്ഞ മുണ്ടെന്നും മഞ്ഞപ്പുടവയെന്നും മഞ്ഞക്കുറിയെന്നുമൊക്കെ വിളിപ്പേരുള്ള തോർത്തിന് സമാനമായ മഞ്ഞക്കോടി ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഉപയോഗിക്കുന്നത്. 

ഓണക്കോടിക്ക് ഒപ്പം മഞ്ഞക്കോടി കൂടി എടുക്കുന്നത് കാലങ്ങളായുള്ള പതിവാണ്. വീടുകളോട് ചേർന്നും മറ്റും കുഴിത്തറികളിൽ വീട്ടമ്മമാരാണ് ഇത് നെയ്യുന്നവരിൽ ഏറെയും.  പ്രത്യേകം തയാറാക്കിയ വെള്ള കഴി നൂൽ നനച്ചിട്ട് മഞ്ഞചേർത്ത് പശചേർത്ത് ഉണക്കിയെടുത്ത് എണ്ണകൂടി ചേർത്ത് പരുവപ്പെടുത്തിയാണ് നൂൽ തയ്യാറാക്കുന്നത്. 

ഒരേ നൂൽ തന്നെയാണ് ഊടും പാവും തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത് എന്നതാണ് പ്രത്യേകത. പഞ്ഞമാസമായ കർക്കടകത്തിൽ തന്നെ കൈത്തറി വസ്ത്രമായ മഞ്ഞക്കോടി നെയ്യുന്നതിന് പാരമ്പര്യ നെയ്ത്തുകാർ തുടക്കമിടും.  ഇതിന്റെ നീളത്തിനും വീതിക്കും പ്രത്യേകം അളവുകോലുകളും പഴമക്കാർ നിശ്ചയിച്ചിട്ടുണ്ട്. തിരുവോണനാളിൽ വീടുകളിൽ കുഞ്ഞുങ്ങളെ മഞ്ഞക്കോടി ഉടുപ്പിക്കുന്നത് കാലങ്ങളായുള്ള പ്രത്യേകതയാണ്. അതുപോലെ ഓണനാളുകളിൽ വീടുകളിൽ തെളിക്കുന്ന വിളക്കുകളിൽ മഞ്ഞക്കോടി കെട്ടുന്ന പതിവുമുണ്ട്.

 അത്തപ്പൂക്കളങ്ങൾക്ക് സമീപം വയ്ക്കുന്ന വിളക്കിലും വാഹനങ്ങളിലും മൺമറഞ്ഞുപോയവരുടെ ഛായാചിത്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും തൊഴിൽ ശാലകളിലും മഞ്ഞക്കോടി ചാർത്തുക പതിവാണ്. ഇങ്ങനെപോകുന്നു മഞ്ഞക്കോടിയുടെ പെരുമ.ആവശ്യക്കാർ നേരത്തെ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. 

കൈത്തറിയുടെ തറവാട് എന്നറിയപ്പെടുന്ന ബാലരാമപുരത്ത് നെയ്ത്ത് കേന്ദ്രങ്ങളിലും തെരുവോരങ്ങളിലും ഇതിന്റെ വിൽപന പൊടിപൊടിക്കുകയാണിപ്പോൾ.  ഇന്ന് ഉത്രാടപ്പാച്ചിലിനിടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കൈത്തറി ഇനവും ഇതായിരിക്കുമെന്ന് കച്ചവടക്കാർ പറയുന്നു. പുതുതായി നെയ്ത പുത്തൻ മഞ്ഞക്കോടി ഇവിടെ ലഭിക്കുമെന്നതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആവശ്യക്കാർ എത്തുന്നുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama