go

പാക്ക് ജീവനക്കാരുമായി കപ്പൽ വിഴിഞ്ഞം തീരത്ത് ; ജാഗ്രത

thiruvananthapuram-ship
ദക്ഷിണേന്ത്യയിലെ അതീവ ജാഗ്രതാ മുന്നറിയിപ്പിനിടെ വിഴിഞ്ഞത്ത് കടലിലൂടെ കടന്നു പോയ വിദേശ ചരക്കു കപ്പൽ‘അരിയാന’.
SHARE

വിഴിഞ്ഞം ∙ അതീവ ജാഗ്രതാ മുന്നറിയിപ്പിനിടെ പാക്കിസ്ഥാൻ ജീവനക്കാരുമായി വിദേശ ചരക്കുകപ്പൽ വിഴിഞ്ഞം കടൽ വഴി പോയി. കപ്പലിനെ  വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് ചെറുകപ്പലുകൾ രഹസ്യമായി   പിന്തുടർന്നു നിരീക്ഷിച്ചു. കേരള അതിർത്തി പിന്നിട്ടുവെങ്കിലും  വ്യോമസേനയുൾപ്പെടെ വിവിധ  വിഭാഗങ്ങൾ കപ്പലിനെ അതീസൂക്ഷ്മമായി നിരീക്ഷിക്കുന്നു. പനാമ റജിസ്ട്രേഷനുള്ള  ‘അരിയാന’ എന്ന ചരക്കു കപ്പലാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്തു നിന്നു ഏകദേശം 60 കിലോ മീറ്റർ  അകലെ കടന്നു പോയത്.

21  ജീവനക്കാർ ഉള്ള കപ്പലിൽ 20 പേരും പാക്കിസ്ഥാനികളാണെന്നു കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു. ഒരാൾ ഏത്യോപ്യയിൽ നിന്നുള്ളയാൾ. കെമിക്കൽ ടാങ്കർ ആയ കപ്പൽ കറാച്ചി തുറമുഖത്തുനിന്നാണ് ഇന്ത്യൻ അതിർത്തിയിലേക്കു കടന്നതെന്നതും കപ്പലിലുള്ളവരിൽ ഭൂരിഭാഗവും പാക്കിസ്ഥാൻ സ്വദേശികളെന്നതുമാണ് സുരക്ഷാ ഏജൻസികൾക്കു സംശയത്തിനിട നൽകിയത്.

ഗുജറാത്ത് തീരത്ത് സിർ ക്രീക്ക് അതിർത്തി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്കിസ്ഥാൻ  ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന കരസേനയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ സംശയം ഇരട്ടിച്ചു.  കപ്പൽ ഇന്ത്യൻ അതിർത്തിയിലേക്കു പ്രവേശിച്ചതു മുതൽ കർശന നിരീക്ഷണത്തിലായി.

ഏതാനും ദിവസം മുൻപ് ഈ കപ്പൽ ഗുജറാത്തിലെ അജേറാ തുറമുഖത്ത് എത്തിയിരുന്നുവെന്നു കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു. കര, കടൽ എന്നിവ കൂടാതെ വ്യോമമാർഗം വഴിയും ഈ കപ്പലിന്റെ ചലനം സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. മുൻകൂട്ടിയുള്ള വിവരാടിസ്ഥാനത്തിൽ എത്തുന്നതാണ് കപ്പലെങ്കിലും മാർഗമധ്യേ നിർത്തി മറ്റ് ആശയ വിനിമയങ്ങൾ നടത്തുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് സുരക്ഷാ സേനകൾ പരിശോധിക്കുന്നത്.

കൊല്ലം മുതൽ തൂത്തുകുടി വരെ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് സ്റ്റേഷനിലെ സി-441, സി-427 എന്നീ ചെറു കപ്പലുകളാണ് ചരക്കു കപ്പലിനെ  രഹസ്യമായി പിന്തുടർന്നത്. തമിഴ്നാട്ടിലെ എന്നൂർ തുറമുഖമാണ് കപ്പലിന്റെ അടുത്ത ലക്ഷ്യമെന്നും ഇവിടെ 13നാണ് കപ്പൽ എത്തുകയെന്നും കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. അതിർത്തി ലംഘനമുൾപ്പെടെയുള്ളവ നടത്താത്തതിനാൽ കപ്പലിനെ   പരിശോധിക്കാനുള്ള സാഹചര്യം ഇതുവരെയില്ലെന്നു  സേനാധികൃതർ പറഞ്ഞു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama