go

ആയിരങ്ങൾ അണിനിരന്ന ഘോഷയാത്ര, സ്വീകരണം...

thiruvananthapuram news
സിന്ധു, നീ ആഹ്ലാദ ബിന്ദു... ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധുവിനെ നഗരത്തിലൂടെ തുറന്നജീപ്പിൽ സ്വീകരണസ്ഥലത്തേക്ക് ആനയിക്കുന്നു. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ
SHARE

തിരുവനന്തപുരം∙ തലസ്ഥാനത്ത് ഇന്നലെ പകൽ മുഴുവൻ തിളങ്ങി നിന്ന താരം ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധുവായിരുന്നു. രാവിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ദേവീക്ഷേത്രത്തിലും തനി മലയാളിപ്പെൺകുട്ടിയായി ദർശനം നടത്തിയ സിന്ധു ഉച്ചയ്ക്കു ശേഷം ആയിരങ്ങൾ അണിനിരന്ന ഘോഷയാത്രയിലെയും സ്വീകരണപരിപാടിയിലെയും ആവേശമായി. മുൻപും സിന്ധു തിരുവനന്തപുരത്തെത്തിയിട്ടുണ്ടെങ്കിലും ഇത്തവണത്ത വരവ് ലോക ചാംപ്യനായിട്ടായിരുന്നു.

ആ വരവ് തിരുവനന്തപുരത്തെ കായികപ്രേമികൾ ആഘോഷമാക്കുകയും ചെയ്തു. എല്ലാവർക്കും നമസ്കാരവും നന്ദിയുമൊക്കെ നല്ല പച്ചമലയാളത്തിൽ പറഞ്ഞു സിന്ധു കയ്യടി നേടി. മുൻ പരിശീലകൻ വിമൽകുമാറും സഹതാരം തുളസിയുമൊക്കെ മലയാളം പഠിപ്പിച്ചുകൊടുത്തിരുന്നതിനാൽ മലയാളം കേട്ടാൽ സിന്ധുവിനു നന്നായി മനസ്സിലാകും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മലയാളത്തിൽ സംസാരിച്ചപ്പോൾ സിന്ധു ആസ്വദിച്ചു കേട്ടതും അതുകൊണ്ടുതന്നെ. 

‘മലയാളിക്കുട്ടി’യായി ക്ഷേത്ര ദർശനം 

ചൊവ്വാഴ്ച രാത്രി അമ്മ പി. വിജയയോടൊപ്പം തിരുവനന്തപുരത്തെത്തിയ സിന്ധു മാസ്കറ്റ് ഹോട്ടലിലാണു താമസിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. പച്ചക്കരയിൽ വെള്ളിക്കസവുള്ള സെറ്റ് മുണ്ട് ധരിച്ചു ‘മലയാളിക്കുട്ടി’ ആയാണു സിന്ധു എത്തിയത്. പിന്നീട് ആറ്റുകാൽ ക്ഷേത്രത്തിലും ദേവിയെ തൊഴുതു. പ്രത്യേക വഴിപാടുകളും നടത്തി. 

താരം, തുറന്ന ജീപ്പിൽ

thiruvananthapuram news
സംസ്ഥാനസർക്കാർ സ്വീകരണം ഒരുക്കിയ ജിമ്മിജോർജ് സ്റ്റേഡിയത്തിലേക്ക് നഗരത്തിലുടെ തുറന്നജീപ്പിൽ പി.വി.സിന്ധു

ഉച്ചയ്ക്ക് 2.30നു സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നു തുടങ്ങിയ റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. തുറന്ന ജീപ്പിലാണ് സിന്ധുവിനെ ആനയിച്ചത്. സായി, സ്‌പോർട്‌സ് കൗൺസിൽ താരങ്ങൾ പി.വി സിന്ധുവിന്റെ ചിത്രങ്ങളും കൊടി തോരണങ്ങളുമായി റോഡ് ഷോയ്ക്ക് മുന്നണിയിൽ എത്തി. പൊലീസിന്റെ അശ്വാരൂഢ സേന ഘോഷയാത്രയ്ക്ക് അകമ്പടിയായി. റോളർ സ്കേറ്റിങ് താരങ്ങളുടെ പ്രകടനവും ചെണ്ടമേളവും റോഡ് ഷോയ്ക്ക്  മാറ്റുകൂട്ടി.  പുഷ്പവൃഷ്ടി നടത്തിയാണ് നഗരത്തിലെ പല സ്‌കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികൾ സിന്ധുവിനെ സ്വീകരിച്ചത്.

സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് കാനറാ ബാങ്കിനു മുന്നിൽ കാനറാ ബാങ്ക് എംപ്ലോയീസും സ്വീകരണം നൽകി. യൂണിവേഴ്‌സിറ്റി കോളജിനു മുന്നിൽ നാഷനൽ സർവീസ് സ്‌കീം പ്രവർത്തകരും എസ്എഫ്‌ഐ പ്രവർത്തകരും സ്വീകരണം നൽകി. കോർപറേഷനു മുന്നിൽ മേയർ വി.കെ പ്രശാന്തും മാണി സി.കാപ്പൻ എംഎൽഎയും സ്വീകരിച്ചു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലേയ്ക്ക് കൈവീശി സിന്ധു കടന്നുവന്നപ്പോൾ ആരവങ്ങളുയർന്നു. ആവേശകരമായ സ്വീകരണത്തിന്റെ മുഴുവൻ സന്തോഷവും അഭിമാനവും സിന്ധുവിന്റെ വാക്കിലും നോക്കിലുമുണ്ടായിരുന്നു.

സിന്ധു പ്രചോദനം, മാതൃക : മുഖ്യമന്ത്രി

തിരുവനന്തപുരം∙ പി.വി.സിന്ധുവിന്റെ ലോക കിരീടനേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കേരള ഒളിംപിക് അസോസിയേഷനും  കായിക വകുപ്പും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണ്. ഒളിംപിക്സിലെ വെള്ളി മെഡൽ സ്വർണമാക്കി മാറ്റാനുള്ള മികവ് സിന്ധു ആർജിച്ചിരിക്കുന്നു.

സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. മുൻപു നടന്ന രണ്ടു ലോക ചാംപ്യൻഷിപ്പുകളിൽ സിന്ധു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതോടെ ചിലർ വിമർശനമുന്നയിച്ചു. സിന്ധുവിന്റെ നീണ്ട കാലത്തെ ബാറ്റ്മിന്റൻ കോർട്ടിലെ മികവ് മറന്നു കൊണ്ടായിരുന്നു പ്രതികരണം. എന്നാൽ ആത്മവിശ്വാസം കൈവിടാതെ സിന്ധു മുന്നോട്ടു പോയി താനൊരു പോരാളിയാണെന്ന് തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് സിന്ധുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കായിക വികസനത്തിന് പി. വി. സിന്ധുവിന്റെ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.

ലക്ഷ്യം ഒളിംപിക്‌സ് സ്വർണം : സിന്ധു

ടോക്കിയോ ഒളിംപിക്‌സിൽ സ്വർണം നേടാൻ ശ്രമിക്കുമെന്ന് പി. വി. സിന്ധു മറുപടി പ്രസംഗത്തിൽ ഉറപ്പുനൽകി. സ്വർണം നേടാൻ അമിത സമ്മർദമില്ല. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും പ്രാർഥനയും സ്‌നേഹവും തനിക്കൊപ്പമുണ്ട്. കായികരംഗത്തിന് കേരളം നൽകുന്ന പിന്തുണ മഹത്തരമാണ്. കേരളം മനോഹരമായ സ്ഥലമാണ്. ജനങ്ങൾ സ്‌നേഹസമ്പന്നരും. ഇനിയും കേരളത്തിൽ വരുമെന്നും സിന്ധു പറഞ്ഞു.

കേരള ഒളിംപിക് അസോസിയേഷന്റെ ഓൺലൈൻ ചാനൽ സിന്ധു ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കഠിനാധ്വാനം കൊണ്ടു ലോകത്തിന്റെ നെറുകയിലെത്തിയ വ്യക്തിയാണ് സിന്ധുവെന്ന് മന്ത്രി പറഞ്ഞു. കേരളം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് തീം സോങ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റാൻ സിന്ധുവിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ശശിതരൂർ എം.പി, വി. എസ്.ശിവകുമാർ എംഎൽഎ, കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, ട്രഷറർ എം. ആർ. രഞ്ജിത്ത്,  സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, കായികവകുപ്പ് ഡയറക്ടർ സഞ്ജയൻ കുമാർ, കൗൺസിലർ ആയിഷ ബേക്കർ, ഒളിംപിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ് എന്നിവർ പ്രസംഗിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama