go

മജിസ്ട്രേട്ടിനോട് അഭിഭാഷകർ; ‘‘സ്ത്രീ അല്ലായിരുന്നെങ്കിൽ വലിച്ചു പുറത്തിട്ടു തല്ലിച്ചതച്ചേനെ’’

SHARE

തിരുവനന്തപുരം∙ ‘‘സ്ത്രീ ആയിപ്പോയി. അല്ലെങ്കിൽ ചേംബറിൽ നിന്നു വലിച്ചു പുറത്തിട്ടു തല്ലിച്ചതച്ചേനെ. ഇനി കോടതിയിൽ ആരെങ്കിലും വരണോ എന്നു ഞങ്ങൾ തീരുമാനിക്കും. ആദ്യം പോയി നിയമം പഠിക്ക്. നിയമമറിയാതെ കോടതിയിൽ വരുന്നോ’’– വഞ്ചിയൂർ കോടതിയിലെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ദീപ മോഹനനെ ചേംബറിൽ തടഞ്ഞുവയ്ക്കുകയും മുറി പൂട്ടാൻ ശ്രമിക്കുകയും ചെയ്തതിന് അഭിഭാഷകർക്കെതിരെ വഞ്ചിയൂർ പൊലീസ് എടുത്ത എഫ്ഐആറിലെ വരികളാണിത്.

വാഹനാപകടക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കിയതിൽ പ്രകോപിതരായ അഭിഭാഷകർ ചേംബറിൽ ചെന്ന് മജിസ്ട്രേട്ടിനെതിരെ നടത്തിയ ആക്രോശമാണിത്. മജിസ്ട്രേട്ട് എന്ന നിലയിൽ നിയമപ്രകാരമാണു തീരുമാനമെടുത്തതെന്നു ദീപ പ്രതികരിച്ചപ്പോൾ അഭിഭാഷകർ രോഷാകുലരായി. ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജയചന്ദ്രൻ വെല്ലുവിളിച്ചു: ‘‘ഓർഡർ ചാലഞ്ച് ചെയ്യണോ വേണ്ടയോ എന്ന് അഭിഭാഷകർ‌ക്ക് അറിയാം. അതു നിങ്ങൾ പറഞ്ഞു തരേണ്ട. നിങ്ങളുടെ ഓർഡറിൽ മാറ്റമുണ്ടാകുമോ എന്നാണ് അറിയേണ്ടത്. പത്തു നാൽപതു വർഷം പ്രാക്ടീസുള്ളവരാണു ഞങ്ങൾ. പേടിപ്പിക്കാൻ നോക്കുന്നോ’’.

പുറത്തിറങ്ങിയ അഭിഭാഷകർ ‘ഇനി നിങ്ങൾ പുറത്തിറങ്ങുന്നതു കാണാം’ എന്നു മജിസ്‌ട്രേട്ടിനെ വെല്ലുവിളിച്ച ശേഷം ചേംബറിന്റെ വാതിൽ വലിച്ചടച്ചു. മജിസ്‌ട്രേട്ട് എണീറ്റപ്പോൾ ജയചന്ദ്രൻ വിരൽ ചൂണ്ടി ആക്രോശിച്ചു: ‘പുറത്തിറങ്ങരുത്. ഇവിടെയിരുന്നോളണം’. കോ‍ടതി മുറിയിൽ ചെന്ന അഭിഭാഷകർ ഇനി കോടതിയില്ലെന്ന് അവിടെ ഉണ്ടായിരുന്നവരെ വിരട്ടിയോടിച്ചു–എഫ്ഐആറിൽ പറയുന്നു.വനിതാ മജിസ്ട്രേട്ടിന്റെ പരാതിയിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജയചന്ദ്രൻ, സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ ഉൾപ്പെടെ 12 പേർക്കെതിരെയാണു കേസ് റജിസ്റ്റർ ചെയ്തത്.

ഇതിനിടെ മജിസ്‌ട്രേട്ടിനെ അപഹസിക്കുന്ന വാട്‌സാപ് ശബ്ദസന്ദേശം അഭിഭാഷകർ പുറത്തുവിട്ടു. ‘‘ഈ മജിസ്‌ട്രേട്ടിന് ഒരു പ്രാക്ടീസുമില്ല. കോടതിവരാന്ത പോലും കണ്ടിട്ടില്ല. ഈവനിങ് കോഴ്‌സിൽ പോയി എൽഎൽബി എടുത്തു. അതു കഴിഞ്ഞു വീട്ടിലിരുന്നു പരീക്ഷ എഴുതി പാസായി. കോടതി എങ്ങനെ ഇരിക്കുന്നെന്നു പോലും കണ്ടിട്ടില്ല’’ ഇങ്ങനെ പോകുന്നു അധിക്ഷേപം.

കോടതി ബഹിഷ്കരിച്ചു

അഭിഭാഷകർക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ചു വഞ്ചിയൂർ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ കോടതികളുടെയും നടപടികൾ ഇന്നലെ അഭിഭാഷകർ ബഹിഷ്‌കരിച്ചു. പരാതി നൽകിയ ദീപ മോഹനന്റെ കോടതി ബഹിഷ്കരിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതോടെയാണു ജില്ലയിലെ എല്ലാ കോടതികളും ബഹിഷ്കരിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്.ദീപയുടെ കോടതി ഇന്നും അഭിഭാഷകർ ബഹിഷ്കരിക്കും. കോടതിയിൽ അഭിഭാഷകരോ പ്രതികളോ കയറാതിരുന്നതിനെത്തുടർന്നു ദീപ കഴിഞ്ഞ ദിവസം പല പ്രതികൾക്കുമെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

അഭിഭാഷകരുടെ നടപടി നിർഭാഗ്യകരം: ഗവർണർ

നീതിപീഠത്തിനു സമ്മർദമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചു. വനിതാ ജഡ്ജിയെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയ സംഭവം ദൗർഭാഗ്യകരമാണ്. നീതിന്യായ സംവിധാനത്തിന്റെ ഭാഗമാണ് അഭിഭാഷകരും. അവർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിഞ്ഞു പെരുമാറണം–ഗവർണർ പറഞ്ഞു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama