go

ഓഖി ദുരന്തത്തിന് 2 വയസ്സ്

Trivandrum News
SHARE

തിരുവനന്തപുരം∙ കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഓഖി ചുഴലിക്കാറ്റിന് 2 വയസ്സ്. ദുരന്തത്തിൽ 52 പേർ മരിക്കുകയും 91 പേർ തിരിച്ചു വന്നിട്ടില്ലെന്നുമാണു സർക്കാരിന്റെ കണക്ക്. ദുരന്തത്തിനുശേഷം സർക്കാർ 2000 കോടി രൂപയുടെ സമഗ്ര പാക്കേജ് ഉൾപ്പെടെ പ്രഖ്യാപിച്ചെങ്കിലും പലതും നടപ്പായിട്ടില്ല. 2017 നവംബർ 29ന് രാത്രിയാണ് അപ്രതീക്ഷിതമായി ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചത്. അറബിക്കടലിൽ ശ്രീലങ്കൻ തീരത്തുരൂപം കൊണ്ടു പടിഞ്ഞാറോട്ടു സഞ്ചരിച്ച ചുഴലിക്കാറ്റ് ഗതിമാറി കേരളതീരത്ത് നാശം വിതയ്ക്കുകയായിരുന്നു. ദുരന്തത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ കൃത്യസമയത്ത് രക്ഷിക്കാൻ കഴിയാതിരുന്നതോടെ മരണസംഖ്യയും കാണാതായവരുടെ എണ്ണവും വർധിക്കുകയായിരുന്നു.

സർക്കാർ ചെയ്തത്:
∙ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് 22 ലക്ഷം രൂപവീതം നൽകി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ ഉൾപ്പെടെയാണ് ഈ തുക. ഇതിൽ നിന്നു ലഭിക്കുന്ന പലിശയാണ് ഇപ്പോൾ മിക്ക കുടുംബങ്ങളുടെയും ഏക ആശ്രയം.
∙ മരിച്ചവരുടെയും കാണാതായവരുടെയും വായ്പകളെല്ലാം എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. ഇതു പൂർണമായി നടപ്പായില്ല.
∙ മത്സ്യബന്ധനോപാധികൾക്കു നാശനഷ്ടം സംഭവിച്ച 112 പേർക്കു 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.
∙ മുട്ടത്തറ വലനിർമാണ ഫാക്ടറിയിൽ 46 പേർക്കു താൽക്കാലിക ജോലി.
∙72 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്ഥലവും വീടും വാങ്ങാൻ 10 ലക്ഷം വീതം അനുവദിച്ചു
∙ 458 വീടുകളുടെ അറ്റകുറ്റപ്പണിക്ക് 2.04 കോടി രൂപ
∙ 480 മൽസ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ വാങ്ങാൻ 7.1 കോടി രൂപ
∙ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളായ 318 പേർക്ക് ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം
∙ ഡിഗ്രി കഴിഞ്ഞവർക്ക് തൊഴിലധിഷ്ഠിത പരിശീലനം
∙ 1000 മത്സ്യത്തൊഴിലാളികൾക്ക് 9.62 കോടി രൂപ ചെലവിൽ സാറ്റലൈറ്റ് ഫോൺ

ഇനി ചെയ്യാനുള്ളത്:
∙ മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകളിൽ വ്യക്തതയില്ല. 93 പേർ കാണാനില്ലെന്നാണു മത്സ്യത്തൊലാളികളുടെ കണക്ക്. സർക്കാർ കണക്ക് 91.
∙ നഷ്ടമായ യാനങ്ങൾക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകുമെന്നു പ്രഖ്യാപനം പൂർണമായി നടപ്പായില്ല.
∙ ദുരിതബാധിതരായ 143 കുടുംബങ്ങൾക്കും ആശ്രിതനിയമനം നൽകുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും 46 പേർക്ക് താൽക്കാലിക നിയമനം മാത്രം. ഇതിൽ പലരും ജോലി നിർത്തി.
∙ വീടുകൾ നഷ്ടപ്പെട്ട എല്ലാവർക്കും ഇനിയും സഹായം ലഭ്യമായിട്ടില്ല.
∙ രക്ഷാപ്രവർത്തനത്തിനു മറൈൻ ആംബുലൻസ് യാഥാർഥ്യമായില്ല.
∙ തീരസേനയിൽ 200 മത്സ്യത്തൊഴിലാളികളെ നിയമിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല.
∙ നാവിക് സുരക്ഷാസംവിധാനം ഇതുവരെ മത്സ്യത്തൊഴിലാളികൾക്കു നൽകിയില്ല.
∙ 40000 പേർക്ക് സുരക്ഷാ ജാക്കറ്റ് വിതരണം പൂർത്തിയായിട്ടില്ല.
∙ മത്സ്യബന്ധന യാനങ്ങളെയും മത്സ്യബന്ധന ഗ്രാമങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം നടപ്പായില്ല.
∙ തീരദേശ ഗ്രാമങ്ങളിലെ പൊതു കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ പ്രഖ്യാപനം നടപ്പായില്ല.

ആശ്വാസമായി കെസിബിസി
ഓഖി പുനരധിവാസ പദ്ധതിയിൽ കേന്ദ്രസർക്കാരിൽ നിന്ന് 115 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായി 107 കോടി രൂപയും അനുവദിച്ചെങ്കിലും പല പ്രഖ്യാപനങ്ങളും കടലാസിലൊതുങ്ങിയപ്പോൾ ദുരിതബാധിതർക്ക് ആശ്വാസമായത് കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് (കെസിബിസി). ഓഖി ദുരന്തം നേരിട്ട 7 രൂപതകളുടെ കീഴിൽ ദുരിതബാധിതരായ 31 കുടുംബങ്ങൾക്കാണ് വീടു നിർമിച്ചത്. 250 പേർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധനസഹായവും 65 പേർക്കുള്ള മത്സ്യബന്ധന ഉപകരണങ്ങളും കെസിബിസി നൽകി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama