go

ബോട്ട് പിളർന്ന് നടുക്കടലിൽ മുങ്ങി; അവസാന നിമിഷം വരെ സാഹസിക ശ്രമം

 കടൽക്ഷോഭത്തിൽപ്പെട്ട് ലക്ഷദ്വീപിലെ കല്പേനി ദ്വീപിലേക്ക് ഇടിച്ചു കയറിയ    മത്സ്യബന്ധന ബോട്ട് ‘അത്ഭുതമാതാ’ കൊച്ചിയിലേക്കുള്ള മടക്കയാത്രാ മധ്യേ പിളർന്നു കടലിൽ മുങ്ങുന്നു. ജീവൻ പണയം വച്ച് അവസാന നിമിഷം വരെ ബോട്ട് രക്ഷപ്പെടുത്താൻ ശ്രമിച്ച തൊഴിലാളികൾ നിസ്സഹായരായി ബോട്ടിലുണ്ട്.
കടൽക്ഷോഭത്തിൽപ്പെട്ട് ലക്ഷദ്വീപിലെ കല്പേനി ദ്വീപിലേക്ക് ഇടിച്ചു കയറിയ മത്സ്യബന്ധന ബോട്ട് ‘അത്ഭുതമാതാ’ കൊച്ചിയിലേക്കുള്ള മടക്കയാത്രാ മധ്യേ പിളർന്നു കടലിൽ മുങ്ങുന്നു. ജീവൻ പണയം വച്ച് അവസാന നിമിഷം വരെ ബോട്ട് രക്ഷപ്പെടുത്താൻ ശ്രമിച്ച തൊഴിലാളികൾ നിസ്സഹായരായി ബോട്ടിലുണ്ട്.
SHARE

വിഴിഞ്ഞം∙ കടൽക്ഷോഭത്തിൽപ്പെട്ട്   ലക്ഷദ്വീപിലെ കല്പേനി ദ്വീപിലേക്ക് ഇടിച്ചു കയറിയ, മലയാളികളുൾപ്പെട്ട മത്സ്യബന്ധന ബോട്ട്-അത്ഭുതമാതാ കൊച്ചിയിലേക്കുള്ള മടക്കയാത്രാ മധ്യേ പിളർന്നു കടലിൽ മുങ്ങി. ബോട്ടിലെ തൊഴിലാളികൾ പരുക്കുകളോടെ രക്ഷപ്പെട്ടു. അന്ത്രോത്തിൽ നിന്നു ഇവർക്ക് ഒപ്പം കൂട്ടിയ റമദാൻ എന്ന ബോട്ടുണ്ടായിരുന്നത് തൊഴിലാളികൾക്ക് രക്ഷയായി. 4 മലയാളികളും 6 തമിഴ്നാട്ടുകാരുമുൾപ്പെട്ട  പത്തംഗ തൊഴിലാളി സംഘം ഇന്നലെ  സുരക്ഷിതമായി തമിഴ്നാട് പട്ടണത്തിലെത്തി.  ബോട്ടു മുങ്ങിയ ഇനത്തിൽ നഷ്ടം 60 ലക്ഷം രൂപയാണെന്നു തൊഴിലാളികൾ പറഞ്ഞു.

ബോട്ടിലെ, കണ്ടെത്താനാകാത്ത ചോർച്ചയും അപ്രതീക്ഷിതമായി വീശിയ കാറ്റുമാണ്  മുങ്ങാൻ കാരണമെന്നും രക്ഷപ്പെട്ട സംഘത്തിലെ തൊഴിലാളി അലക്സാണ്ടർ പറഞ്ഞു. മഹാ ചുഴലിക്കാറ്റിനെത്തുടർന്ന് ദ്വീപിൽ അഭയം തേടിയ 5 മത്സ്യബന്ധന ബോട്ടുകളിലൊന്നായിരുന്നു  നീരോടി സ്വദേശി സെൽവരാജിന്റെ ഉടമസ്ഥതയിലുള്ള അത്ഭുതമാതാ. കാറ്റിലും കടൽ ക്ഷോഭത്തിലും പെട്ട്  കരയിലേക്ക് ഇടിച്ചു കയറി   കേടുപറ്റിയ ബോട്ടിനെ ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരികെ ഇറക്കാനായത്.

ഇന്ധനം വിറ്റുകിട്ടിയ കാശിന്  യാത്ര

ചോർച്ചയുൾപ്പെടെയുള്ള ശേഷിച്ച കേടുപാടുകൾ അവിടെ തീർക്കാനാകാത്തതിനാലായിരുന്നു കൊച്ചിയിലേക്ക് പോകാനുള്ള തീരുമാനം. സാമ്പത്തിക ബുദ്ധിമുട്ടു കാരണം   ബോട്ടിലെ ഇന്ധനത്തിൽ നല്ലൊരു പങ്കു വിറ്റെടുത്ത കാശു വിനിയോഗിച്ചാണ് ഒപ്പം വരാനുള്ള ബോട്ട് സജ്ജമാക്കിയതെന്ന് അലക്സാണ്ടർ പറഞ്ഞു. റമദാൻ ബോട്ടിൽ തങ്ങളുടെ ബോട്ടിനെ ബന്ധിച്ചായിരുന്നു യാത്രയെങ്കിലും എൻജിൻ പ്രവർത്തിപ്പിച്ച് മുന്നിലെ ബോട്ടിന്റെ ആയാസം കുറച്ചു.   യാത്രയിലുടനീളം ബോട്ടിലെ എൻജിൻ മുറിയിലേക്ക് വെള്ളം കയറിക്കൊണ്ടിരുന്നു. മോട്ടർ ഉപയോഗിച്ച് പുറത്തേക്ക് നീക്കി.

എന്നാൽ പകുതി ദൂരം പിന്നിട്ടപ്പോൾ ചോർച്ചയുടെ സ്ഥിതി ഗുരുതരമായി. ഇടയ്ക്ക് കാറ്റും മഴയും ശക്തമായതോടെ ചോർച്ചയും കൂടി. എൻജിൻ മുറി പകുതിയും വെള്ളത്തിൽ മുങ്ങി. ബുധൻ ഉച്ച മുതൽ തുടങ്ങിയ വെള്ളക്കയറ്റത്തിൽ വൈകിട്ടായതോടെ ബോട്ടിന്റെ  അടിഭാഗം രണ്ടായി പിളർന്ന് തലകീഴായി മുങ്ങി. ബോട്ടിലേക്ക്  വെള്ളം കയറുന്നത്  ഒഴിവാക്കാൻ അലക്സാണ്ടറും ശബരിയാറും സെൽവരാജും ഗോവിന്ദരാജും  അവസാനം വരെ ശ്രമിച്ചു.

  നടുക്കടലിൽ മുങ്ങിയ അത്ഭുതമാതാ ബോട്ട് രക്ഷപ്പെടുത്താൻ അവസാന നിമിഷം വരെ പരിശ്രമിച്ച തൊഴിലാളികളെ മു​ങ്ങിയ ബോട്ടിൽ നിന്ന്  ഒപ്പമുള്ള ബോട്ടിലേക്ക് രക്ഷപ്പെടുത്തുന്നു.
നടുക്കടലിൽ മുങ്ങിയ അത്ഭുതമാതാ ബോട്ട് രക്ഷപ്പെടുത്താൻ അവസാന നിമിഷം വരെ പരിശ്രമിച്ച തൊഴിലാളികളെ മു​ങ്ങിയ ബോട്ടിൽ നിന്ന് ഒപ്പമുള്ള ബോട്ടിലേക്ക് രക്ഷപ്പെടുത്തുന്നു.

റമദാൻ ബോട്ടിൽ നിന്നു എറിഞ്ഞു കൊടുത്ത കയറിൽ തൂങ്ങി ഒടുവിൽ തൊഴിലാളികൾ രക്ഷപ്പെട്ടു.ഇതിനിടെയാണ് തൊഴിലാളികൾക്ക് നേരിയ പരുക്കേറ്റത്. സംഭവം നടക്കുമ്പോൾ ബോട്ട് കൊച്ചിയിൽ നിന്നു 130 നോട്ടിക്കൽ മൈൽ അകലെയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. 

തിരികെ കടലിലേക്ക് ; ‘ബലൂൺ വിദ്യ’യിലൂടെ

കടൽക്ഷോഭത്തിൽ ലക്ഷദ്വീപിലെ കല്പേനി ദ്വീപിലേക്ക് ഇടിച്ചു കയറിയ മലയാളികളുൾപ്പെട്ട മത്സ്യബന്ധന ബോട്ടായ അത്ഭുതമാതാവിനെ തിരികെ കടലിലേക്കിറക്കാനായത് ബലൂൺ സാങ്കേതിക വിദ്യയിലൂടെ.എൻഐഒടി(നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി)യുടേതാണ് ഈ സാങ്കേതിക വിദ്യ. ബോട്ടിനടിയിലെ മണ്ണ് നീക്കിയ ഭാഗത്ത് റബർ നിർമിത കൂറ്റൻ ജാക്കറ്റുകൾ വച്ച് കംപ്രസറുപയോഗിച്ച് കാറ്റു നിറയ്ക്കും. വായു നിറയുന്നതനുസരിച്ച് ബോട്ട് പൊങ്ങിത്തുടങ്ങും. ഒന്നലധികം ജാക്കറ്റുകൾ ഇത്തരത്തിൽ സ്ഥാപിച്ചാണ് ബോട്ടിനെ ഉയർത്താനായത്. തുടർന്ന് ചെറിയ കപ്പൽ സഹായത്തോടെ കടലിലേക്ക് ഇറക്കി. ലക്ഷദ്വീപിൽ കടൽ ജല ശുദ്ധീകരണത്തിനായി കടലിൽ  സ്ഥാപിക്കുന്ന വലിയ കോൺക്രീറ്റ് ടാങ്കുകളെ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതാണ് ഈ സാങ്കേതിക സംവിധാനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

സ്വന്തം ബോട്ട് കൺമുന്നിൽ മുങ്ങി

നീരോടി സ്വദേശി സെൽവരാജ് നാലു വർഷം മുൻപാണ് ബോട്ടു വാങ്ങിയത്. വാങ്ങിയതോടെ  വലിയ കടബാധ്യതയായിരുന്നു. കടൽക്ഷോഭമുൾപ്പെടെ പല കാരണങ്ങളാൽ കടലിൽ പോകാനാകാതെ വന്നതോടെ  കടബാധ്യത ഇരട്ടിയായി. അതിനിടെ ബോട്ടു മുങ്ങുകകൂടി ചെയ്തത് ഈ മത്സ്യത്തൊഴിലാളി കുടുംബത്തിനു വലിയ ആഘാതമായി. വെള്ളം കയറി ബോട്ടു മുങ്ങിക്കൊണ്ടിരിക്കുമ്പോഴും  സെൽവരാജും അലക്സാണ്ടറും പ്രതീക്ഷ കൈവിട്ടില്ല.

ശബരിയാറും ഗോവിന്ദരാജുമുൾപ്പെട്ട സംഘമാണ് ഇതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. തലകീഴായി ബോട്ടു മുങ്ങിയപ്പോഴും അവർ നാലു പേരും അതിൽ തന്നെ നിന്നു.ഒപ്പമുള്ള ബോട്ടുകാർ കയർ എറിഞ്ഞും ബോട്ടിനെ അടുപ്പിച്ചുമാണ് ഇവരെ രക്ഷിച്ചത്. രക്ഷപ്പെട്ടു കയറിയ സംഘം  കൺ മുന്നിൽ തങ്ങളുടെ ജീവനോപാധിയായ ബോട്ട് മുങ്ങിത്താഴുന്നത് കണ്ടു . പരുക്കേറ്റവർ ആശുപത്രിയിൽ ചികിൽസ തേടി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama