go

‘എട്ടപ്പന്റെ’ കൊലവിളിയുടെ ദൃശ്യങ്ങൾ പുറത്ത്

ettappan-mahesh-sfi
ഏട്ടപ്പൻ മഹേഷ്
SHARE

തിരുവനന്തപുരം∙ പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകനെ മർദിക്കുന്നതിനു മുൻപ് എസ്എഫ്ഐ മുൻ നേതാവ് നടത്തിയ കൊലവിളിയുടെ ദൃശ്യങ്ങൾ പുറത്ത്.ഹോസ്റ്റലിൽ താമസിക്കുന്ന യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി നിതിൻരാജിനെയാണ്  ബുധനാഴ്ച രാത്രി മർദിച്ചത്.  നിതിൻ രാജിനെ മർദിക്കുന്നതിനു മുൻപായിരുന്നു എം.ആർ.മഹേഷ് കുമാറിന്റെ കൊലവിളി. സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടിയുമായി വരാൻ ആദ്യം ആജ്ഞ‍ാപിച്ചു. എന്നിട്ടു തെറിവിളി തുടങ്ങി. യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യുവിന്റെ കൊടി ഉയർത്തിയാൽ കൊല്ലുമെന്നു ഭീഷണി മുഴക്കിയശേഷം മർദനം തുടങ്ങി. ക്രൂരമായാണു മർദിച്ചത്. നിതിന്റെ ഒപ്പം താമസിക്കുന്ന സുദേവിനെയും മഹേഷ് വെറുതേ വിട്ടില്ല. തെറിവിളിച്ചുകൊണ്ടു സുദേവിനെയും അടിച്ചു.

 എസ്എഫ്െഎ പ്രവർത്തകരുടെ മർദനത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച്‌ പൊലീസ് തടയുന്നു.
എസ്എഫ്െഎ പ്രവർത്തകരുടെ മർദനത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച്‌ പൊലീസ് തടയുന്നു.

എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും യൂണിവേഴ്സിറ്റി കോളജ് ചെയർമാനുമായിരുന്ന മഹേഷ് എട്ടപ്പൻ എന്നാണ് അറിയപ്പെടുന്നത്. 36 വയസ്സു കഴിഞ്ഞ ഇയാൾ വർഷങ്ങളായി ഹോസ്റ്റലിലെ അന്തേവാസിയാണ്. ഹോസ്റ്റൽ ചുമതലയുള്ള യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകനും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിലെ നേതാക്കളുമാണു സംരക്ഷകർ. ഹോസ്റ്റലിൽ നിന്ന് 7 കിലോമീറ്റർ മാറി മുട്ടത്തറയിൽ താമസിക്കുന്ന ഇയാൾക്ക് 12 വർഷമായി ഹോസ്റ്റലിൽ മുറി അനുവദിച്ചതിനെ ചോദ്യം ചെയ്തവർക്കെല്ലാം പൊതിരെ തല്ലുകിട്ടിയിട്ടുണ്ട്. അക്രമവും പരാതിയും ഉണ്ടാകുമ്പോൾ എട്ടപ്പൻ മുങ്ങും.

പരാതികൾ കെട്ടടങ്ങുമ്പോൾ തിരികെ എത്തും. ഹോസ്റ്റലിൽ ലഹരി എത്തിക്കുന്ന ഏജന്റുമാരും ഇയാൾക്കു പണം കൊടുക്കുന്നെന്ന് ആരോപണം ഉണ്ട്. താൻ പറഞ്ഞാൽ അനുസരിക്കാത്തവരുടെ മുറിക്കു മുന്നിൽ പുലർച്ചെ മലമൂത്ര വിസർജനം നടത്തുന്നതും പതിവാണ്. ഗവേഷണ വിദ്യാർഥിയെന്നാണു സ്വയം പരിചയപ്പെടുത്തുന്നത്. മഹേഷിന് എസ്എഫ്ഐയുമായി ബന്ധമില്ലെന്ന് ഇന്നലെ ജില്ലാ നേതൃത്വം അവകാശപ്പെട്ടു. എസ്എഫ്ഐയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന ഇയാൾ ഹോസ്റ്റലിൽ നടത്തുന്ന അക്രമങ്ങൾ മൂടിവയ്ക്കാൻ സഹായിക്കുന്നതും എസ്എഫ്ഐ നേതാക്കളാണെന്ന് ഹോസ്റ്റലിലെ വിദ്യാർഥികൾ അറിയിച്ചു.

സർട്ടിഫിക്കറ്റും ബാഗും കത്തിച്ചു

∙ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന നിതിൻ രാജിന്റെ സർട്ടിഫിക്കറ്റും ബാഗും മഹേഷ് (എട്ടപ്പൻ) കത്തിച്ചു. ബാഗിൽ ഉണ്ടായിരുന്ന 4000 രൂപ മോഷ്ടിച്ചുവെന്ന് കെഎസ്‌യു പ്രവർത്തകർ പൊലീസിനു പരാതി നൽകി. എട്ടപ്പനും സംഘവുമാണു പണം മോഷ്ടിച്ചശേഷം ബാഗ് കത്തിച്ചത്. കെഎസ്‌യു പ്രവർത്തകരായ മറ്റു വിദ്യാർഥികളുടെ ബാഗുകൾ റോഡിലേക്കു വലിച്ചെറിഞ്ഞു.

എസ്എഫ്ഐക്ക് എതിരെ നടപടിയില്ല

∙ യൂണിവേഴ്സിറ്റി കോളജിൽ പഠിപ്പു മുടക്കിയതിനു കെഎസ്‌യുക്കാരെ സസ്പെൻഡ് ചെയ്ത കോളജ് അധികൃതർ എസ്എഫ്ഐക്കാർക്കെതിരെ നടപടി എടുത്തില്ല. ഇന്നലെ അക്കാദമിക് കൗൺസിൽ യോഗം ചേർന്നപ്പോൾ എസ്എഫ്ഐക്കാർക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് സിപിഎം സംഘടനാ നേതാക്കൾ കൂടിയായ അധ്യാപകർ പറഞ്ഞു. എസ്എഫ്ഐക്കാരുമായി സംസാരിച്ച അധ്യാപകർ നടപടി എടുക്കില്ലെന്ന് ഉറപ്പു നൽകിയിരുന്നു. മാത്രമല്ല, കെ‌എസ്‌യു സജീവമാകുന്നതിനെതിരെ ജാഗ്രത വേണമെന്നും ഓർമിപ്പിച്ചു.

യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതു യാതൊരു അന്വേഷണവും നടത്താതെയെന്ന വിവരവും പുറത്തുവന്നു. കെഎസ്‌യുക്കാരുടെ പ്രതിഷേധപ്രകടനം കഴിഞ്ഞു 10 മിനിട്ടിനകം പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിദ്യാർഥിനികളുൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ കയറിച്ചെന്നു മലയാളം ക്ലാസിൽ പഠിക്കുന്ന അവരുടെ വിദ്യാർഥിക്കു മർദനമേറ്റെന്നു പരാതിപ്പെട്ടു. സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ അന്വേഷിക്കാതെയും അക്കാദമിക് കൗൺസിൽ കൂടാതെയും അങ്ങനെയൊരു തീരുമാനം എടുക്കാൻ ആകില്ലെന്ന് പ്രിൻസിപ്പൽ ശഠിച്ചു.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൗൺസിൽ കൂടാൻ തുടങ്ങുമ്പോൾ എസ്എഫ്ഐ പ്രവർത്തകർ അവിടെ ഇരച്ചു കയറിച്ചെന്നു. നടപടി എ‌ടുക്കാതെ കൗൺസിൽ കൂടേണ്ട എന്നായിരുന്നു വാദം. അവർ അവിടെ കുത്തിയിരുന്നു. അപ്പോൾ സ്റ്റാഫ് അഡ്വൈസറായ സിപിഎം സംഘടനാനേതാവ് എത്രയും വേഗം നടപടി എടുത്തില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നു പ്രിൻസിപ്പലിനെ ഉപദേശിച്ചു.തുടർന്നാണു നടപടി ഉണ്ടായത്. സിപിഎം സംഘടനാ നേതാക്കളാണ് എസ്എഫ്ഐക്കാരോടു കൗൺസിൽ യോഗത്തിൽ തള്ളിക്കയറാൻ നിർദേശിച്ചത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama