തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നങ്ങളുടെ പേരിൽ നഗരഹൃദയം വീണ്ടും സംഘർഷഭരിതം . ഹോസ്റ്റലിൽ താമസിക്കുന്ന കെഎസ്യു വിദ്യാർഥിയെ അവിടെ വർഷങ്ങളായി താമസിക്കുന്ന എസ്എഫ്ഐക്കാർ ആക്രമിച്ചതിനെത്തുടർന്നാണു വ്യാഴാഴ്ച പ്രതിഷേധം ആരംഭിച്ചത്. അന്നു മുതൽ നഗരത്തിന്റെ പ്രധാന വീഥിയായ എംജി റോഡ് ഏതാണ്ടു മരവിച്ച അവസ്ഥയിലായിരുന്നു.

മർദനത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കെഎസ്യു പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ആരംഭിച്ചപ്പോൾ തന്നെ എംജി റോഡിലെ ഗതാഗതം നിലച്ചു. കിഴക്കേകോട്ടയിൽ നിന്നു പാളയം ഭാഗത്തേക്ക് ഒരു വാഹനവും കടത്തിവിട്ടില്ല. ഒരു മണിക്കൂർ ഗതാഗതം തടഞ്ഞപ്പോൾ വാഹനങ്ങൾ തമ്പാനൂർ വഴി പാളയത്തേക്കു പോയി. മിനിറ്റുകൾക്കകം ഈ റോഡിൽ വാഹനങ്ങൾ നിറഞ്ഞു. ഗതാഗതനിയന്ത്രണത്തിന് പൊലീസ് എത്താത്തതിനാൽ ഇരുചക്രവാഹനയാത്രക്കാർ നടപ്പാതയിലൂടെ ‘സർവീസ്’ ആരംഭിച്ചു. ഇതോടെ കാൽനടയാത്രയും സാധിക്കാത്ത അവസ്ഥ വന്നു.

വൈകിട്ട് എസ്എഫ്െഎ ആക്രമണം
ഹോസ്റ്റലിലെ കെഎസ്യു പ്രവർത്തകന്റെ സർട്ടിഫിക്കറ്റുകൾ കത്തിക്കുകയും പണം മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണു വൈകിട്ട് 5നു കെഎസ്യുക്കാർ വീണ്ടും പ്രതിഷേധം ആരംഭിച്ചത്. ഇവർ യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ എത്തിയപ്പോൾ എസ്എഫ്ഐക്കാർ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. മിനിറ്റുകളോളും നീണ്ട കല്ലേറിൽ ഒട്ടേറെ വാഹനങ്ങൾക്കു കേടുപാടു സംഭവിച്ചു. തുടർന്ന് കെഎസ്യു പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മറ്റു കോൺഗ്രസ് നേതാക്കളും വന്നതോടെ സ്ഥിതി വഷളായി.
എസ്എഫ്ഐക്കാർ കോളജിൽ നിന്നിറങ്ങി റോഡിൽ കുത്തിയിരുന്നു. ഇരു വിഭാഗത്തെയും നീക്കം ചെയ്യാൻ പൊലീസ് തയാറായില്ല. രണ്ടു മണിക്കൂറോളമാണു റോഡ് സ്തംഭിച്ചത്. വൈകിട്ട് ഓഫിസിൽ നിന്നിറങ്ങിയവർക്കും വ്യാപാരസ്ഥാപനങ്ങളിലേക്കു പോകാൻ എത്തിയവർക്കും ചലിക്കാനാകാത്ത അവസ്ഥയായിരുന്നു.