go

വായ്പയുടെ മറവിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ്: ഉടമ കസ്റ്റഡിയിൽ

 പേയാട് നന്ദനം ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ വായ്പയുടെ മറവിൽ പണം തട്ടിപ്പ് നടന്നതായി അറിഞ്ഞ് എത്തിയവരെ പൊലീസ് തടയുന്നു
പേയാട് നന്ദനം ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ വായ്പയുടെ മറവിൽ പണം തട്ടിപ്പ് നടന്നതായി അറിഞ്ഞ് എത്തിയവരെ പൊലീസ് തടയുന്നു
SHARE

മലയിൻകീഴ് ∙ വായ്പയുടെ മറവിൽ പണം തട്ടിയെന്നാരോപിച്ചു സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പരാതിയുമായി ഇടപാടുകാർ. പേയാട് ജംക്‌ഷനു സമീപം വാടക കെട്ടിടത്തിൽ ‘നന്ദനം ഗ്രൂപ്പ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ആണ് പതിനഞ്ചോളം പേർ വിളപ്പിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.         തുടർന്ന് സ്ഥാപന ഉടമ വെള്ളനാട് മുണ്ടേല നന്ദനത്തിൽ മിനിക്കെതിരെ കേസ് എടുക്കുകയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കിയേക്കും. 

കരം തീർത്ത രസീതിന്റെ പകർപ്പ്, ചെക്ക് ലീഫ്, ആധാർ കോപ്പി തുടങ്ങിയവ നൽകിയാൽ കുറഞ്ഞ പലിശയിൽ 25,000 മുതൽ 20 ലക്ഷം വരെ വായ്പ വാഗ്ദാനം ചെയ്താണ് സ്ഥാപനത്തിലെ ജീവനക്കാർ പലരെയും ഫോണിലൂടെയും നേരിട്ടും സമീപിച്ചത്.       ഇങ്ങനെ എത്തിയവരിൽനിന്ന് രേഖകളോടൊപ്പം നിശ്ചിത തുക  മുൻകൂർ വാങ്ങി.  അത്തരത്തിൽ 10000 രൂപ മുതൽ 40000 വരെ സ്ഥാപനത്തിൽ അടച്ചവർ ഉണ്ട്. പലർക്കും പണം അടച്ചതിന്റെ രസീത് നൽകിയിട്ടില്ല.  മറ്റൊരു സ്ഥാപനത്തിന്റെ പേരിലുള്ള വ്യാജ രസീത് ആണ് ചിലർക്കു കൊടുത്തത്.    

മുന്നൂറോളം പേർ ഇത്തരത്തിൽ പണം മുൻകൂർ അടച്ചതായി സൂചന ഉണ്ട്. വായ്പ ലഭിക്കാത്തതിനെത്തുടർന്നു അടച്ച പണവും മറ്റു രേഖകളും പലരും തിരിച്ച് ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല.  ചെറിയ തുക ആവശ്യപ്പെട്ട കുറച്ചു പേർക്കു മാത്രമാണ് ഇതുവരെ വായ്പ നൽകിയത് എന്നാണ് വിവരം. അതേസമയം, നിയമാനുസൃതമായ  അനുമതി  ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും വിളപ്പിൽശാല സിഐ പറഞ്ഞു.

ഇടപാടുകാരെ വിളിച്ചു വരുത്തി: പിന്നാലെ മുങ്ങി 

ആവശ്യപ്പെട്ട വായ്പ തുക ഇന്നലെ ചിലർക്കു നൽകാമെന്ന് ഉടമ മിനി പറഞ്ഞിരുന്നു. ഇതനുസരിച്ച് സ്ത്രീകൾ അടക്കം പത്തോളം ഇടപാടുകാർ രാവിലെ 11ന് എത്തി. എന്നാൽ നിമിഷങ്ങൾക്കകം മിനിയും ജീവനക്കാരിൽ ഒരാളും ഫയലുകൾ അടങ്ങുന്ന പേപ്പർ കെട്ടുകളുമായി കാറിൽ കടന്നുവത്രെ.  മറ്റു രണ്ട് ജീവനക്കാരോട് ഇടപാടുകാർ കാര്യം തിരക്കി എങ്കിലും ഒന്നും അറിയാൻ സാധിച്ചില്ല. മണിക്കൂറോളം കാത്തിരുന്നിട്ടും ഉടമ എത്താതായതോടെയാണ് ഇടപാടുകാർ പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ്, പ്രാഥമിക പരിശോധനയിൽ തന്നെ സ്ഥാപനം അനുമതി ഇല്ലാതെയാണു പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി. 

തുടർന്ന് മിനിയെ വിളിച്ചു വരുത്തി രേഖകൾ പരിശോധിച്ചു. പിന്നാലെ സംഭവം അറിഞ്ഞ് ഇടപാടുകാർ എത്തി ബഹളമുണ്ടാക്കുകയായിരുന്നു. സംഘർഷം ഉണ്ടാകും എന്ന അവസ്ഥ എത്തിയപ്പോൾ പൊലീസ് സ്ഥാപനം പൂട്ടി ഉടമയയെയും മറ്റു ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തു. മിനിയെ കൂടാതെ ഒരു സ്ത്രീ അടക്കം നാല് ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരെ വൈകിട്ടോടെ വിട്ടയച്ചു.  ഒരു വർഷം മുൻപ് പേയാട് പള്ളിമുക്കിൽ ‘ വിമൻസ് വെൽഫെയർ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ മറവിൽ മിനി പണമിടപാട് നടത്തിയിരുന്നതായി ആരോപണം ഉണ്ട്. പക്ഷേ, ഇതു സംബന്ധിച്ച് പൊലീസിന് വ്യക്തത ഇല്ല.     ‘നന്ദനം ഗ്രൂപ്പ്’ എന്ന പേരിലുള്ള സ്ഥാപനം ആറു മാസം മുൻപാണ് പേയാട് തുടങ്ങിയത് എന്ന് പറയുന്നു. സ്ഥാപനത്തിനു പിന്നിൽ മിനിയെ കൂടാതെ വേറെയും ആളുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama